ചരിത്രത്താളുകൾ പരിശോധിക്കുകയാണെങ്കിൽ പരിമിതിക്കുള്ളിൽ നിന്ന് ധാരാളം നേട്ടം കൊയ്തവരാണ് നമ്മുടെ മഹത്‌വ്യക്തികളിൽ പലരും. കൃഷിയിലും ഇതേ രീതിയിൽ പരിമിതിക്കുള്ളിൽ നിന്ന് നൂതന പരീക്ഷണം നടത്തി നേട്ടം കൊയ്ത ഒരു മികച്ച കർഷകനാണ് കൊട്ടാരക്കര കൃഷിമിത്രയിലെ ബാലചന്ദ്രൻ പിള്ള. വെർട്ടിക്കൽ ഫാമിംഗ് എന്ന ആധുനിക സാങ്കേതിക കൃഷിരീതി പലപ്പോഴും പോളിഹൗസുകളിലെ ഹൈടെക് ഫാമിംഗ് കൃഷിയിടങ്ങളിൽ ആണ് സുപരിചിതമായി കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ പ്രകൃതിയെ മനസ്സിലാക്കി കാലാവസ്ഥയ്ക്കനുസരിച്ച് ഉചിതമായ സമയത്ത് ശരിയായ രീതിയിൽ വ്യക്തമായ വീക്ഷണത്തോടെ ചെയ്യുകയാണെങ്കിൽ ഏതൊരു പറമ്പിലും പൊന്നു വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇവിടെ പാങ്ങോടുള്ള കൃഷിയിടത്തിൽ പച്ചക്കറിയുടെ ജൈവവേലികൾ നീണ്ടു നിവർന്നു നിൽക്കുന്നത് ഹരിത വർണ്ണകാഴ്ചയാണ്. ജൈവവേലി കാണുമ്പോൾ ഏതൊരാളുടെയും മനസ്സോടി പോകുന്നത് സാധാരണ പണക്കാരന്റെ വീടുകളിൽ മാത്രം കണ്ടുവരുന്ന പടർന്നു പന്തലിച്ചു കിടക്കുന്ന പച്ചപ്പാർന്ന പൂന്തോട്ടമാണ്. ഇവിടെ ഇടതൂർന്ന ഇളം പച്ച നിറത്തിലുള്ള പാവലും ഇടയ്ക്കിടയ്ക്ക് പുറമേക്ക് എത്തിനോക്കുന്ന മഞ്ഞ പുഷ്പങ്ങളും നിറഞ്ഞ ഹരിത മതിലാണ്. സാധാരണ കർഷകനും മനോഹരമായ ഒരു പൂന്തോട്ടം നിർമിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണിത്.
വെർട്ടിക്കൽ ഫാമിംഗ് കൃഷി രീതി
വായു സഞ്ചാരത്തിനും ഒരേപോലെ സൂര്യപ്രകാശം ലഭിക്കാനും പരാഗണം നടക്കാനും ഉത്തമമായ രീതിയാണ് പച്ചക്കറിയിലെ വെർട്ടിക്കൽ ഫാമിംഗ് കൃഷി രീതി. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വിളവ് ആണ് ഇതിന്റെ പ്രയോജനം . വിളയുടെ എല്ലാ ഭാഗത്തും ഒരേപോലെ സ്പ്രേയർ ഉപയോഗിച്ച് ജൈവവളങ്ങളും ജൈവ കീടനാശിനികളും തളിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. അതോടൊപ്പം ചെടിക്ക് ഉണ്ടാവുന്ന പോഷകപോരായ്മകളും കീടബാധകളും അപ്പപ്പോൾ തന്നെ മനസ്സിലാക്കി പരിഹരിക്കാൻ കഴിയും. 8000 സ്ക്വയർ മീറ്ററിൽ പുറമേ വളർത്തുന്ന പച്ചക്കറി 1000 സ്ക്വയർ മീറ്റർ ഉള്ള പോളിഹൗസിൽ വെർട്ടിക്കൽ ഫാമിംഗ് കൃഷിരീതിയിലൂടെ സാധിക്കുന്നു. പോളിഹൗസിൽ ലഭിക്കുന്നത് ചിന്നിച്ചിതറിയ സൂര്യപ്രകാശം ആകയാൽ നിഴലിന്റെ പ്രശ്‌നമില്ലാതെ കുത്തനെയുള്ള പച്ചക്കറി വേലിയുടെ എല്ലാ ഭാഗത്തും ഒരേപോലെ സൂര്യപ്രകാശം ലഭിക്കുന്നു. ഒരേ വണ്ണത്തിലും നീളത്തിലും സമാനമായ മികച്ച വിളവ് ലഭിക്കാൻ ഇത് സഹായിക്കുന്നു . ഏകദേശം എഴുപത് സെൻറീമീറ്റർ അകലത്തിൽ പൊക്കം കൂടിയ നീണ്ട കുത്തനെയുള്ള ധാരാളം ഒറ്റവരിക്കൾ നിലനിർത്താൻ സാധിക്കുന്നു.
തുറസ്സായ സ്ഥലത്തെ വെർട്ടിക്കൽ കൃഷിരീതി
ഈയൊരു മാതൃക മനസ്സിലാക്കി സ്വന്തമായ ആശയപ്രകാരം ഇതിൻറെ സാങ്കേതിക തത്വങ്ങൾ കൂടി അറിഞ്ഞു ആവിഷ്കരിച്ച ഒരു കൃഷിരീതിയാണ് ഇന്ന് പാവൽ കൃഷിയിൽ അദ്ദേഹം അവലംബിച്ചിരിക്കുന്നത്. പടർന്നുകയറുന്ന ഏതൊരു വിളയ്ക്കും പൊതുവേയുള്ള സ്വഭാവമാണ് ഉയരത്തിലേക്ക് പടരുക എന്നത്. നിലത്ത് പടരുന്നതിനേക്കാൾ കൂടുതൽ ആരോഗ്യത്തോടെ ഉയരത്തിലേക്ക് പടരുന്നു. ഈയൊരു തത്വം മനസ്സിലാക്കി സ്വതസിദ്ധമായ വളർച്ച ശൈലി അനുസരിച്ച് കുത്തനെ പന്തലൊരുക്കി ഒരു വെർട്ടിക്കൽ ഫാമിംഗ് കൃഷിരീതി പുനരാവിഷ്കരിച്ചിക്കുകയാണ്. ഏകദേശം 50 മീറ്റർ നീളവും ഏഴ് അടി പൊക്കവും വരുന്ന വലവിരിച്ച വേലികളാണ് അദ്ദേഹം ഇതിന് സജ്ജമാക്കിയത്. ഇങ്ങനെയുള്ള ഏകദേശം 8 ജൈവ വേലികൾ ഇവിടെയുണ്ട്. സൂര്യപ്രകാശം ആവോളം ലഭിക്കുന്ന വിശാലമായ കൃഷിയിടത്തിലാണ് ഇത് ചെയ്യുന്നത്. കൃഷി ചെയ്യുമ്പോൾ ഒരു വേലിയുടെ നിഴൽ എതിർവശത്തുള്ള വേലിയിൽ പതിക്കാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കി അഞ്ചു മീറ്റർ അകലത്തിലാണ് ഓരോ വേലിയും സജ്ജമാക്കിയിരിക്കുന്നത്.
പാവലിന്റെ പ്രത്യേകതകളും കൃഷിരീതിയും
ജൈവപുഷ്ടിയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ എല്ലാ മണ്ണിലും വളരുന്ന ഇനമാണ് പാവൽ . ഏഷ്യയിലെയും ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നന്നായി വളര്‍ന്നുവരുന്നു. കുറഞ്ഞത് 20 ഡിഗ്രിയും കൂടിയാല്‍ 30 ഡിഗ്രിയുമാണ് കയ്പയ്ക്കയ്ക്ക് അനുയോജ്യമായ താപനില. അന്തരീക്ഷ ഊഷ്മാവ് 18 ഡിഗ്രിയിലും കുറഞ്ഞാല്‍ ചെടിയുടെ വളര്‍ച്ച മുരടിക്കുകയും കായ് പിടിക്കുന്നത് കുറയുകയും ചെയ്യും. ഊഷ്മാവ് കൂടിയാല്‍ പെണ്‍പൂവുകള്‍ കൊഴിഞ്ഞുപോവും. മഴക്കാലത്ത് കീടങ്ങളുടെ ആക്രമണം രൂക്ഷമാവുന്നതിനാലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കളകളുടെ ആധിക്യവും പാവല്‍ കൃഷിയെ പ്രതികൂലമായി ബാധിക്കും. മണ്ണിന്റെ അമ്ലക്ഷാര സൂചിക 6നും 8നും ഇടയില്‍ നില്‍ക്കുന്നതാണ് അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് പാവല്‍ കൃഷിക്ക് അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയുളളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം കൃഷിയിടം.
നടീൽ സമയം
മെയ് -ആഗസ്റ്റ് സെപ്റ്റംബർ -ഡിസംബർ ജനുവരി -മാർച്ച് ആണ്
വിത്തും നടീൽ രീതിയും
പാവലിന് ഒരു സെന്റിന് 20-25 ഗ്രാം വിത്ത് മതിയാകും..കൃഷിയിടത്തിൽ രണ്ടു മീറ്റർ വീതിയിലും രണ്ടു മീറ്റർ നീളത്തിലും രണ്ടടി കുഴിയെടുക്കുക. സെന്റിന് ഒരു കിലോ ഡോളോ മൈറ്റും 100 കിലോ ജൈവവളവും ഇട്ട് കുഴി മൂടുക . അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ഇവ ഇടാം.മുളക്കാന്‍ അല്‍പ്പം പ്രയാസമുള്ളതാണ് പാവല്‍ വിത്തുകള്‍. പാകുന്നതിനു മുന്‍പ് 10-12 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടെന്ന് മുളച്ചു വരും . നേരിട്ട് തടത്തിലേക്ക് നടാവുന്നതാണ്. സീഡിംഗ് ട്രേ ഉപയോഗിച്ച് വിത്ത് മുളപ്പിച്ച്, തൈകളാക്കി രണ്ടാഴ്ച്ച കഴിഞ്ഞു പറിച്ചു നടാം.
വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ,ആവണക്കെണ്ണ ,വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ, മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം .കുഴിയെടുക്കുമ്പോള്‍ തന്നെ തടമൊന്നിന് 100 ഗ്രാം കുമ്മായപ്പൊടി/ഡോളമൈറ്റ് എന്നിവ ചേര്‍ത്ത് നേരിയ ഈര്‍പ്പം ഉറപ്പുവരുത്തി രണ്ടാഴ്ചയോളം വെറുതെ ഇടുന്നതും മണ്ണ് പാകപ്പെടാൻ നല്ലതാണ്.
.
രണ്ടാഴ്ചയോളം കഴിഞ്ഞ് മണ്ണ് പാകമായാൽ തടമൊന്നിന് 10 കി.ഗ്രാം അഴുകിപ്പൊടിഞ്ഞ ചാണകം, 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 10 ഗ്രാം വാം, 10 ഗ്രാം അസോ സ്പൈറില്ലം, 10 ഗ്രാം ഫോസ്ഫോ ബാക്ടീരിയ എന്നിവ ചേര്‍ത്തു നല്‍കാം. ഇരുപത്തിനാല് മണിക്കൂര്‍ നറുംപാലില്‍ മുക്കിയിട്ടതിന് ശേഷം വിത്തു വിതക്കുന്നതും നല്ല ഫലം നൽകും. കുതിര്‍ത്ത വിത്ത് സ്യൂഡോമൊണാസ് പൊടിയില്‍ മുക്കി നട്ടാല്‍ രോഗപ്രതിരോധ ശേഷിയും ലഭിക്കും.ഒരു തടത്തില്‍ അഞ്ച് വിത്തെങ്കിലും വിതച്ച് കരുത്തുള്ള 2, 3 ചെടികള്‍ മാത്രം നിലനിർത്താൻ ശ്രദ്ധിക്കണം.
നട്ട് 15 ദിവസം കഴിഞ്ഞ് 15 ഗ്രാം യൂറിയ, 50 ഗ്രാം മസൂറിഫോസ്,25 ഗ്രാം പൊട്ടാഷ് എന്നിവ മേല്‍വളമായി ചേര്‍ക്കാം. കൂടാതെ ആറിരട്ടി നേര്‍പ്പിച്ച ഗോമൂത്രം, 2% വളച്ചായ, പച്ചച്ചാണകം കലക്കിയ വെള്ളം എന്നിവയും തടത്തില്‍ ഒഴിച്ചുകൊടുക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ 2% വേപ്പെണ്ണ ബാര്‍സോപ്പ്-വെളുത്തുള്ളി എമല്‍ഷന്‍, 2% സ്യൂഡോമോണാസ് ലായനി എന്നിവ ഇലകളിലും തടത്തിലും തളിച്ചു കൊടുക്കാം.ഏകദേശം മൊത്തത്തിൽ 50 സെന്റ് പാവൽ കൃഷിയിൽ നിന്ന് 5 ടൺ വിളവ് ലഭിക്കും എന്നാണ് അദ്ദേഹത്തിൻറെ കണക്കുകൂട്ടൽ.
കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്.ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ, ഏത്തപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടി പൊട്ടാസ്യം ഉണ്ട്. ജീവകം ബി1, ബി2, ബി3 ,ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം ഇവയും പാവയ്ക്കയിൽ ഉണ്ട്. പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെയോ അതിലേറെയോ ഗുണം പാവയ്ക്ക ജ്യൂസിനുമുണ്ട്. ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ജ്യൂസിലുണ്ട്.
പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ
1. രക്തം ശുദ്ധീകരിക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാനും ചർമപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചർമത്തിലെ പാടുകൾ, മുഖക്കുരു, സോറിയാസിസ് മുതലായവ സുഖപ്പെടുത്തുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്.
2. ശരീരഭാരം കുറയ്ക്കുന്നു: കൊഴുപ്പിന്റെ ഉപാപചയത്തിനു സഹായിക്കുന്ന പിത്താശയ അമ്ലങ്ങൾ സ്രവിപ്പിക്കാൻ കരളിനെ ഉത്തേജിപ്പിക്കാൻ പാവയ്ക്കയ്ക്കും പാവയ്ക്കാ ജ്യൂസിനും കഴിവുണ്ട്. കൂടാതെ 100 ഗ്രാം പാവയ്ക്കയിൽ 17 കാലറി മാത്രമേ ഉള്ളൂ. ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് ഇതു കൊണ്ടുതന്നെ പാവയ്ക്ക മികച്ച ഒരു ചോയ്സ് ആണ്.
3. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു: പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ ശക്തിപ്പെടുത്തുന്നു. ദഹനത്തിനു സഹായിക്കുന്നു.
4. പ്രമേഹത്തിന്: പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈഡ് പി (Polypeptide P) എന്ന പ്രോട്ടീൻ ഉണ്ട്. ഇത് ഇൻസുലിന്റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.
5. മുഖക്കുരു അകറ്റുന്നു: മുഖക്കുരു അകറ്റാനും ചർമത്തിലെ അണുബാധകൾ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. തിളങ്ങുന്ന, ആരോഗ്യമുള്ള ചർമം സ്വന്തമാക്കാൻ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.
6. ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു.
പാവയ്ക്കയുടെ കയ്പ്പ് മാറണമെങ്കിൽ പാവയ്ക്ക ജ്യൂസിൽ അൽപം തേനോ ശർക്കരയോ ചേർത്ത് കഴിക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും പാവയ്ക്ക ജ്യൂസായി കുടിക്കുക. പാവയ്ക്കയിൽ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാവയ്ക്കയിൽ കലോറിയും ഫാറ്റും വളരെ കുറവാണ്. വെറും വയറ്റിൽ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. തുടർച്ചയായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.
മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കും..മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടി പൊട്ടാതെയും മുടി തഴച്ച് വളരാനും സഹായിക്കും. ദിവസവും പാവയ്ക്കയുടെ നീരും നാരങ്ങ നീരും ചേർത്ത് 30 മിനിറ്റ് തലയിൽ മസാജ് ചെയ്യുന്നത് താരൻ, മുടികൊഴിച്ചിൽ, എന്നിവ മാറ്റാൻ ഉത്തമമാണ്.
കരളിനെ സംരക്ഷിക്കും...കരളിനെ സംരക്ഷിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. ഫാറ്റി ലിവർ പ്രശ്നമുള്ളവർ ദിവസവും പാവയ്ക്ക വെറും വയറ്റിൽ കഴിക്കുകയോ ജ്യൂസായി കുടിക്കുകയോ ചെയ്യാം. .
കണ്ണിനെ സംരക്ഷിക്കും... വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് കാഴ്ച്ചശക്തി വർധിപ്പിക്കാൻ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. പാവയ്ക്ക നീരും തേനും ചേർത്ത് കണ്ണിന് ചുറ്റും പുരട്ടിയാൽ കറുത്തപാട് മാറും