വെള്ളരിയുടെ ജന്മദേശം തെക്കൻ ഏഷ്യയാണ്. നിലത്ത് പടർന്നു വളരുന്ന സസ്യമാണ് വെള്ളരി. പേരു സൂചിപ്പിക്കുന്നതു പോലെ ഇതിൽ 90% ജലാംശമാണ്. കണിവെള്ളരി, കറിവെള്ളരി, സലാഡ് വെള്ളരി എന്നിങ്ങനെ മൂന്നു തരം വെള്ളരികൾ കേരളത്തിൽ കൃഷി ചെയ്യാറുണ്ട്.
കണിവെള്ളരി കൂടുതൽ മാംസളവും പഴുത്തു പാകമാകുമ്പോൾ മനോഹരമായ മഞ്ഞ നിറമുള്ളതുമാണ്. മറ്റുള്ളവയ്ക്ക് പച്ച നിറമാണ്. വെള്ളരി ഒരു വേനൽക്കാല പച്ചക്കറിവിളയാണ്. ഡിസംബർ മുതൽ ഫെബ്രു വരിവരെയാണ് ഇതിന്റെ കൃഷി നടത്തുന്നത്. അരുണിമ, സൗഭാഗ്യ എന്നിവ അത്യുത്പാദനശേഷി ഉള്ളവയാണ്.
വെള്ളരിക്കയുടെ ഔഷധഗുണങ്ങൾ
• വെള്ളരിക്ക നീരും വെള്ളരിക്കുരു വെള്ളരി നീരിലരച്ചതും അടിവയറ്റിൽ പുരട്ടുന്നതു വേദനകൂടാതെ മൂത്രംപോകാൻ സഹായകമാണ്. വെള്ളരിക്കുരു പാലിലരച്ചു പൊക്കിളിനു ചുറ്റും പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും.
• വെള്ളരിക്ക ധാരാളമായുപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായകമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് വെള്ളരിക്ക കഴിക്കുന്നതു നല്ലതാണ്.
• കണ്ണുകൾക്കു മീതേ കനം കുറച്ച് ചെത്തിയെടുത്ത വെള്ളരിക്ക വയ്ക്കുന്നതു കണ്ണുകളുടെ ക്ഷീണം പോകാനും പുലർച്ചയ്ക്ക് കൺപോളകളിലുള്ള വീക്കം കുറയ്ക്കാനും സഹായിക്കും.
• വെള്ളരിക്കയിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഫ്ലാവനോൾ ആയ ഫിസെറ്റിൻ (Fisetin) തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും നല്ലതാണ്. പ്രായം ചെയ്തുന്നതോടെ മസ്തിഷ്കകോശങ്ങൾക്കുണ്ടാകുന്ന അപചയത്തിൽനിന്നും വെള്ളരിക്ക സംരക്ഷണം നല്കുന്നു.
• വെള്ളരിക്കയിലടങ്ങിയിരിക്കുന്ന വിറ്റമിൻ ബി കോംപ്ലക്സിന്റെ സാന്നിധ്യം കൊണ്ട് മാനസികപിരിമുറുക്കം കുറയ്ക്കാൻ സാധിക്കുന്നു.
• വെള്ളരിക്കയിലെ കാംപ്ഫെറോൾ എന്ന നിരോക്സീകാരി കാൻസറിനെതിരേ പ്രതിരോധിക്കുവാൻ സഹായിക്കുകയും ഹൃദ്രോഗമുൾപ്പെടെയുള്ള മാരകരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
• ശരീരതാപം കുറയ്ക്കുന്നതിനും ദഹനേന്ദ്രിയത്തിലെ അമിത ഊഷ്മാവ് കുറയ്ക്കുകയും ചെയ്യുന്നതു വഴി ശ്വാസദുർഗ്ഗന്ധം തടയാൻ വെള്ളരിക്ക സഹായിക്കുന്നു. ഇതിന്റെ കഷണങ്ങൾ വായയുടെ മേൽ ഭിത്തിയിൽ ചേർത്തു വയ്ക്കുന്നത് വായ്നാറ്റമുണ്ടാക്കുന്ന ബാക്ടീരിയങ്ങളെ നശിപ്പിക്കാൻ സഹായകമാണ്.
• വെള്ളരിക്ക ധാരാളം ജലാംശമുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.
• വെള്ളരിക്ക പച്ചയായും സലാഡുണ്ടാക്കിയും കഴിക്കാറുണ്ട് കൂടാതെ തീയൽ, അവിയൽ, സാമ്പാർ, പച്ചടി, കിച്ചടി, പുളിശ്ശേരി തുടങ്ങിയ കേരളീയവിഭവങ്ങളിലെ ഒരു പ്രധാന ഘടകമാണ് വെള്ളരിക്ക. ഇതിന്റെ ജ്യൂസും ആളുകൾക്ക് ഇഷ്ടപാനീയമാണ്.