ജീവന്റെ വൃക്ഷമായ തെങ്ങിനുമുണ്ട് ഒരു ഹൃദയം; അതാണ് 'ഹാർട്ട് ഓഫ് പാം' എന്നറിയപ്പെടുന്ന തെങ്ങിൻമണ്ട. അതിവിശിഷ്ടവും മധുരതരവുമാണിത് ഇതിന് 'പാം കാബേജ്' (Palm Cabbage) എന്നും പറയും. തെങ്ങിന്റെ ഏറ്റവും ഇളയതും മൃദുലവുമായ മണ്ടയാണ് പാം കാബേജ്. ഒരർഥത്തിൽ തെങ്ങിന്റെ ഹൃദയം തന്നെ. കാരണം തെങ്ങ് എന്ന അത്ഭുത വൃക്ഷത്തിന്റെ വളർച്ചയുടെ കാമ്പും കാതലുമാണിത്. ഒറ്റത്തടിയായി നെടുകെ വളരുന്ന കേര വൃക്ഷത്തിന്റെ ഏക അഗ്രമുകുളമാണ് പാം കാബേജ്. മാത്രവുമല്ല, തെങ്ങിന്റെ ഒരേയൊരു വളർച്ചാബിന്ദുവും ഇതു തന്നെ.
അത്യപൂർവമായി മാത്രം ലഭിക്കുന്ന വിശിഷ്ട വിഭവമാണ് പാം കാബേജ്. കാരണം തെങ്ങ് വെട്ടിവീഴ്ത്താതെ ആർക്കും തെങ്ങിൻ മണ്ട മുറിച്ചെടുക്കാൻ സാധിക്കില്ല എന്നതു തന്നെ. എന്നാൽ, മണ്ട കഴിക്കാനും ആസ്വദിക്കാനും മാത്രമായി തെങ്ങുവെട്ടി വീഴ്ത്താൽ ആരും സ്വമനസ്സാലെ തയാറാവുകയുമില്ല. ലഭ്യമാകാനുള്ള ഈ വൈഷമ്യവും അതു കൊണ്ടുതന്നെ ഇതിനുള്ള ഉയർന്ന വിലയും നിമിത്തമാണ് തെങ്ങിൻ മണ്ടയ്ക്ക് അഥവാ പാം കാബേജിന് ലക്ഷാധിപതിയുടെ സലാഡ് (Millionaire's salad) എന്ന ഓമനപ്പോരു കിട്ടിയത്.
തെങ്ങിന്റെ മണ്ടയിൽ ഒത്ത നടുക്കായി ആകർഷകമായ നിറത്തിൽ വളർച്ചാ മുകുളങ്ങളുടെ ഒരു കൂട്ടം തന്നെ കാണാം. ഇവിടെ നിന്നാണ് തെങ്ങിന്റെ പുത്തൻ നാമ്പോലകൾ ജനിക്കുന്നത്. ജീവൻ ത്രസിക്കുന്ന ഈ വളർച്ചാ മുകുളശേഖരമാണ് പാം കാബേജ്. ഇത് നീക്കി കഴിഞ്ഞാൽ സ്വാഭാവികമായും തെങ്ങിന് പിന്നെ വളർച്ചയില്ല. 28-30 ദിവസം കഴിയുമ്പോൾ ഇവിടെ നിന്ന് ഒരു മുകുളം പൊട്ടി ഓല വിരിയും.
പാം കാബേജ് എടുക്കുക എന്നു പറഞ്ഞാൽ അക്ഷരാർഥത്തിൽ തെങ്ങിനെ കൊല്ലുക എന്നാണർഥം. ഈ വിശിഷ്ടഭാഗത്തിന് നാളികേരത്തിൻ്റെ നൈസർഗിമായ സ്വാദും സുഗന്ധവും കറുമുറെ കടിച്ചു തിന്നാനുള്ള ഘടനയുമാണുള്ളത്. തെങ്ങിന്റെ ചോറ് എന്നും നാട്ടുഭാഷയിൽ ഇതിനു പറയും.
പാം കാബേജ് പോഷകസമൃദ്ധമാണ്. ധാരാളം നാരും കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, കോപ്പർ, ജീവകങ്ങളായ ബി2, ബി6, സി എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. നാര് സമൃദ്ധമായി അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ദഹനം ഉൾപ്പെടെ ഉദരസംബന്ധമായ എല്ലാ പ്രവർത്തനങ്ങളും ആയാസരഹിതമാക്കാൻ ഇത് ഉത്തമമാണ്. ഊർജം (കലോറി) കുറവായതിനാൽ സന്തുലിതമായ ഭക്ഷ്യപദാർഥവുമാണിത്. കൊളസ്ട്രോൾ കുറവ്, സിങ്കിൻ്റെ അളവ് കൂടുതലായതിനാൽ മുറിവുകൾ ഉണക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഒരു കപ്പ് പാം കാബേജിൽ 3.94 ഗ്രാം മാംസ്യം, 0.29 ഗ്രാം കൊഴുപ്പ്, 37.39 ഗ്രാം കാർബോഹൈഡ്രേറ്റ്, 2.2 ഗ്രാം നാര്, 25.05 ഗ്രാം പ്രകൃതിദത്ത പഞ്ചസാര എന്നിവയുണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു.