ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിലേക്ക് ചുരുങ്ങിയ മനുഷ്യസമൂഹം ഏറ്റവും കൂടുതൽ അഭിമുഖീകരിച്ചത് മാനസിക പ്രശ്നങ്ങൾ തന്നെയായിരുന്നു. ജോലി നഷ്ടപ്പെട്ടതും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നപ്പോഴും, ഏകാന്തതയും ഭാവിയിലെ പ്രതീക്ഷകൾക്ക് വിനയായുള്ള കൊവിഡ് വ്യാപനവും അങ്ങനെ പല പല കാരണങ്ങൾ മനുഷ്യന്റെ മാനസിക ആരോഗ്യത്തെയും സുസ്ഥിരമായ പ്രവർത്തനത്തെയും ബാധിച്ചുവെന്ന് തന്നെ പറയാം.
ഈ കാലയളവിൽ ഒരുപാട് ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മാനസിക പ്രതിസന്ധി തന്നെയാണ് ഇവയിൽ മിക്കവയിലേക്കും വിരൽ ചൂണ്ടുന്നതും. അതിനാൽ തന്നെ ലോക്ക് ഡൗണ്‍ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് വിഷാദ രോഗം.
മാനസിക സമ്മർദങ്ങൾ മാത്രമല്ല വിഷാദ രോഗത്തിന് കാരണമെന്ന് അടക്കമുള്ള വിശാലമായ ചർച്ചകൾ ഉരുത്തിരിയുന്നതിനും ലോക്ക് ഡൗണ്‍ വഴിയൊരുക്കി. വിഷാദരോഗത്തിന് ഏറ്റവും മികച്ച മാർഗം ഒരു ആരോഗ്യ വിദഗ്ധനെ സമീപിച്ച് അതിനുള്ള പ്രതിവിധികൾ കണ്ടെത്തുക എന്നത് തന്നെയാണ്. എന്നാലും ഈ വിഷാദരോഗങ്ങളെ ചെറിയ രീതിയിൽ ചെറുത്തുനിൽക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് എന്നറിയാമോ?
കേരളത്തിന്റെ സ്വന്തം ഏലയക്കയാണ് ഇതിന് പരിഹാരം. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഏലയ്ക്ക. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു. എന്നാൽ മനസിനെ സ്വാധീനിക്കാൻ ഏലയ്ക്കക്ക് എങ്ങനെ സാധിക്കുമെന്നത് നോക്കാം.
ഏലയ്ക്ക പൊടിച്ചതിന് ശേഷം ദിവസേന ചായയില്‍ ചേർത്ത് കുടിച്ചാൽ മാനസിക ആരോഗ്യം പരിപോഷിപ്പിക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതുവഴി നമ്മുടെ വിഷാദരോഗങ്ങളും മാനസിക സമ്മർദങ്ങളും മറികടക്കാവുന്നതാണ്.
ഏലയ്ക്ക ചേർത്ത് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഗുണകരമാണ്. ഇത് ആസ്തമ പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ ശമിപ്പിക്കും. ദിവസവും ഏലയ്ക്കയിട്ട ചൂടുവെള്ളം കുടിയ്ക്കുന്നതിലൂടെ കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളും അകറ്റാൻ സാധിക്കും.
ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഏലയ്ക്ക ഫലപ്രദമാണ്. ഇതിൽ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗ്യാസ് ട്രബിളും മറ്റും ഉണ്ടാകുമ്പോൾ ഏലയ്ക്ക ചേർത്ത വെള്ളം കുടിയക്കാം. ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഏലയ്ക്ക ഉപകാരിയാണ്. ലൈംഗികശേഷി വർധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് ഏലയ്ക്കയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കാരണം ഇവ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മഹാമാരിയുടെ കാലത്ത് പനിയും ജലദോഷവും വരാതെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഏലയ്ക്ക വെള്ളം ദൈനംദിനം കുടിയ്ക്കുന്നത് ജലദോഷം, തൊണ്ട വേദന പോലുള്ള ആരോഗ്യപ്രശ്നങ്ങളെ തടയും. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ഇത്തിരിക്കുഞ്ഞനായ ഏലയ്ക്ക സഹായിക്കുന്നു. ശൈത്യകാലത്ത് നമ്മളെ അലട്ടുന്ന ത്വക്ക് രോഗങ്ങൾക്ക് പോലും പ്രതിവിധിയാണ് ഈ സുഗന്ധവ്യജ്ഞനം.
ബന്ധപ്പെട്ട വാർത്തകൾ: ദഹനത്തിനും കൊളസ്ട്രോൾ, പ്രമേഹ പ്രശ്നങ്ങൾക്കും ഏലയ്ക്ക പാനീയങ്ങൾ
ഏലയ്ക്ക ചേർത്തുള്ള പാനീയങ്ങൾ കുടിക്കുന്നത് ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചർമത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായിക്കും.