പറങ്കിയണ്ടി ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന ജീവകങ്ങളടങ്ങിയിട്ടുണ്ട്. ഈ ഔഷധാഹാരം മദ്യലഹരിയെ നിയന്ത്രിക്കുന്നതിനും രക്തപരിവാഹത്തെ ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.
ഹൃദ്രോഗികൾ 12 പറങ്കിയണ്ടിപ്പരിപ്പ് ദിവസവും ചവച്ചരച്ചു തിന്നുന്നത് നന്നാണ്. അമുക്കുരവും അണ്ടിപ്പരിപ്പും പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ചു ദിവസവും ഓരോ സ്പൂൺ വീതം തേനിൽ ചാലിച്ചു കഴിക്കുന്നത്. ലൈംഗികക്ഷീണത്തെ അകററും. എള്ള്, ഉഴുന്നു വറുത്ത പരിപ്പ്, പറങ്കിയണ്ടിപ്പരിപ്പ് ഇവ സമമായെടുത്ത് ഇടിച്ച് കരിപ്പുകട്ടി ചേർത്തുവച്ചിരുന്ന് ഓരോ ടേബിൾ സ്പൂൺ വീതം കാലത്തും വൈകിട്ടും കഴിക്കുന്നത് പ്രസവാനന്തരം ക്ഷീണിച്ചിട്ടുള്ളവർക്ക് നന്ന്.
പറങ്കിയണ്ടിപ്പരിപ്പ് പലതരത്തിൽ ഔഷധാഹാരമായി കഴിക്കുന്നത്. അസ്ഥിബലത്തിനും ധാതുപുഷ്ടിക്കും ഹൃദയപേശികളെ ബലപ്പെടുത്തുന്നതിനും വാതത്തെ ശമിപ്പിക്കുന്നതിനും വിശേഷമാണ്.
പറങ്കിമാവു വെട്ടിക്കഴിഞ്ഞ് ആ കുറ്റിയിലുണ്ടാകുന്ന ഇളം കൂണ് കറിവെച്ചു കഴിക്കുന്നത് സ്ത്രീകളുടെ സാവരോഗങ്ങൾക്കു നന്നാണ്.
പറങ്കിയണ്ടിത്തോട് കരിക്കുമ്പോഴുള്ള കറ വളംകടി, ഉള്ളം കാൽ വെടിച്ചു കീറൽ (വിപാടിക) ഇവയ്ക്ക് പുറമേ ലേപനം ചെയ്യുന്നതു ഗുണപ്രദമാണ്.
പറങ്കിമാവിന്റെ പട്ടയിട്ട് വെള്ളം തിളപ്പിച്ചു കുളിക്കുന്നത് വാത രോഗങ്ങൾക്കു വിശേഷമാണ്.
നാലു ലിറ്റർ പറങ്കിപ്പഴച്ചാറിൽ 100 മുന്തിരിപ്പഴവും ഈന്തപ്പഴവും ചതച്ചിട്ട് 50 ഗ്രാം താതിരിപ്പൂവു ചേർത്ത് ഭരണിയിലാക്കി നെല്ലിൽ കുഴിച്ചിട്ട് ഒരു മാസം കഴിഞ്ഞ് 15 മില്ലി വീതം കാലത്തും വൈകിട്ടും കഴിക്കുന്നത് ദഹനാഗ്നി വർദ്ധിക്കുന്നതിനും ലഹരിക്കും കുടൽ രോഗങ്ങൾക്കും നന്നാണ്.