ശരീരത്തിലെ മാംസപേശികൾ ബലഹീനമാകുമ്പോൾ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെര്‍ണിയ. പ്രായാധിക്യം മൂലം പേശികളിൽ തേയ്മാനം സംഭവിക്കുമ്പോൾ, മുറിവ്, ശസ്ത്രക്രിയ അല്ലെങ്കിൽ ജനന വൈകല്യം എന്നി കരണങ്ങൾ കൊണ്ടെല്ലാം ഹെർണിയ ഉണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: വിവിധ തരത്തിലുള്ള ഹെർണിയ ഏതൊക്കെ? രോഗ ലക്ഷണങ്ങൾ എന്തൊക്കെ?
ഹെർണിയ സാധാരണയായി കാണുന്നത് വയറിൻറെ ഭാഗങ്ങളിലാണ്. വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ബലഹീനത സംഭവിക്കുമ്പോൾ ഉള്ളിലെ കുടലുകൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണിത്. ഭാരം ഉയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴുമൊക്കെ ഹെർണിയ ഉള്ള ഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടും. വയറിന്‍റെ പേശീ ദൗർബല്യം ഉള്ള ഭാഗത്ത് ഒരു മുഴയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മുഴ സാവധാനം വലുതാകുന്നതും ആദ്യഘട്ടത്തിൽ വേദന ഇല്ലാത്തതുമായിരിക്കും. പക്ഷേ പിന്നീട് വേദന അനുഭവപ്പെടാൻ തുടങ്ങും.
ഹെര്‍ണിയ തന്നെ പല തരം ഉണ്ട്. ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹെർണിയ ആണ് വയറിന്റെ അടിഭാഗത്ത് ഉള്ളിലായി ഉണ്ടാകുന്നത് (Inguinal Hernia). ഇത് വയറിന്റെ അടിഭാഗത്തുള്ള മാംസപേശിയും തുടയുടെ ഭാഗവും ചേരുന്ന ഭാഗത്ത് ഉണ്ടാകുന്ന ഹെർണിയ ആണ്. ഇത് പ്രായം, ജനിതകമായി ഉണ്ടാകുന്ന മാംസപേശിയുടെ ബലക്ഷയം, ശാരീരികമായ കഠിനാധ്വാനം, പുകവലി എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വയറിലെ പേശികളുടെ ബലഹീനതയും അടിവയറ്റിനുള്ളിലെ വർധിച്ച സമ്മർദ്ദവുമാകാം വയറിന് ഉള്ളിലെ ഹെർണിയയുടെ കാരണം.
പ്രധാന ലക്ഷണങ്ങൾ
-ആദ്യം കാണുന്ന ലക്ഷണം പലപ്പോഴും മുഴ തന്നെയാണ്.
-അടിവയറ്റിലെ സമ്മർദ്ദം മൂലം ഛർദ്ദി, മലബന്ധം, അടിവയറ്റിലെ നീർക്കെട്ട് എന്നിവയ്ക്കൊപ്പം അടിവയറ്റിലെ കടുത്ത വേദനയും അനുഭവപ്പെട്ടേക്കാം.
-ശരീരത്തിന്റെ ഒരു ഭാഗം മുഴച്ചു നിൽക്കുന്നതായി കാണുക, കിടക്കുമ്പോൾ മുഴ അകത്തേക്ക് പോയതായി അനുഭവപ്പെടുക, അമർത്തിയാലും മുഴ അകത്തേക്ക് പോയതായി തോന്നുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.
ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കാണുക. ക്ലിനിക്കൽ പരിശോധനയിലൂടെയാണ് ഹെർണിയ രോഗനിർണയം നടത്തുന്നത്. അൾട്രാസോണോഗ്രാഫി അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള പരിശോധനകൾ ആവശ്യമായി വന്നേക്കാം. അതേസമയം, ഹെർണിയയുടെ കാരണം നിർണ്ണയിക്കേണ്ടതും പ്രധാനമാണ്.