തെങ്ങിൻ കള്ള് കള്ളോളം നല്ലൊരു വസ്തു
ദാഹത്തിനും ക്ഷീണത്തിനും മാത്രമല്ല അനേകം രോഗാവസ്ഥകളിലും ഉപയോഗിക്കാവുന്ന ഒരു വിശേഷ പാനീയമായി ഇളനീരിനെ നാം വിശേഷിപ്പിക്കാറുണ്ട്. തേങ്ങാവെള്ളത്തിന്റെയും തേങ്ങാപ്പാലിന്റെയും വെളിച്ചെണ്ണയുടെയുമൊക്കെ (COCONUT OIL) ഗുണഗണങ്ങളും മിക്കവാറും എല്ലാവർക്കും തന്നെ അറിയാം. പക്ഷേ തെങ്ങിൽ നിന്നെടുക്കുന്ന "കല്പ മധു " എന്നറിയപ്പെടുന്ന ഇളം കള്ളിനെ പലരും അവഗണിക്കാറാണ് പതിവ് .
പഴയ തലമുറ കള്ളിനെ ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും കൂടാതെ രുചികരമായ പല ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാനും വേണ്ടി ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന് അല്പം മൂത്ത കള്ളിനെ ചൂടുള്ള അടുപ്പിൽ ചുവട്ടിൽ സൂക്ഷിച്ചുവച്ചിരുന്ന് ശുദ്ധമായ തെങ്ങിൻ ചൊറുക്കയായി മാറ്റിയെടുക്കുമായിരുന്നു. നേർത്ത കള്ളിൽ പച്ചരി ഇട്ട് വേവിച്ച് കരുപ്പെട്ടി അഥവാ തെങ്ങിൻ ചക്കര ചേർത്ത് കുറുക്കി പായസമായി ഉപയോഗിച്ചിരുന്നത് ഉര: ക്ഷതത്തിനും ക്ഷയരോഗത്തിനുമെതിരെയുള്ള മുൻകരുതലായിരുന്നു.
മധുരക്കള്ള് ഗുണങ്ങൾ (USES OF COCOUNUT TODDY)
അല്ലിക്കള്ളുപയോഗിച്ച് എപ്പോഴുമുണ്ടാക്കാൻ എളുപ്പമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് കള്ളപ്പവും വട്ടയപ്പവും. മധുരക്കള്ള് വറ്റിച്ചെടുക്കുന്ന പാനി വളരെ വിശേഷപ്പെട്ട ഒരു മധുര ദ്രവ്യമാണ്. മത്സ്യമാംസാദികൾ ഉൾപ്പെട്ട ഭക്ഷണത്തിനൊടുവിൽ പാനിയും പഴവും ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇത് ദഹനത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു.
സിദ്ധവൈദ്യത്തിൽ വിശേഷിപ്പിക്കുന്ന തെങ്കിൻ മതു (മധു) ശുദ്ധമായ അല്ലിക്കള്ള് തന്നെയാണ്. ക്ഷയരോഗം, അർശസ് , ചുമ, ശ്വാസരോഗങ്ങൾ തുടങ്ങിയവയിൽ ഔഷധമായി ഉപയോഗിക്കുന്നു. വൈറ്റമിൻ ബി കൂടുതലായി അടങ്ങിയിരിക്കുന്ന മധുരക്കള്ള് കുറച്ച് മലർപ്പൊടിയും ചേർത്ത് ഒരൗൺസ് വീതം കുട്ടികൾക്ക് കൊടുക്കുന്നത് മറ്റേതൊരു വൈറ്റമിൻ സിറപ്പിനെക്കാളും നല്ലതാണ്.
ഇത് നല്ലൊരു ദഹനസഹായി കൂടിയാണ്. അന്തിക്കു കിട്ടുന്ന ശുദ്ധമായ കള്ളിൽ കറുത്ത ഉണക്കമുന്തിരിയിട്ട് ഒരു രാത്രി വച്ചിരുന്ന് രാവിലെ കഴിക്കുന്നത് ധാതു വൃദ്ധിക്കും ശരീരപുഷ്ടിക്കും നിറം വർദ്ധിപ്പിക്കാനും സഹായകമാണ്.
കള്ളുഷാപ്പിൽ നിന്നും കിട്ടുന്ന പലതരം മായങ്ങൾ ചേർത്ത വിഷദ്രാവകമായ കള്ളിനെപ്പറ്റിയല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല കള്ള് ചെത്തിയെടുത്താൽ നാലോ അഞ്ചോ മണിക്കൂറുകൾക്കുശേഷം ബോധം മറയ്ക്കുന്ന ലഹരി പാനീയമായി മാറും എന്നുള്ള കാര്യവും ഓർത്തിരിക്കേണ്ടതാണ്.*
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി ,
തൃപ്പൂണിത്തുറ
ph: 9188849691