നീർബ്രഹ്മി' എന്നും വിളിപ്പേരുള്ള ഈ ലഘു സസ്യം വെള്ളമുള്ള ചെളിക്കുണ്ടിലും ജലാശയങ്ങളുടെ തീരത്തുമാണ് സ്വാഭാവികമായി കണ്ടു വരുന്നത്. നിലംപറ്റി ധാരാളം ശാഖകളുമായി വളരുന്ന ബ്രഹ്മി ഒരു ഏകവർഷ ഔഷധിയാണ്. ശാഖകളുടെ മുട്ടുകളിൽ നിന്നും വേരുകൾ ഉണ്ടായി വരുന്നു. തടിച്ച പ്രകൃതമുള്ള ഇലകൾക്ക് 2-4 സെ.മീ. നീളവും ഒരു സെ.മീ. വീതിയുള്ളതുമാണ്.
ഇലകളുടെ അടിഭാഗത്ത് കറുത്ത അടയാളങ്ങളുമുണ്ട്. മുകൾഭാഗത്ത് ചിലപ്പോൾ ഞരമ്പുകൾ തെളിഞ്ഞു കാണാറില്ല. ഇലകളുടെ മുട്ടുകളിൽ നിന്നുമാണ് പൂക്കൾ ഉണ്ടായി വരിക. പൂക്കൾക്ക് ഇളം നീലനിറമോ വെള്ളനിറമോ ആയിരിക്കും. ഫലം പൂവിന്റെ ബാഹ്യകവചമായ 'ബ്രാക്റ്റുകൾ'ക്കുള്ളിലാണ് കാണപ്പെടുക
ഔഷധപ്രാധാന്യം
ബ്രഹ്മിനീരിൽ വയമ്പു പൊടിച്ചിട്ട് തേനും കൂടി സേവിച്ചാൽ അപസ്‌മാരം മാറിക്കിട്ടും.
കുട്ടികളിലെ ബുദ്ധിവികാസത്തിന് ബ്രഹ്മിയില വാട്ടിപ്പിഴിഞ്ഞ നീരിൽ പച്ചമഞ്ഞൾ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.
5-10 മില്ലി ബ്രഹ്മിനീര് അത്രയും വെണ്ണയോ, നെയ്യോ ചേർത്ത് പതിവായി രാവിലെ കുട്ടികൾക്കു കൊടുത്താൽ ബുദ്ധിശക്തി വർദ്ധിക്കും.
ബ്രഹ്മിനീരിൽ ആവണക്കെണ്ണ ചേർത്ത് കൊട്ടം അരച്ചു കലക്കി കാച്ചിയ തൈലം മസ്തിഷ്‌കബലത്തിനും മുടി വളരാനും നല്ലതാണ്.
ദിവസവും ബ്രഹ്മി ചേർത്തു കാച്ചിയ എള്ളെണ്ണ തേച്ചു കുളിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ദിവസവും കുറച്ചു ബ്രഹ്മി പാലിൽ ചേർത്തു കുടിച്ചാൽ ജരാനരകളകറ്റി ദീർഘായുസ് ലഭിക്കും.
ബ്രഹ്മി, പച്ചമഞ്ഞൾ, പാവയ്ക്ക ഇല ഇവ സമം ചതച്ച് നീരെടുത്ത് അര ടീസ്‌പൂൺ വീതം കുട്ടികൾക്ക് കഴിക്കുവാൻ കൊടുത്താൽ ദഹനക്കേടു മാറും. കുട്ടികളിലെ വയറിളക്കത്തിന് ബ്രഹ്മി കുത്തിപിഴിഞ്ഞ് നീര് നാവിൽ തൊട്ടു കൊടുത്താൽ മതിയാകും.
ക്ഷയരോഗത്തിന് ഔഷധമായി ബ്രഹ്മി അരച്ച് പശുവിൻ പാലിൽ ചേർത്ത് കുടിച്ചാൽ മതിയാകും.
ഒരു പിടി ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ് 1/2 ടീസ്‌പൂൺ തേൻ ചേർത്തു കഴിക്കുന്നത് അമിത വണ്ണത്തിന് പ്രതിവിധിയാണ്.
ബ്രഹ്മിനീരിൽ ശംഖുപുഷ്‌പവേര്, വയമ്പ്, കൊട്ടം ഇവ കൽക്കമാക്കി പഴയ നെയ്യിൽ കാച്ചി കഴിക്കുന്നത് ഓർമ്മക്കുറവ് മാറുവാൻ ഗുണം ചെയ്യും.
ബ്രഹ്മിനീര് കുട്ടികൾക്കുണ്ടാകുന്ന മലബന്ധത്തിന് ഫലപ്രദമാണ്