കശുമാങ്ങ, പറങ്കിമാങ്ങ എന്നീ നാമങ്ങളിൽ അറിയപ്പെടുന്ന ഈ ഫലം പോർട്ടുഗീസ്കാരാണ് നമുക്ക് പരിചയപ്പെടുത്തി തന്നത്.
തെക്കേ അമേരിക്കയിൽ ബ്രസീൽ ആണ് ഇതിൻറെ ജന്മദേശം. എന്നാൽ ഇന്ന് അധികമായി കാണുന്നത് ആഫ്രിക്കൻ നാടുകളിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കശുമാവ് കൃഷി കേരളത്തിലാണ് അധികം.
ഈ വൃക്ഷം പത്തുപന്ത്രണ്ട് മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരാറില്ല. കശുമാവിന്റെ പൂങ്കുല മാവിന്റെ പോലെ തന്നെയാണ്. അനവധി ചെറു പുഷ്പങ്ങളോട് കൂടിയ പൂങ്കുലയിൽ ആൺപൂക്കളും ദുലിംഗ പുഷ്പങ്ങളും കാണാം.
പറങ്കിമാങ്ങയെ ഉദ്യാന കൃഷി ശാസ്ത്രത്തിൽ പഴമായി പറയപ്പെടുന്നുണ്ടെങ്കിലും സസ്യ ശാസ്ത്രപരമായി പറങ്കിയണ്ടി ആണ് യഥാർത്ഥത്തിൽ പഴം. ആരോഗ്യപരമായി നോക്കുമ്പോൾ രണ്ടും ഗുണവത്താണ്. പഴുത്ത കശുമാങ്ങ വിറ്റാമിൻ സി യുടെ കാര്യത്തിൽ മോശമല്ല. ഈ പഴത്തിന്റെ നീര് കാച്ചിയെടുക്കുന്ന ഒരൗൺസ് ദ്രാവകത്തിൽ ഏതാണ്ട് 120 മില്ലിഗ്രാം ജീവകം c കാണാവുന്നതാണ്. ഛർദ്ദിക്കും അതിസാരത്തിനും ശമനം ലഭിക്കാൻ ഈ ദ്രാവകം മിതമായി ഉപയോഗിക്കുന്നത് നന്ന്. കർപ്പൂരാസവം ഉണ്ടാക്കുവാൻ തെങ്ങിൻ ചാരായത്തിനുപകരം ഈ ദ്രാവകം ഉപയോഗിച്ചാൽ കൂടുതൽ ഗുണപ്രദമായിരിക്കും. കോളറായുടെ ആരംഭഘട്ടത്തിൽ ഈ ദ്രാവകം കൊണ്ടുമാത്രം അസുഖം മാറ്റാവുന്നതാണ്.
പറങ്കിമാങ്ങയുടെ നീരു തന്നെ പൊതുവേ ഗാസ്ട്രോ എൻട്രൈറ്റിസിന് ഔഷധമായി പ്രയോജനപ്പെട്ടു കാണുന്നുണ്ട്.
പഴുക്കാത്ത മാങ്ങ ചിലരിൽ ഛർദ്ദി ഉണ്ടാക്കിയേക്കാം. എന്നാൽ പഴുത്തത് ഛർദ്ദി ശമിപ്പിക്കുകയും ചെയ്യും.
ആത്യുഷണകാലത്ത് ഉണ്ടാകുന്ന ഈ ഫലത്തിന് ചൂട് കൊണ്ടുണ്ടാകുന്ന പല അസുഖങ്ങളെയും സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്. വിറ്റമിൻ സി അധികമുള്ള ഇത് ശരീരത്തിന് രോഗപ്രതിരോധശക്തി നൽകുകയും പകർച്ചവ്യാധികളെ അകറ്റുകയും ചെയ്യും.
വളരെ കൂടുതൽ പഴ നീരും തീരെ കുറച്ചു മാത്രം ചണ്ടിയും ഉള്ള ഒരു ഫലമാണ് കശുമാങ്ങ.
നിറം, മണം, രുചി എന്നിവയിലും അത് മറ്റൊന്നിനും പിന്നിലല്ല. ടാനിൻറെയും എണ്ണയുടെയും അതിന് ചവർപ്പു രസം നൽകുന്നത്. കശുമാങ്ങയിലുള്ള ധാതുലവണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ കാൽസ്യം, ഇരുമ്പ് എന്നിവയാണ്.
കശുമാമ്പഴത്തിൻറെ ഔഷധഗുണവും അളവറ്റതാണ്. നീരിൻറെ ഗുണങ്ങളിൽ പ്രാധാന്യമർഹിക്കുന്നത് അതിൻറെ ദീപനശക്തി ആണ്. കശുമാമ്പഴം കൊണ്ട് സ്വാദിഷ്ടമായ പലതരം പദാർത്ഥങ്ങളും ഉണ്ടാക്കാം. കാഷ്യു ആപ്പിൾ ജ്യൂസ്, കാഷ്യു ആപ്പിൾ കാന്ഡി ജാം, ചട്ണി, അച്ചാർ എന്നിവ ഉണ്ടാക്കി വരുന്നു. കശുമാമ്പഴം ടിന്നുകളും ഇപ്പോൾ ലഭിക്കുന്നു.
ഗോവക്കാർ ഫെനി എന്ന് പറയപ്പെടുന്ന മദ്യം ഉണ്ടാക്കുന്നുണ്ട്. ഈ വിശേഷ മദ്യം അവരുടെ ദേശീയപാനീയം ആകുന്നു. ഫെനിയും കൊഞ്ചും നല്ല ചേർച്ചയാണ്.
കശുമാമ്പഴം കൊണ്ട് സ്ക്വാഷ് ഉണ്ടാക്കാം.
നല്ലതുപോലെ മൂത്ത് പഴുത്ത വലിയ കശുമാങ്ങ തെരഞ്ഞെടുത്തു ശുദ്ധജലത്തിൽ കഴുകി 10 മിനിറ്റോളം ആവിയിൽ വേവിക്കുക. പിന്നീട് അതെടുത്ത് തണുത്ത വെള്ളത്തിൽ മുക്കി ഇടണം. ഇപ്രകാരം ചെയ്യുന്നത് പഴത്തിന് മാർദവം ലഭിക്കാനും അതിൻറെ ചവർപ്പ് കളയാനും ആണ്. പിന്നീട് അവ പിഴിഞ്ഞരിച്ച് ചാറ് എടുക്കുക. ഒരു കിലോ ചാറിന് ഒന്നര കിലോ പഞ്ചസാര, മുകാൽകിലോ ശുദ്ധജലം, 30 ഗ്രാം സിട്രിക് ആസിഡ് എന്നിവ എടുക്കണം.
വെള്ളം, പഞ്ചസാര, സിട്രിക് ആസിഡ് എന്നിവ തിളപ്പിച്ചു കുടിക്കാനാണ് രൂപത്തിൽ ആകുമ്പോൾ കശുമാങ്ങാ നീര് ഒഴിച്ച് സോഡിയം ബെൻസോയേറ്റ്, 715 മില്ലിഗ്രാം കളർ, എസൻസ് എന്നിവ ചേർക്കുക.
പറങ്കിമാങ്ങയുടെ നീര് വിനാഗിരി ഉണ്ടാക്കാൻ നല്ലതാണ്. ഇത് മറ്റ് വിനാഗിരിയെക്കാൾ നല്ലതുമായിരിക്കും. കശുവണ്ടിപ്പരിപ്പിന്റെ സ്വാദിനെക്കുറിച്ച് എല്ലാവർക്കും നല്ലത് പോലെ അറിയാം.
എന്നാൽ അതിലടങ്ങിയിട്ടുള്ള പോഷകാംശങ്ങളെ കുറിച്ച് ചുരുക്കം പേർക്ക് അറിയാവൂ.
100 ഗ്രാം അണ്ടിപ്പരിപ്പിൽ 21.2 മില്ലി ഗ്രാം മാംസ്യം അടങ്ങുന്നു. കാൽസ്യം 50 മില്ലി ഗ്രാം, ഇരുമ്പ് 5 മില്ലിഗ്രാം, തയാമിൻ 0.63 മില്ലിഗ്രാം, റിബോഫ്ളാവിൻ 2.1 മില്ലിഗ്രാം, വിറ്റാമിൻ എ 100 എന്നിവയാണ്. കലോറി താപം 596.
വിറ്റാമിൻ സി ആണ് തലച്ചോറും സിരകളും പ്രവർത്തനനിരതം ആക്കുന്നത്.
ഹൃദയം, കരൾ, ദഹനേന്ദ്രിയ മാംസപേശികൾ, എന്നിവ സുരക്ഷിതവും സുശക്തം ആക്കുന്നതും ഈ വിറ്റാമിനാണ്. എല്ലാറ്റിനും പുറമേ ഭക്ഷണങ്ങളുടെ ദഹനക്രമം നിയന്ത്രിക്കുന്നതും ഇതാണ്. വിറ്റാമിൻ ബി മിശ്രിതത്തിലെ മൂന്ന് പ്രധാന ഘടകങ്ങളായ തയാമിൻ, നിയാസിൻ, റിബോഫ്ളാവിൻ എന്നിവ അണ്ടിപ്പരിപ്പിൽ ഉണ്ട്. അതിനാൽ അവയുടെ അഭാവത്തിൽ ഉണ്ടായേക്കാവുന്ന അസുഖങ്ങൾക്ക് ഈ ഉത്തമ ഔഷധമായി നിലകൊള്ളുന്നു.
ആഹാരത്തിൽ തയാമിന്റെ കുറവ് വളരെക്കാലം ഉണ്ടാകുമ്പോൾ ബെറിബെറി എന്ന രോഗം ഉണ്ടാകാം.
വിശപ്പില്ലായ്മ, കൈകാലുകൾക്ക് തളർച്ച, ശ്വാസകോശത്തിനും ഹൃദയ പേശികൾക്കും ഉണ്ടാകുന്ന ബലഹീനത എന്നീ രോഗങ്ങളിൽ നിന്ന് രക്ഷ നേടുവാൻ തയാമിൻ ആവശ്യമാണ്. ഒരാൾക്ക് ഒരു ദിവസം സുമാർ 0.8- 2.4 മില്ലിഗ്രാം തയാമിൻ ആവശ്യമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അണ്ടിപ്പരിപ്പിൽ നിന്ന് നേടാവുന്നതാണ് ഇത്.
ഉപാപചയക്രിയകളിൽ നീയാസീൻ അഥവാ നിക്കോട്ടിനിക് ആസിഡിന് പങ്കുണ്ട്. ഇതിൻറെ അഭാവത്തിൽ പെല്ലാഗ്ര എന്ന രോഗം ഉണ്ടാകാം. നാക്കിൽ ഉണ്ടാകുന്ന വ്രണം, വയറിളക്കം എന്നിവ ഇതിൻറെ ലക്ഷണങ്ങൾ ആയിരിക്കും.
റിബോഫ്ളാവിന്റെ അപര്യാപ്തതമൂലം വായുടെ കോണുകളിൽ ചൊറിയും കണ്ണിലെ ചുവപ്പും ഉണ്ടാകുന്നു. മേൽപ്പറഞ്ഞ തകരാറുകൾ തടുക്കാൻ അണ്ടിപ്പരിപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. കിസ്മിസും അണ്ടിപ്പരിപിപ്പും സമം ബദാംപരിപ്പ് അത്താഴത്തിനു ശേഷം കഴിച്ച് ദിവസേന പശുവിൻപാൽ തുടർച്ചയായി കുറച്ചുനാൾ കഴിക്കുക.
കുട്ടികൾക്ക് അണ്ടിപ്പരിപ്പ് ദിവസേന ദഹനത്തിന് അനുസരിച്ചു നൽകിയാൽ വിരയുടെ ശല്യം അലട്ടുകയില്ല. അണ്ടിപ്പരിപ്പിൽ ഉള്ള എണ്ണയ്ക്കാണ് ഈ ഗുണമുള്ളത്.
സോയാപയറിൽ നിന്നെന്നപോലെ അണ്ടിപ്പരിപ്പിൽ നിന്നും വിശേഷപ്പെട്ട പാലും തൈരും വെണ്ണയും വികസിതരാജ്യങ്ങളിൽ ഉണ്ടാക്കി വരുന്നുണ്ട്.
പോഷക കാര്യത്തിൽ കശുവണ്ടി പാൽ പശുവിൻ പാലിനേക്കാൾ ഗുണകരമാണ്.
കശുവണ്ടിയുടെ പുറംതോടിലുള്ള സമൃദ്ധമായ എണ്ണയ്ക്ക് വ്യവസായിക തലത്തിൽ നല്ല പ്രാധാന്യമുണ്ട്.
ഈ എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മിതിക്കും മരം സീസൺ ചെയ്യുന്നതിനും ഉപകരിച്ചു വരുന്നുണ്ട്. ബോട്ടിന്റെയും തോണിയുടെയും അടിയിൽ തേക്കുവാനും ടാർപ്പോളിൻ ഉണ്ടാക്കുവാനും ഇത് ഉപയോഗിക്കുന്നു.
പറങ്കിമാവിൻറെ ഇതര ഭാഗങ്ങൾക്കും ഔഷധഗുണങ്ങളുണ്ട്.
വ്രണങ്ങൾ ഉണങ്ങുവാൻ ഒരു ചികിത്സാ വിധി; പറങ്കിമാവിൻ പട്ടയുടെ നീരും കുന്തിരിക്കവും പുകയിറയും കൽക്കം ആയി വെളിച്ചെണ്ണ കാച്ചി അരച്ച് തേക്കുക എന്നതാണ്. ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക്, ഛർദ്ദി ഉണ്ടാകാറുണ്ട്. ഇപ്രകാരം അനുഭവപ്പെടുമ്പോൾ പറങ്കിമാവിൻറെ തളിരില വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്.
പ്രമേഹത്തിനും ഒരു വിധി കാണുന്നുണ്ട്.
കശുമാവിൽ ഉണ്ടാകുന്ന ഇത്തിക്കണ്ണി കത്തിച്ച് എടുത്ത ഭസ്മം 5 ഗ്രാം വീതം ഒന്നര ഔൺസ് ശുദ്ധജലത്തിൽ കലക്കി ഊറുമ്പോൾ തെളിയൂറ്റി എടുത്ത് അതിൽ തേൻ ചേർത്ത് ഉച്ചയ്ക്ക് ഭക്ഷണ ശേഷം കഴിക്കുക.
പൊതുവേ അണ്ടിപ്പരിപ്പ് 50 ഗ്രാം വീതം ദിവസേന കഴിക്കുന്നത് പ്രത്യേകിച്ച് വർഷകാലങ്ങളിൽ ഒരു ഉത്തമ ടോണികിന്റെ ഗുണം ചെയ്യും. ഇതിലെ പ്രോട്ടീൻ മാംസത്തിൽ ഉള്ളതിനേക്കാൾ നല്ലതും വേഗത്തിൽ ദഹിക്കുന്നതും ആണ്.
വീട്ടമ്മമാർക്ക് ഒരു വിശേഷക്കുറിപ്പ്:
അണ്ടിപ്പരിപ്പ് ഉപ്പും കുരുമുളകും ചേർത്ത് പൊടിച്ച് തനിച്ചും കറികളിൽ ചേർത്തും വിളമ്പാവുന്നതാണ്.