ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കാൽസ്യം വളരെ പ്രധാനമാണ്. ഇത് എല്ലുകളുടെ ആരോഗ്യം, പേശികളുടെ സങ്കോചം, നാഡികളുടെ പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്നു. കുട്ടിക്കാലം മുതൽ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഭാഗമായി മാറിയ ഒരു അവശ്യ ധാതുവാണ് കാൽസ്യം. മതിയായ കാൽസ്യം കഴിക്കുന്നത് ആരോഗ്യമുള്ള എല്ലുകളും, പല്ലുകളും ലഭിക്കുന്നതിന് കാരണമാവുന്നു.
കാൽസ്യം, ശരീരത്തിൽ പേശികളുടെ സങ്കോചത്തെയും വിശ്രമത്തെയും പിന്തുണയ്ക്കുന്നു. ഇവ കൂടാതെ കാൽസ്യം ശരിയായ നാഡീ പ്രവർത്തനത്തിനും, മികച്ച അസ്ഥി സാന്ദ്രതയും ഉറപ്പാക്കുന്നു. കാൽസ്യത്തിന്റെ ദൈനംദിന ആവശ്യകത ഓരോ വ്യക്തിക്കും ഒരുപോലെയല്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. പ്രായം, ലിംഗഭേദം, ആരോഗ്യസ്ഥിതി, നിലവിലെ അസ്ഥികളുടെ ആരോഗ്യം എന്നിവ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ നിങ്ങളുടെ ദൈനംദിന കാൽസ്യം അളവ് നിർണ്ണയിക്കാൻ സഹായിക്കുന്നു. പാലും മറ്റ് പാലുൽപ്പന്നങ്ങളും ഒഴികെയുള്ള കാൽസ്യത്തിന്റെ വിവിധ സ്രോതസ്സുകളെക്കുറിച്ച് പലർക്കും അറിയില്ല. എന്നിരുന്നാലും, പാലിനേക്കാൾ കൂടുതൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളുണ്ട്, മാത്രമല്ല നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും കഴിയും.
കാൽസ്യത്തിന്റെ ഭക്ഷണ സ്രോതസ്സുകൾ:
1. എള്ള്:
ഒരു ടേബിൾ സ്പൂൺ എള്ളിൽ 88 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഈ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, വിറ്റാമിൻ ബി തുടങ്ങി വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എള്ള് പല തരത്തിൽ ഭക്ഷണത്തിൽ ചേർക്കാം. ലളിതമായി പറഞ്ഞാൽ സാലഡ്, ബ്രെഡ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ എല്ലാം എള്ള് ചേർക്കാവുന്നതാണ്.
2. ബദാം:
ദിവസവും 5 മുതൽ 6 ബദാം വരെ കഴിക്കുന്നത് പല തരത്തിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ഹൃദയത്തിന് മാത്രമല്ല, എല്ലുകൾക്കും പേശികൾക്കും വളരെ നല്ലതാണ്. ബദാം ഒരു വ്യക്തിയ്ക്ക് ആവശ്യമായ കാൽസ്യം, വിറ്റാമിൻ ഇ, പ്രോട്ടീൻ, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ പ്രദാനം ചെയുന്നു.
3. ചീര:
ചീര ഇലക്കറികളിൽ ഒന്നാണ്. ഇരുമ്പ്, ഫൈബർ കാൽസ്യം, ഫോളിക് ആസിഡ് എന്നിവയുടെയും മറ്റും മികച്ച ഉറവിടമാണ് ചീര. ഭക്ഷണത്തിൽ ചീര ചേർക്കുന്നത് ആളുകളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
4. ചിയ സീഡ്‌സ്:
ചിയ സീഡ്‌സ് വളരെ പോഷകഗുണമുള്ളതാണ്. ഈ വിത്തുകളിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്, അതോടൊപ്പം ഇത് ശരീരഭാരം കുറയ്ക്കാൻ വളരെ അനുയോജ്യമാണ്. ചിയ സീഡ്‌സ് കഴിക്കുന്നത് ഭക്ഷണത്തിൽ നല്ല അളവിൽ കാൽസ്യം ലഭിക്കുന്നതിന് സഹായിക്കും.
5. അത്തിപ്പഴം:
അത്തിപ്പഴം കഴിക്കുന്നത് ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. അത്തിപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധവും ഉയർന്ന രക്തസമ്മർദ്ദവും തടയാൻ സഹായിക്കുന്നു. അത്തിപ്പഴത്തിൽ നാരുകൾ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവയും അതിലേറെ പോഷകഗുണങ്ങൾ അടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ചേർത്താൽ മാത്രം പോരാ, അതോടൊപ്പം തന്നെ ശരീരത്തിൽ കാൽസ്യം നന്നായി ആഗിരണം ചെയ്യുന്നതിന്, ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം. സൂര്യപ്രകാശം വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ്.
ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മർദമുണ്ടോ? പൈനാപ്പിൾ കഴിക്കാൻ തുടങ്ങിക്കൊള്ളൂ!
Pic Courtesy: Pexels.com