ഓരോ തവണയും ഒരു ഐസ്ക്രീം നിങ്ങൾ കഴിക്കുമ്പോൾ, മനസിൽ വളരെ അധികം സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഐസ്‌ക്രീം സന്തോഷത്തിന്റെ ഹോർമോണിനെ ഉത്തേജിപ്പിക്കുകയും, ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഐസ്ക്രീമിൽ ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം മനസ്സിന് ശാന്തതയും, ഉറക്കമില്ലായ്മയെ ചെറുക്കാനും ഐസ്ക്രീം കഴിക്കുന്നത് വഴി സാധ്യമാവുന്നു.
ഐസ്ക്രീം കഴിക്കുന്നതിന്റെ ഗുണങ്ങൾ
1. ഐസ്ക്രീം കാർബോഹൈഡ്രേറ്റിന്റെ നല്ല ഉറവിടമായതിനാൽ ഇത് നിങ്ങളുടെ സ്വാഭാവിക ഊർജനില ഉയർത്താൻ സഹായിക്കും, സാധാരണയായി 100 ഗ്രാമിൽ 15 മുതൽ 20 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് തയ്യാറാക്കുന്ന രീതിയെ ആശ്രയിച്ച് അതിന്റെ പോഷകമൂല്യത്തിൽ വ്യത്യാസമുണ്ടാകുമെങ്കിലും,100 ഗ്രാം ഐസ്‌ക്രീമിൽ ഏകദേശം 8 ഗ്രാം കൊഴുപ്പും 2 മുതൽ 4 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. നിങ്ങൾ ഒരു കായിക താരമാണെങ്കിൽ, പരിശീലനത്തിനോ മത്സരത്തിനോ മുമ്പായി ശരീരത്തിന്റെ ഊർജ്ജ നിലയും, പ്രകടനവും ഉയർത്താനായി ഐസ്ക്രീം കഴിക്കാം.
2. ശരീരഭാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ, ദിവസവും അൽപ്പം കൂടുതൽ ഐസ്ക്രീം കഴിക്കുന്നതും വളരെ നല്ലതാണ്! നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണ് ഐസ്ക്രീം. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് ഐസ്ക്രീം. ഡോക്ടർസ് പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ ബി കോംപ്ലക്സും, കൊഴുപ്പും, പോഷകങ്ങളായ വിറ്റാമിൻ എ, ഡി, ഇ എന്നിവയുടെ നല്ല അളവും ഇതിൽ അടങ്ങിയിട്ടുണ്ട്.
3. ഐസ്ക്രീമിൽ കാണപ്പെടുന്ന മറ്റു ധാതുക്കളാണ് മഗ്നീഷ്യം, അയഡിൻ, സിങ്ക്, പൊട്ടാസ്യം, വിറ്റാമിൻ സി. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെറിയ അളവിൽ ഐസ്ക്രീം കഴിക്കുകയും, അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ, ഐസ്ക്രീം നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര പോഷകങ്ങൾ നൽകിക്കൊണ്ട് പരമാവധി ഗുണം ചെയ്യും.
4. ഭാവിയിൽ അമ്മയാവാൻ ശ്രമിക്കുന്നവർക്കും, ഗർഭിണിയാവാൻ ശ്രമിക്കുന്നവർക്കും ഒരു സന്തോഷവാർത്തയുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കുന്ന സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങളോ അവയുടെ ഡെറിവേറ്റീവുകളോ, ഐസ്ക്രീം പോലെയുള്ളവ കഴിക്കുന്ന സ്ത്രീകൾക്ക് ഗർഭിണിയാകാനുള്ള സാധ്യത വർദ്ധിക്കുന്നു എന്ന് ഹ്യൂമൻ റീപ്രൊഡക്ഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ആഴ്ചയിൽ രണ്ടുതവണ ഐസ്ക്രീം കഴിക്കുന്ന സ്ത്രീകൾക്ക്, അവരുടെ പ്രത്യുൽപാദന സാധ്യത 38% വർദ്ധിച്ചു എന്ന് പഠനങ്ങൾ കണ്ടെത്തി.
5. ലാക്ടോസ് ഫ്രീ ഐസ്ക്രീമും വിപണിയിൽ നിലവിലുണ്ട്. ഇത് ലാക്ടോസ് ഇൻട്ടോളറൻസ് അനുഭവിക്കുന്നവർക്ക് കഴിക്കാൻ ഉത്തമമാണ്. സാധാരണ ഐസ്ക്രീം കഴിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഈ ലാക്ടോസ് ഫ്രീ ഐസ്ക്രീം ആസ്വദിക്കാം അല്ലെങ്കിൽ
ലാക്ടോസ് ഫ്രീ പാൽ ഉപയോഗിച്ച് സ്വയം ഐസ്ക്രീം ഉണ്ടാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്ന കുറച്ച് ഭക്ഷണപാനീയങ്ങൾ പരിചയപ്പെടാം...