പനിയ്ക്കും ജലദോഷത്തിനും തുടങ്ങി നമ്മുടെ മിക്ക ശാരീരിക അസ്വസ്ഥതകൾക്കും പ്രതിവിധിയാണ് തുളസി. എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു തുളസിച്ചെടി ഉണ്ടാകുമെന്നത് തീർച്ചയാണ്. വാസ്തു ശാസ്ത്രത്തിലായാലും മതപരമായും ആയുർവേദത്തിലുമെല്ലാം തുളസി നട്ടുവളർത്തുന്നത് വളരെ പ്രയോജനം ചെയ്യുമെന്നാണ് നിർദേശിക്കുന്നത്.
തുളസിയിട്ട ചൂട് വെള്ളവും ചായയുമെല്ലാം പ്രകൃതിദത്തമായ ഔഷധമായും കണക്കാക്കി വരുന്നു. തുളസിയില ഇട്ട് ആവി പിടിക്കുന്നത് മൂക്കടപ്പിൽ നിന്നും ജലദോഷത്തിൽ നിന്നും കഫക്കെട്ടിൽ നിന്നും മോചനമേകുന്നു.
അടിമുടി ഔഷധമേന്മയേറിയ സസ്യമാണിത്. അതായത്, വേര് മുതൽ തണ്ടും ഇലയും പൂവുമെല്ലാം ആയുർവേദത്തിൽ മരുന്നിനായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ, പൂജാവശ്യങ്ങൾക്കും ആരോഗ്യ സംരക്ഷണത്തിനും നാട്ടുവൈദ്യത്തിലും തുളസി പ്രയോജനകരമാകുന്നു. അതിനാൽ ക്ഷേത്രപരിസരങ്ങളിലും തുളസി നട്ട് പരിപാലിക്കുന്നു. ചിലന്തി, പഴുതാര പോലുള്ള ക്ഷുദ്രജീവികളിൽ നിന്നുള്ള ആക്രമണങ്ങൾക്കും തുളസിയിലയും തണ്ടും നീരാക്കി തേക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നല്ല മുടിയ്ക്ക് ചില മുത്തശ്ശി വൈദ്യങ്ങൾ
ആയുർവേദത്തിൽ പ്രധാനിയായ തുളസിയിൽ ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപറ്റിക്, ആന്റി ബാകറ്റീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളെ ശമിപ്പിക്കാൻ ഉതകുന്നതാണ്. കൂടാതെ, രക്തം ശുദ്ധീകരിക്കാനും അതുവഴി ചര്‍മത്തിന് തിളക്കം നല്‍കാനും തുളസി സഹായിക്കും. ഇതിലൂടെ രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാൻ സാധിക്കുന്നു.
തുളസിയില പാനീയങ്ങളിൽ ചേർക്കുക മാത്രമല്ല, വേറെയും നിരവധി രീതികളിൽ ഈ ഔഷധസസ്യം ശരീരത്തിലേക്ക് എത്തിക്കാം.
ദിവസേന ഏകദേശം 10-12 തുളസി ഇലകൾ ചവച്ചുകഴിക്കുന്നത് രക്തചംക്രമണം നിയന്ത്രിക്കുന്നതിന് സഹായിക്കും. നമുക്ക് സമ്മർദമുണ്ടാകുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ഇതിന് പുറമെ, വായ്നാറ്റം അകറ്റാനും, മോണരോഗങ്ങൾ, പയോറിയ, മറ്റ് ദന്ത അണുബാധകൾ എന്നിവ തടയാനും തുളസി നല്ലതാണ്. ഇതിനായി തുളസിയില ഉണക്കി പൊടിച്ച് തേക്കുന്നതാണ് ഗുണകരം. മോണകൾക്ക് മാത്രമല്ല, പല്ലുവേദന അകറ്റാനും ഇങ്ങനെ ചെയ്യുന്നതിലൂടെ സഹായിക്കുന്നു.
ജലദോഷമോ പനിയോ ഉള്ളപ്പോൾ വെറും വയറ്റിൽ കുറച്ച് തുളസിയില ചവയ്ക്കുന്നത് രോഗത്തിൽ നിന്ന് ആശ്വാസം പകരും.
ഇതിന് പുറമെ, തുളസിയില വെള്ളത്തിലിട്ട് കുറച്ചു കഴിഞ്ഞ് ഈ വെള്ളത്തിൽ മുഖം കഴുകിയാല്‍ ചർമം തിളങ്ങാനും മുഖകാന്തി വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയില ഇട്ടുവച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുക. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി പരിപോഷിപ്പിക്കുന്നു. മാര്‍ഗമാണിത്.
ഇതിന് പുറമെ, പൊള്ളലിൽ നിന്നുവരെ തുളസി ആശ്വാസം നൽകുന്നുണ്ട്. തുളസിനീര് തുല്യ അളവിൽ വെളിച്ചെണ്ണയിൽ കലർത്തി വൃത്തിയുള്ള തുണി ഉപയോഗിച്ച്, പൊള്ളലേറ്റ സ്ഥലത്ത് നേരിട്ട് പുരട്ടുന്നത് വേദന ശമിപ്പിക്കാൻ സഹായിക്കുന്നു.
ഉറങ്ങുന്നതിന് മുൻപ് കിടക്കയിൽ തുളസി വിതറുകയാണെങ്കിൽ പേൻ പോകാൻ സഹായിക്കും. തുളസിയില ഇട്ട് വെള്ളം തിളപ്പിക്കുക. ഇത് ചൂടാറിയ ശേഷം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണിനും പരിഹാരമാണെന്ന് പറയുന്നു.