ചെമ്പരത്തി ഏഴുതരത്തിൽ കാണുന്നുണ്ട്. എന്നാൽ ശുദ്ധമായ രക്ത വർണത്തിൽ അടുക്കടുക്കായ ഇതളോടു കൂടിയ ചെമ്പരത്തിപ്പൂക്കളുള്ള ചെടിയാണ് ഔഷധയോഗ്യമായിട്ടുള്ളത്.
500 ഗ്രാം ചെമ്പരത്തിപ്പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തിൽ സൂക്ഷിച്ച് മൂന്നു ദിവസം കഴിഞ്ഞ് അരിച്ചു വൃത്തിയാക്കി ടീസ്പൂൺ കണക്കിനു ദിവസം രണ്ടു നേരം വീതം സേവിക്കുന്നത് സ്ത്രീകൾക്കുണ്ടാകുന്ന ഉഷ്ണരോഗത്തിനും രക്തസ്രാവത്തിനും വിശേഷമാണ്.
നറുനീണ്ടിക്കിഴങ്ങിന്റെ ആറിരട്ടി ചെമ്പരത്തിപ്പൂവും ചതച്ചിട്ടു പഞ്ചസാര ചേർത്ത് സർബത്തു കാച്ചി വെച്ചിരുന്നു കഴിക്കുന്നത്. രക്തത്തെ തണുപ്പിക്കുന്നതിനു നന്നാണ്. ചെമ്പരത്തിപ്പൂവ് ചെറു നാരങ്ങാനീരിൽ ചാലിച്ച് തേൻ ചേർത്തു കഴിക്കുന്നത് യോനീസ്രാവങ്ങൾക്കു വിശേഷമാണ്. ചെമ്പരത്തിപ്പൂവ്, തേനിൽ ചാലിച്ചു ദിവസവും കഴിക്കുന്നത് ശരീരസൗന്ദര്യം വർദ്ധിപ്പിക്കും. ചെമ്പരത്തിയില താളിയാക്കി തലയിൽ തേക്കുന്നത് ശിരോരോഗഹരമാണ്. തലമുടിക്കും വിശേഷമാകുന്നു.
ചെമ്പരത്തിയുടെ കരിമൊട്ട് സൂപ്പായിട്ടും അച്ചാറായിട്ടും കഴിക്കുന്നത് ശുക്ലവൃദ്ധികരമാണ്. ചെമ്പരത്തിപ്പൂവ്, മഞ്ഞൾ പൊടി, കദളിപ്പഴം ഇവ മർദ്ദിച്ചു മാസ കുളിക്കാലത്തു കഴിക്കുന്നത് സൽസന്താനലബ്ധിക്കു സഹായിക്കും.
രണ്ടു കോഴിമുട്ടയുടെ ചുവന്ന കരുവ്, എട്ടുഗ്രാം ജീരകം, 10 ഗ്രാം മീറ എല്ലാം കൂടി വറുത്ത് ചുവപ്പുപാകത്തിൽ അടുക്കു ചെമ്പരത്തിയുടെ വേര്, കരിമൊട്ട്, തൊലി ഇവ 50 ഗ്രാം അരിഞ്ഞിട്ട് രണ്ടു ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് ഇരുനൂറു മില്ലിയാക്കി പിഴിഞ്ഞരിച്ച് അമ്പതു മില്ലി വീതം എടുത്ത് ലേശം ജാതിക്കാപ്പൊടിയും ചെറുതേനും ചേർത്ത് കാലത്തും വൈകിട്ടും സേവിക്കുന്നത് ഉരക്ഷതരോഗത്തിനും ശരീരത്തിൽ ഹേമം തട്ടി കണ്ടെത്താൻ സാധിക്കാത്ത വിധം രക്തം കട്ടിയായി ദുഷിച്ചിട്ടുള്ളതിനും അതീവഫലപ്രദമാണ്. ലഹരിയും മത്സ്യമാംസങ്ങളും ഉപേക്ഷിക്കുകയും ബ്രഹ്മചര്യം പാലിക്കുകയും ചെയ്യണം.