ഭാരതത്തിലും ശ്രീലങ്കയിലും സ്വാഭാവികമായി കണ്ടുവരുന്ന വള്ളിച്ചെടിയാണ് ചങ്ങലംപരണ്ട. നമ്മുടെ നാട്ടിൽ വരണ്ട പ്രദേശങ്ങളിലാണ് ഈ ചെടി കൂടുതലായി ഉണ്ടാകുക. നീണ്ട് കണ്ണികളുള്ള ചങ്ങല പോലെ കാണപ്പെടുന്ന ഈ ഔഷധിയുടെ തണ്ടുകൾ തടിച്ചതും ജലം ശേഖരിച്ചു വയ്ക്കുന്ന പ്രകൃതമുള്ളതുമാണ്.
സമൃദ്ധമായി ശാഖകൾ ഉത്പാദിപ്പിക്കുന്ന ചങ്ങലം പരണ്ടയുടെ മുഖ്യതണ്ടിനും ശാഖകൾക്കും ചതുരാകൃതിയാണ്. കൂടാതെ ധാരാളം വ്യക്തമായ മുട്ടുകളുമുണ്ട്. രണ്ടു മുട്ടുകൾ തമ്മിൽ 8-10 സെ.മീ. അകലമാണുള്ളത്.
ഔഷധപ്രാധാന്യം
ഒടിഞ്ഞ അസ്ഥി യോജിപ്പിക്കുവാൻ ചങ്ങലംപരണ്ട സിദ്ധൗഷധമാണ്. ഒടിഞ്ഞ ഭാഗം പഞ്ഞി കൊണ്ടു പൊതിഞ്ഞ ശേഷം പലക കൊണ്ട് വച്ചു കെട്ടുക. പലകകൾക്കിടയിലേ പഞ്ഞിയിലേക്ക് ചങ്ങലം പരണ്ടയുടെ നീര് ഒഴിച്ചു കൊടുക്കണം. ഇത് പല ആവർത്തി ചെയ്‌താൽ ഒടിവിലെ നീരു വലിഞ്ഞ് എല്ലുകൾ കൂടിച്ചേരും.
ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും പച്ചയ്ക്ക് ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് അത്രയും തന്നെ തേനും ചേർത്ത് ദിവസം 2 നേരം വീതം 2-3 ദിവസം കഴിച്ചാൽ ക്രമം തെറ്റിയ ആർത്തവം ക്രമത്തിലാകും
കുട്ടികൾക്കുണ്ടാകുന്ന ചെവി വേദനയ്ക്ക് ശമനം കിട്ടാൻ ചങ്ങലം പരണ്ടയുടെ തണ്ടിന്റെ നീരെടുത്ത് ചെവിയിൽ ഇറ്റിക്കുന്നത് ഗുണം ചെയ്യും.
ചങ്ങലം പരണ്ടയുടെ വള്ളിയുടെ നീരെടുത്ത് ചതവു പറ്റിയ ഭാഗത്തു പുരട്ടിയാൽ ചതവ് സുഖപ്പെടും.
അമിതമായ ആർത്തവസ്രാവത്തിന് ചങ്ങലംപരണ്ട ഇടിച്ചു പിഴിഞ്ഞെടുത്ത സ്വരസത്തിൽ ചന്ദനം, നെയ്യ്, തേൻ ഇവ ചേർത്തു കഴിക്കുന്നത് ഗുണം ചെയ്യും.
ചങ്ങലംപരണ്ടയുടെ കുരുന്നുതണ്ടും ഇലയും തണലിൽ ഉണക്കി പൊടിച്ചത് 3-6 ഗ്രാം വരെ ദിവസവും 2 നേരം വീതം പതിവായി കഴിച്ചാൽ വിശപ്പില്ലായ്‌മ, അരുചി, ദഹനക്കുറവ് ഇവ മാറിക്കിട്ടും.