കൊഴുപ്പ് അമിതമായി കഴിച്ചാൽ വേദനയും കോച്ചിപ്പിടുത്തവും ഉണ്ടാകുമെന്ന് ഗാൾബ്ലാഡർ നീക്കം ചെയ്‌ത എല്ലാവർക്കും അറിയാവുന്നതാണ്. അത്തരം ആളുകൾ ഭക്ഷണത്തിൽ മറ്റ് എണ്ണകൾക്കു പകരം വെളിച്ചെണ്ണ ഉപയോഗിച്ചാൽ വളരെ അധികം ഗുണം ലഭിക്കുന്നു.
കരൾ ഉത്പാദിപ്പിക്കുന്ന ദഹനത്തിനാവശ്യമായ ബൈൽ (Bile) എന്ന സ്രവത്തിന്റെ സംഭരണവും വിതരണവും നിർവഹിക്കുന്ന അവയവമാണ് ഗാൾബ്ലാഡർ. ദഹനപ്രക്രിയയ്ക്ക് ബൈൽ വളരെ അത്യാവശ്യമാണെങ്കിലും അതിൻ്റെ പ്രവർത്തനം പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല.
കരൾ താരതമ്യേന സ്ഥിരമായ അളവിലാണ് ബൈൽ ഉത്പാദിപ്പിക്കുന്നത്. കരളിൽനിന്നും ഒലിച്ചിറങ്ങുന്ന ബൈൽ ഗാൾബ്ലാഡറിലെത്തി അവിടെ ശേഖരിക്കപ്പെടുന്നു. ബൈൽ ശേഖരിച്ചു വയ്ക്കുന്ന ഒരു പാത്രം പോലെയാണ് ഗാൾബ്ലാഡർ പ്രവർത്തിക്കുന്നത്. ഭക്ഷണത്തിലടങ്ങിയ കൊഴുപ്പുകളും എണ്ണകളും ഗാൾബ്ലാഡറിനെ ഉത്തേജിപ്പിക്കുമ്പോഴാണ് ബൈൽ കുടലിലേക്ക് പമ്പുചെയ്യപ്പെടുന്നത്. കൊഴുപ്പിൻ്റെ ദഹനം നടക്കണമെങ്കിൽ ഒരു നിശ്ചിത അളവിലുള്ള ബൈൽ അത്യാവശ്യമാണ്.
ചുരുക്കത്തിൽ ബൈലിന്റെ അഭാവത്തിൽ കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നികൾക്ക് ദഹന പ്രക്രിയ പൂർത്തിയാക്കാൻ കഴിയാതെ വരികയും അത് ഗുരുതരമായ പോഷകക്കുറവിലേക്കും രോഗങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു. ഗാൾബ്ലാഡർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തവരിൽ കൊഴുപ്പിന്റെ ദഹനം വളരെയധികം തടസ്സപ്പെടുന്നു. അവരിൽ ശേഖരണത്തിന് ഗാൾബ്ലാഡർ ഇല്ലാത്തതിനാൽ ബൈൽ കരളിൽ നിന്നും നേരിട്ട് ചെറുകുടലിലേക്ക് ഊർന്നിറങ്ങുന്നു.
അങ്ങനെ ചെറിയ അളവിൽ മാത്രം ഒലിച്ചിറങ്ങുന്ന ബൈൽ മിതമായി കഴിക്കുന്ന കൊഴുപ്പ് തന്മാത്രകളുടെ ദഹനത്തിനു പോലും തികയാതെ വരുന്നു. തത്ഫലമായി ദഹനവും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ, ബീറ്റാ-കരോട്ടിൻ എന്നിവയുടെ ആഗിരണവും ശരിയായ വിധത്തിൽ നടക്കാതെ വരുന്നു. ഈ വിറ്റാമിനുകൾ ആവശ്യമായ അളവിൽ ലഭിക്കാതിരുന്നാൽ ഉണ്ടാകുന്ന പരിണതഫലങ്ങൾ വളരെപ്പെട്ടെന്ന് പ്രകടമാകില്ലെങ്കിലും അവ കാലക്രമേണ വിവിധ രൂപങ്ങളിൽ തലപൊക്കിത്തുടങ്ങുന്നു.
മീഡിയം ചെയിൻ ഫാറ്റി ആസിഡുകളുടെ വിഘടനത്തിന് ബെലോ പാൻക്രിയാസിലെ ദഹനരസങ്ങളോ ആവശ്യമില്ലാത്തതിനാലാണ് ഗാൾബ്ലാഡർ നീക്കം ചെയ്‌തവർക്കും കൊഴുപ്പുകളെ ദഹിപ്പിക്കാൻ പ്രയാസമുള്ളവർക്കും വെളിച്ചെണ്ണ അനുഗ്രഹമാകുന്നത്.