മുഖക്കുരു മാറാൻ വീട്ടിലുള്ള പല സാധനങ്ങളും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ? പലതും പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ലെങ്കിൽ അടുക്കളയിലേക്ക് ഒന്നുകൂടി കണ്ണോടിച്ചാൽ മതി. സുഗന്ധദ്രവ്യങ്ങളിൽ പേരുകേട്ട കറുവപ്പട്ട മുഖക്കുരുവിന് നിങ്ങൾക്ക് ശാശ്വത പരിഹാരം തരും. എങ്ങനെയാണ് കറുവപ്പട്ടയ്ക്ക് മുഖക്കുരുവിനെ നശിപ്പിക്കാൻ സാധിക്കുന്നതെന്നും ഇതിനായി കറുവാപ്പട്ട എങ്ങനെ ഉപയോഗിക്കണമെന്നും അറിയാൻ തുടർന്ന് വായിക്കുക.
വിപണിയിൽ നിന്ന് വാങ്ങുന്ന രാസവസ്തുക്കൾ പലപ്പോഴും മുഖക്കുരുവിന് മുന്നിൽ ഒരു പരാജയമാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. എന്നാൽ, കറുവാപ്പട്ട മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുമെന്ന് മാത്രമല്ല, മുഖത്തെ കറുത്ത പാടുകൾ, ചർമത്തിലെ ടാനുകളും നിറം മങ്ങൽ തുടങ്ങിയവയ്ക്കും ഉത്തമ പരിഹാരമാണ്.
കറുവാപ്പട്ട മുഖത്ത് തേച്ച് എങ്ങനെ സൗന്ദര്യ സംരക്ഷണം ഉറപ്പുവരുത്താമെന്ന് നോക്കാം. ഇതിനായി 1 ടീസ്പൂൺ കറുവപ്പട്ട പൊടി എടുത്ത് 3 ടീസ്പൂൺ തേനിൽ കലർത്തുക. ഇതിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് കൂടി സംയോജിപ്പിച്ച് കുഴമ്പ് പരുവത്തിലാക്കുക. ഈ പേസ്റ്റ് മുഖക്കുരുവുള്ള ഭാഗങ്ങളിൽ തേച്ച ശേഷം അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്താൽ മുഖക്കുരുവിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാം.
മുഖക്കുരുവിന് മാത്രമല്ല മറ്റ് പല ആരോഗ്യഗുണങ്ങൾക്കും ഈ സുഗന്ധദ്രവ്യം ഗുണപ്രദമാണ്. ബിരിയാണിയിലും മധുരപലഹാരങ്ങളിലുമൊക്കെ നാം ഉപയോഗിക്കുന്ന കറുവാപ്പട്ട വായ് നാറ്റത്തിനും എയര്‍ഫ്രഷ്‌നറായുമൊക്കെ ഉപയോഗിക്കാവുന്നതാണ്.
പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ മികച്ച ആയുർവേദഗുണങ്ങളുള്ള മൗത്ത് വാഷ് കറുവാപ്പട്ടയിൽ നിന്നും ഉൽപാദിപ്പിക്കാനാകും. ഇതിനായി ഒരു കപ്പ് വോഡ്കയിൽ എട്ടോ ഒൻപതോ ടേബിൾ സ്പൂൺ കറുവാപ്പട്ട ചേർത്ത് ഒരാഴ്ചത്തേക്ക് ഈ മിശ്രിതം മാറ്റിവയ്ക്കുക. ശേഷം ഇത് അരിച്ചെടുക്കാവുന്നതാണ്.
അരിച്ചെടുത്ത ലായനി മൗത്ത് വാഷായി ദിവസവും ഉപയോഗിച്ചാൽ വിട്ടുമാറാത്ത വായ് നാറ്റത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം കണ്ടെത്താം. കറുവാപ്പട്ട ഉപയോഗിച്ച് എയര്‍ ഫ്രഷ്‌നറും നിർമിക്കാം. ഇതിനായി കുറച്ച് വെള്ളത്തില്‍ കറുവപ്പട്ട എണ്ണയുടെ കുറച്ച് തുള്ളികള്‍ ഒഴിക്കുക. ഈ ലായനി ഒരു സ്‌പ്രേ കുപ്പിയിലാക്കി എയര്‍ഫ്രഷ്‌നറായി ഉപയോഗിക്കാനാകും. സുഗന്ധമുള്ള ഒരു പദാർഥമായതിനാൽ തന്നെ കറുവാപ്പട്ട സുഗന്ധകോപ്പായും ഉപയോഗിക്കാം. ഇതിനായി കറുവാപ്പട്ട പൊടിച്ച് സുഗന്ധകോപ്പ് തയ്യാറാക്കി വീടിനകത്ത് പ്രയോഗിക്കാം.
ഉറുമ്പിനും കൊതുകിനും കൂടാതെ ഈയാംപാറ്റകൾക്കെതിരെയും കറുവാപ്പട്ട ഫലപ്രദമാണെന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കും. അതായത്, വീട്ടിൽ ഉറുമ്പ് ശല്യം രൂക്ഷമാണെങ്കിൽ ഇത് കൂടുതലായുള്ള സ്ഥലങ്ങളിൽ കറുപ്പട്ടയുടെ പൊടി വിതറുക.ഉറുമ്പുകള്‍ വളരെ പെട്ടെന്ന് മാറുന്നത് കാണാം. അതുപോല, കൊതുക് നാശിനിയായും കറുവാപ്പട്ട ഉപയോഗിക്കാം.
ഇതിന് കാരണം കറുവപ്പട്ടയിൽ കൊതുകിന്റെ മുട്ട നശിപ്പിക്കാന്‍ കഴിവുള്ള ഘടങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.കൊതുകിനെ തുരത്താൻ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന അപകടരഹിത കീടനാശിനി കൂടിയാണിത്.
ഈയാംപാറ്റകളെയും കറുവാപ്പട്ടയിലൂടെ വീട്ടില്‍ നിന്നും തുരത്താൻ സാധിക്കും.ഇതിനായി കറുവപ്പട്ടയ്ക്കൊപ്പം, ഗ്രാമ്പു,പുന്ന ഇല എന്നിവ കൂടി കലർത്തി ഉപയോഗിക്കുക.കറുവാപ്പട്ട പൊടിയും ഇത് കൊണ്ടുണ്ടാക്കുന്ന മെഴുകുതിരികളുമെല്ലാം വീട്ടിന് സുഗന്ധം പരത്തുന്നവാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചർമത്തിനെന്ത് പ്രായം? 40ലും തിളക്കവും ആരോഗ്യവമുള്ള മുഖത്തിന് ഈ പൊടിക്കൈകൾ
വീട്ടിലെ ഇത്തരം ആവശ്യങ്ങൾക്ക് പുറമെ കറുവാപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രമേഹവും മറ്റും നിയന്ത്രിക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും മുഖക്കുരു കേമനാണെന്നതിനാൽ ദിവസേന ഇവയെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.