എന്താണ് ബ്ലാക്ക് ഫംഗസ് :ബ്ലാക്ക് ഫംഗസിനെ ഭയപ്പെടേണ്ടതില്ല" ഭയപ്പെടേണ്ടതില്ല. What is black fungus
ഡോ ഇഖ്ബാൽ എഴുതുന്നു
കോവിഡ് രോഗികളിലും രോഗം ഭേദമായവരിലും കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 2000 പേരെ രോഗം ബാധിച്ചെന്നും 52 പേർ മരണമടഞ്ഞെന്നും ചിലർക്ക് കാഴ്ചനഷ്ടപ്പെട്ടെന്നും ഡൽഹിയിലും രോഗം ഒട്ടേറെപ്പെരെ രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങളിൽ ഭീതിപടർന്നു പിടിച്ചിരിക്കയാണ്.
യഥാർത്ഥത്തിൽ ഇതൊരു പുതിയ രോഗമല്ല, മ്യൂക്കർ മൈസീറ്റ്സ് (Mucormycetes) എന്ന ഫംഗ്സ് (Fungus) മൂലമൂണ്ടാകുന്ന മൂക്കർ മൈക്കോസിസ് (Mucormycosis) എന്ന രോഗമാണിത്. . ഒരുതരം പൂപ്പൽ രോഗബാധയെന്ന് പറയാം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ. കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക.
പ്രത്യേകിച്ച് മൂക്കിന് ചുറ്റും കറുത്ത നിറം കാണുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന പേരിലറിയപ്പെട്ടത്.
നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവർ, സ്റ്റിറോയ്ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങൾമൂലവും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിലാണ് ഫംഗസ് രോഗമുണ്ടാവാൻ സാധ്യതയുള്ളത്.
ദീർഘകാലം ആശുപത്രിയിൽ പ്രത്യേകിച്ച് ഐ സി യുവിൽ കഴിയുന്നവർക്കുണ്ടാകുന്ന ആശുപത്രിജന്യ രോഗാണു ബാധയിൽ (Nosocomial Infection) പെടുന്നതാണ് മ്യൂക്കർ മൈക്കോസിസ്.
കോവിഡ് രോഗം മൂർച്ചിക്കുന്നവരിൽ കൂടുതലും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡ് നൽകേണ്ടി വരുന്നതുമാണ് ബ്ലാക്ക് ഫംഗസ് രോഗം കോവിഡ് രോഗികളിൽ കണ്ടു തുടങ്ങാനുള്ള പ്രധാന കാരണങ്ങൾ.
പ്രമേഹ രോഗികളായ കോവിഡ് രോഗികളിലെ പ്രമേഹം നിയന്ത്രിക്കാനും സ്റ്റിറോയിഡ് മരുന്നുകൾ ഉചിതമായ സമയത്ത് മാത്രം നൽകാനും ശ്രദ്ധിച്ചാൽ മ്യൂക്കർ മൈക്കോസിസ് ഒഴിവാക്കാൻ കഴിയും.
ഇപ്പോൾ ലഭ്യമായിട്ടുള്ള ഫലപ്രദമായ ആധുനിക ആന്റി ഫംഗൽ മരുന്നുകളുപയോഗിച്ച് മൂക്കർ മൈക്കോസിസ് ചികിത്സിച്ച് ഭേദപ്പെടുത്താനും കഴിയും .
കേരളത്തിൽ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വരുന്നതിനാൽ അപൂർവമായി മാത്രമാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ളത്.