കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന ഇലക്കറികളിൽ സുപ്രധാനമായ ഒന്നാണ് ചീര. കണ്ണാറ ലോക്കൽ, അരുൺ, കൃഷ്ണശ്രീ എന്നിവ ചുവന്ന ചീരയിലെയും, മോഹിനി, രേണുശ്രീ, CO-1, CO-2, CO-3 എന്നിവ, പച്ചചീരയിലെയും പ്രധാന ഇനങ്ങളാണ്. വർഷത്തിൽ എല്ലാ സമയത്തും കൃഷി ചെയ്യാമെങ്കിലും, മഴകാലത്ത് ചീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്, ചുവന്ന ചീരയിലെ ഇലപ്പുള്ളി രോഗം. വിത്തു മുളച്ച് നാലില പരുവത്തിൽ തന്നെ രോഗലക്ഷണം കാണാനാകും.
മണ്ണിൽ കാണപ്പെടുന്ന റൈസൊറ്റൊണിയ സൊളാനി (Rhinoctonia solani) എന്ന കുമിളാണ് രോഗകാരി. ഇലയുടെ മുകൾ വശത്ത് കാണപ്പെടുന്ന വൈക്കോൽ നിറത്തിലുള്ള പുള്ളികുത്താണ് രോഗലക്ഷണം. ഇത് പിന്നീട് വലുതായി കൂടി ചേരുകയും ദ്വാരങ്ങളാകുകയും ചെയ്യുന്നു. പച്ച ചീരയിൽ ഈ രോഗം കുറവായതിനാൽ, ചുവന്നചീരയും പച്ച ചീരയും ഇടകലർത്തി നടുന്നത് ഒരു പരിധി വരെ രോഗം കുറയ്ക്കാൻ സഹായിക്കും.
രോഗത്തെ ജൈവരീതിയിൽ നിയന്ത്രിക്കുന്നതിന്, കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യയായ 2% ചാണക തെളിയിൽ 2% സ്യൂഡോമോണാസ് കലക്കി തളിക്കുന്ന രീതി വളരെ ഫലപ്രദമാണ്. സ്യൂഡോമോണാസ് എന്നത് ചെടിയുടെ രോഗപ്രതിരോധശേഷി കൂട്ടുവാനും വളർച്ച ത്വരിതപെടുത്തുവാനും കഴിവുള്ള ഒരു മിത്രബാക്ടീരിയയാണ്. ഇവ വെള്ള നിറത്തിലുള്ള പൊടി (ടാൽക്ക്) രൂപത്തിൽ, കിലോയ്ക്ക് 75 രൂപ എന്ന നിരക്കിൽ കേരള കാർഷിക സർവകലാശാലയിലെ വിപണനകേന്ദ്രങ്ങളിൽ ലഭ്യമാണ്.
ജീവനുള്ള ബാക്ടിരിയയായതുകൊണ്ടുതന്നെ, കാലാവധി തീരും മുൻപെ ഇത് ഉപയോഗിക്കേണ്ടതാണ്. ഈ കൂട്ടിലെ മറ്റൊരു ഘടകമായ ചാണകത്തിനും ഉണ്ട് ചില സവിശേഷതകൾ. ചാണകത്തിൽ കാണപ്പെടുന്ന ചില ബാക്ടീരിയ, ചെടിക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം പോലെയുള്ള മൂലകങ്ങൾ ഇലയിലൂടെ എളുപ്പത്തിൽ ആഗിരണം ചെയ്യുവാൻ സഹായിക്കുന്നു. വൈകുന്നേരങ്ങളിൽ കടുപ്പമുള്ള വെയിൽ ഇല്ലാത്തപ്പോൾ വേണം ഇത് തളിക്കുവാൻ.
വെള്ളായണി കാർഷിക കോളേജിൽ നിന്നും വികസിപ്പിച്ചെടുത്ത 54-140 ദിവസം വരെ വിള കാലാവധിയും, വലിയ ഇലയും ഉള്ള ഒരു ചുവന്ന ചീര ഇനമാണ് അരുൺ . കള നീക്കം ചെയ്യുക എന്നതാണ് ആദ്യ ഘട്ടത്തിലെ ഒരു പ്രധാന പണി. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞടുത്ത് തവാരണയിൽ വിത്തു പാകണം.
ഏക്കറിന് എകദേശം 600-800 ഗ്രാം വിത്താണ് വേണ്ടത്. നേരിട്ടു പാകുമ്പോൾ, 1:100 എന്ന അനുപാതത്തിൽ വിത്തും മണലും കൂടി ചേർത്ത് വേണം തവാരണയിൽ പാകാൻ. പിന്നീടുള്ള ദിവസങ്ങളിൽ സന്ധ്യക്ക് മുടങ്ങാതെയുള്ള നനയാണ് പ്രധാനം. ആഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണാസ്, ചാണക തെളിയിൽ കലക്കി തളിക്കാവുന്നതാണ്.
വിത്ത് മുളച്ച് മുപ്പതാം ദിവസം വേരുപരിചരണം നടത്തിയതിന് ശേഷമാണ് തൈകൾ പറിച്ചു നടേണ്ടത്. 750 മില്ലി ലിറ്റർ വെള്ളത്തിൽ, 15 ഗ്രാം പച്ചചാണകം ഇട്ട് കലക്കിയ തെളിയിൽ, സ്യൂഡോമോണാസ് (250 ഗ്രാം) ചേർത്താണ് വേരുപരിചരണ ലായനി തയ്യാറാക്കിയത്. ലായനിയിൽ 20 മിനിറ്റ് വേരു മുക്കിയ ശേഷമാണ് പ്രധാനകൃഷിയിടത്തിലേക്ക് പറിച്ചു നട്ടത്.
മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ ഉയർന്ന ബെഡിലും, വേനലിൽ ചാലു കീറിയുമാണ് തൈകൾ നടേണ്ടത്. ഒരു അടി അകലത്തിൽ ചെറു ചാലുകൾ കീറി അതിൽ 20 സെന്റീ മീറ്റർ അകലത്തിൽ തൈകൾ നട്ട്, തുടർന്ന് ആഴ്ചയിൽ ഒരിക്കൽ 20 ഗ്രാം പച്ചചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ തെളിയിൽ സ്യൂഡോമോണാസ് (20 ഗ്രാം) ഇട്ട് ഇലകളിൽ തളിക്കണം.
മേൽപറഞ്ഞ രീതി അനുവർത്തിച്ചപ്പോൾ, ചുവന്നചീരക്ക് ഇലപ്പുള്ളി രോഗം ബാധിച്ചില്ല എന്ന് മാത്രമല്ല, 20 ദിവസത്തിൽ തന്നെ ആദ്യ വിളവെടുക്കുവാനും സാധിച്ചു. ഒരു വിള കാലാവധിയിൽ 2 മുതൽ 4 തവണ വരെ വിളവ് എടുക്കാവുന്നതാണ്.