ദശമൂലങ്ങളിൽ പെടുന്ന ഒരു ഔഷധസസ്യമാണ് ഓരില. ഫാബേസിയേ എന്ന സസ്യകുടുംബത്തിൽ പെടുന്നു. ഏകദേശം 1 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണ്. ഔഷധയോഗ്യ ഭാഗമായ വേരിൽ ആൽക്കലോയ്ഡ്, റെസിൻ എന്നീ രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗത്തിനും വാതരോഗത്തിനുമാണ് ഓരില പ്രധാനമായും ഉപയോഗിക്കുന്നത്. ഹൃദയപേശികളെ ബലപ്പെടുത്തുകയും വാതം, പിത്തം, കഫം എന്നീ മൂന്നുദോഷങ്ങളേയും ശമിപ്പിക്കുകയും ചെയ്യുന്ന ഒരു ഔഷധിയാണിത്.
മണ്ണും കാലാവസ്ഥയും
ഓരില എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നീരൊഴുക്കു കൂടി ഇതും ക്ഷാരഗുണം കൂടിയതുമായ മണ്ണിൽ നന്നായി വളരില്ല. ഓരിലയുടെ കൃഷിയ്ക്ക് ഏറ്റവും യോജിച്ചത് മണൽമണ്ണാണ്. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഓരില നന്നായി വളരുന്നത്.
കൃഷിരീതി
വിത്ത് മുളപ്പിച്ചാണ് തൈകളുണ്ടാക്കുന്നത്. വിത്ത് നേരിട്ട് കൃഷി സ്ഥലത്ത് വിതയ്ക്കുകയോ അല്ലെങ്കിൽ നഴ്സറിയിൽ വിത്ത് മുളപ്പിച്ച് തൈകൾ കൃഷിസ്ഥലത്തേക്ക് മാറ്റി നടുകയോ ആകാം. വരികൾ തമ്മിൽ 40 സെന്റിമീറ്ററും ചെടികൾ തമ്മിൽ 20 സെന്റിമീറ്ററും അകലത്തിൽ വേണം ചെടികൾ നടാൻ. കൃഷിസ്ഥലം തയ്യാറാക്കുമ്പോൾ ഒരു ഏക്കറിന് 4 ടൺ എന്ന തോതിൽ കാലിവളമോ, 1.5 ടൺ എന്ന തോതിൽ മണ്ണിരകമ്പോസ്റ്റോ ഇട്ട് നന്നായി ഇളക്കികൊടുക്കണം. മഴ കുറവുള്ള മാസങ്ങളിൽ ഇടയ്ക്കിടക്ക് നനച്ചുകൊടുക്കുന്നത് നല്ലതാണ്. കൃഷിസ്ഥലത്ത് 3-4 മാസം കഴിയുമ്പോൾ കളകൾ പറിച്ച് മണ്ണ് കയറ്റികൊടുക്കണം.
വിളവെടുക്കലും സംസ്ക്കരണവും
കൃഷിചെയ്ത ഓരില 8-9 മാസത്തിനകം വിളവെടുക്കാൻ പാകമാകും. ഒരു ഏക്കർ സ്ഥലത്ത് നിന്ന് വർഷത്തിൽ ഏകദേശം 200-280 കിലോഗ്രാം വേര് ലഭിക്കും. ചെടികൾ വേരോടെ പിഴുതെടുത്ത് വേര് മുറിച്ച് മാറ്റി ശേഖരിക്കാം. വേര് ഉണക്കി ശേഖരിക്കാവുന്നതാണ്. പയർവർഗ്ഗത്തിൽപെടുന്ന ചെടിയായതിനാൽ മണ്ണിൽ പാക്യജനകത്തിന്റെ അളവ് കൂടുന്നതിന് ഓരില കൃഷി സഹായിക്കും.