ദഹി അല്ലെങ്കിൽ ദധി എന്ന് സംസ്കൃതത്തിൽ പറയുന്നു. കാച്ചിയോ, കാച്ചാതെയോ തണുപ്പിച്ച് പാലിൽ മോരോ തൈരോ ഉറ ഒഴിച്ച് കിട്ടുന്നതാണ് തൈര്. ഇങ്ങലന കിട്ടുന്ന തൈര് ഉഷ്ണവും സ്നിഗ്ധവും കഷായ രസമുള്ളതും വിപാകത്തിൽ അമ്ല രസവും, ദഹിക്കാൻ പാടുള്ളതുമാണ്. ആയുർവേദശാസ്ത്രത്തിൽ നിർമ്മാണ രീതിയേയും രുചിയേയും അടിസ്ഥാനപ്പെടുത്തി തൈരിനെ പലതരമായി തിരിച്ചിരിക്കുന്നു. യുക്തിപൂർവ്വം ഉപയോഗിക്കുന്ന പക്ഷം തൈര് പല രോഗങ്ങൾക്കും ഉത്തമമായ ഒരു ഔഷധമാണ് എന്നാൽ സാധാരണയായിത്തന്നെ തൈര് മലബന്ധതതെ ഉണ്ടാക്കുന്നതും പിത്തം, രക്തം, കഫം എന്നിവയെ ദുഷിപ്പിക്കുന്നതും, ദുർമേദസ്സിന് വർദ്ധിപ്പിക്കുന്നതും നീർക്കെട്ടിനെ ഉണ്ടാക്കുന്നതുമാണ്.
തൈരിൻറെ വിഭാഗങ്ങൾ
മന്ദം: ശരിയായ രീതിയിൽ ഉറകൂടാത്തതിനാൽ അവ്യക്തമായ രുചിയോടുകൂടിയതാണ് മന്ദം. ഇത് മലമൂത്രങ്ങളെ പ്രവർത്തിപ്പിക്കുന്നതാണ്. ത്രിദോഷങ്ങളെ വർദ്ധിപ്പിക്കുന്നതും ശരീരത്തിൽ ചുട്ടുനീറ്റൽ ഉണ്ടാക്കുന്നതുമാണ്.
സ്വാദുദധി: ശരിയായ രീതിയിൽ ഉറകൂടിയതും, മധുര രസമുള്ളതും, പുളിരസം വരാത്തതുമായ തൈരാണ് സ്വാദുദധി. ഇത് അഭിഷ്യധി മേദസ്സ്, കഫം, എന്നിവയെ വർദ്ധിപ്പിക്കുന്നതും, ശരീരബലം ശുക്ലം ഇവയേയും വർദ്ധിപ്പിക്കുന്നതുമാണ്. വാതം, പിത്തം, രക്തപിത്തം എന്നിവയെ ശമിപ്പിക്കുന്നതുമാണ്.
സ്വാദദധി ശരിയായ രീതിയിൽ ഉറകൂടിയതും ആദ്യം മധുര രസവും പിന്ന അമ്ലരസവും, പിന്നെ കഷായ രസവും ഉളളതുമായ തൈരിനെയാണ് സാധാരണയായി സ്വാദമൃദധി എന്നു പറയുന്നത്. ഇതാണ് നാം സാധാരണയായി പറയുന്ന തൈര് എന്ന പറയാം
അമ്ലദധി: പുളിച്ച തൈരാണിത്. ഇത് അഗ്നിയേ ഉത്തേജിപ്പിക്കുകയും, രക്തം, കഫം, പിത്തം ഇവയെ ദുഷിപ്പിക്കുകയും ചെയ്യുന്നു.
അത്യുമ്ലദധി: പല്ലു പുളിക്കുന്നതരത്തിൽ പുളിയുള്ള തൈരാണിത്. ഇത് കഴിച്ചാൽ ത്വക്കിൽ രോമാഞ്ചമുണ്ടാകുകയും കണ്ഠത്തിൽ പുളിച്ചു തികട്ടൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അഗ്നിയെ വർദ്ധിപ്പിക്കുന്നതും. വാതം പിത്തം ഇവയെ ദുഷിപ്പിക്കുന്നതുമാണ്.
നിർമ്മാണ പ്രക്രിയയെ ആശ്രയിച്ച് തൈരിന്റെ ഗുണത്തിൽ വളരെയേറെ മാറ്റങ്ങൾ വരുന്നുണ്ട്. ആയുർവേദ ശാസ്ത്രത്തിൽ അതിനനുസരിച്ച് തൈരിന്റെ ഗുണത്തെ പറഞ്ഞിരിക്കുന്നു.
കാച്ചിയ പാലിൽ നിന്നും കിട്ടുന്ന തൈര് രുചികരവും സ്നിഗ്ധവും, അധിക ഗുണമുള്ളതും, വാതം പിത്തം എന്നിവയെ ശമിപ്പിക്കുന്നതും, ശരീരബലം, ധാതുക്കളുടെ വൃദ്ധി, ശുക്ലവൃദ്ധി എന്നിവയെ പ്രദാനം ചെയ്യുന്നതുമാണ്
വെള്ളം ചേർക്കാത്ത പാലിൽ നിന്നും ഉള്ള തൈര്, വയറ്റിൽ സ്തംഭനവും, മലബന്ധവും ഉണ്ടാക്കുന്നതും, തണുത്തതും വാതത്തെ വർദ്ധിപ്പിക്കുന്നതുമാണ് എന്നാൽ അത് ദഹനത്തെ വർദ്ധിപ്പിക്കുകയും രുചിയെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഗ്രഹണിരോഗങ്ങൾ ശമിപ്പിക്കുന്നതിന് ഇത് ഉത്തമമാണ്.
വസ്ത്രത്തിൽ അരിച്ചു ജലാംശം കളഞ്ഞ തൈര് കട്ടിയുള്ളതും, ദഹിക്കാൻ പാടുള്ളതും, കഫത്തെ വർദ്ധിപ്പിക്കുന്നും, പിത്തത്തെ അല്പം വർദ്ധിപ്പിക്കുന്നതും ശരീരബലം പുഷ്ടി ഇവ പ്രദാനം ചെയ്യുന്നതും വാതത്തെ ശമിപ്പിക്കുന്നതുമാണ്
ദധനസരം: ഉറഞ്ഞ് കട്ടിയായ തൈരിന്റെ മുകൾ ഭാഗത്തു കാണുന്ന നെയ്യ് പോലെ കട്ടിയായ ഭാഗത്തെയാണ് ദധനസരം എന്ന് പറയുന്നത്. ഇത് രുചികരവും, ശുക്ലബലവർദ്ധകവുമാണ്. അമ്ലരസയുക്തവും, പിത്ത കഫവർദ്ധനവും, വാതരോഗങ്ങൾ മൂത്രാശയ രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നതുമാണ്.
മസ്ത: തൈരിന്റെ തെളിയാണ് മസ്ത. ഇത് ക്ഷീണത്തെ അകറ്റുന്നതും മലത്തെ ഭേദിക്കുന്നതും, ബലം, ശുക്ലം ഇവയെ വർദ്ധിപ്പിക്കുന്നതും നാഡികളെ ശുദ്ധീകരിക്കുന്നതും, ആഹാരത്തിലുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നതും, കഫം, വാതം, ദാഹം ശമിപ്പിക്കുന്നതും ആഹ്ലാദം ഉണ്ടാകുന്നതുമാണ്.
തൈരുപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. രാത്രി അരുത്.
2. ചൂടാക്കി ഉപയോഗിക്കരുത്
3. വസന്തം, ഗ്രീഷ്മം, ശരത്ത് എന്നീ ഋതുക്കളിൽ ഉപയോഗിക്കരുത്.
4. ചെറുപയറു കറി, തേൻ, നെല്ലിക്ക, പഞ്ചസാര ഇവയിൽ ഏതെങ്കിലുമൊന്ന് ചേർക്കാതെ ഉപയോഗിക്കരുത്
5. ഇവയിലേതെങ്കിലും ചേർത്തായാലും നിത്യവും ഉപയോഗിക്കരുത്.
6. മന്ഥമായ ർ ഉപയോഗിക്കരുത്
7. ഈ നിർദ്ദേശങ്ങൾക്കു വിരുദ്ധമായി തൈര് ഉപയോഗിച്ചാൽ പനി, ജലദോഷം, ചൊറി, രക്ത പിത്തം, പാണ്ഡു (അനിമിയ), വിളർച്ചാരോഗങ്ങൾ, കാമില (മഞ്ഞനോവ്) എന്നിവയുണ്ടാവും.
ആയുർവേദശാസ്ത്രത്തിൽ പറയുമ്പോലെ തൈര് അകത്തും പുറത്തും വിവിധതരം രോഗങ്ങളുടെ അവസ്ഥകളിൽ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. ഔഷധയോഗങ്ങളിലും ഇതൊരു പ്രധാനപ്പെട്ട കൂട്ടായി കാണാൻ സാധിക്കും.
തൈരു ചേരുന്ന ചില ഔഷധയോഗങ്ങളാണ് കൊട്ടംചുക്കാദി തൈലം, ചിഞ്ചാദി തൈലം, മഷ്ഫലഘൃതം, മാഹാരാജപ്രസാമണിതൈലം, ലാക്ഷാദികാലം എന്നിവ.