നാടൻപശുവിനെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു.
- 22 വയസ്സിനുള്ളിലുള്ള നാടൻ പശുക്കുട്ടികളെ വാങ്ങുകയാണുത്തമം.
- ഇണക്കമുള്ളതും ശാന്തസ്വഭാവമുള്ളതുമായിരിക്കണം.
- ഇനമേതെന്ന് ഉറപ്പുവരുത്തുവാൻ തള്ളപ്പശുവിനെ കുത്തിവയ്പ്പിച്ചതിന്റെ രേഖകളുണ്ടെങ്കിൽ ചോദിച്ചുവാങ്ങുക (വംശശുദ്ധി ഉറപ്പാക്കാൻ ആണിത് )
- അഴിച്ചുവിട്ട് തോട്ടങ്ങളിൽ കൂട്ടമായി വളരുന്നതാണെങ്കിൽ ഇനം തിരിച്ചറിയാൻ വിഷമമാണ്.
- പ്രസവിച്ച പശുവിനെ വാങ്ങുകയാണെങ്കിൽ കുട്ടി പശുക്കുട്ടിയാണെങ്കിൽ മെച്ചമായിരിക്കും.
തീർത്തും ആരോഗ്യമില്ലാത്ത കുട്ടിയാണെങ്കിൽ കുട്ടി രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കരുത്.
- കണ്ണുകൾ തിളക്കമുള്ളതും ചെവി വട്ടംപിടിച്ച് ശ്രദ്ധിക്കുന്ന സ്വഭാവമുള്ളതുമായിരിക്കണം.
- കണ്ണിൽക്കൂടി വെള്ളം വരുന്ന പശുക്കൾ നല്ലതല്ല.
- മിനുക്കമുള്ള രോമം, അയവുള്ള തൊലി, പറ്റുരോമം (നീളം കുറഞ്ഞ രോമം) ഇതൊക്കെ നല്ല ലക്ഷണം.
- വാൽ നീളം കൂടിയതായിരിക്കണം. നിലത്തുകിടന്നിടയുന്നത് ഉത്തമം. വാൽക്കൊരു ഭംഗിയുള്ളതാകണം.
- ചാണകം വരക്കെട്ടുള്ളതും (കുടമ്പുളിയുടെ പുറംപോലെ) കറുത്ത നിറമുള്ളതുമായിരിക്കണം. അധികം അയഞ്ഞ ചാണകം നല്ല ലക്ഷണമല്ല, മിക്കവാറും കാലിത്തീറ്റ കൊടുക്കുന്നതായിരിക്കും.
- പറമ്പിൽ ഒരു സ്ഥലത്ത് കെട്ടിയാൽ ആ സ്ഥലത്തെ പുല്ലു മുഴുവൻ തിന്നുതീർത്ത് വെളുരിക്കുന്നത് നല്ല ലക്ഷണമാണ്. തീൻമൂർച്ചയുള്ള പശുവാണ് ഒന്നു രണ്ടു ചുരയ്ക്കു തന്നെ മുഴുവൻ പാലും കിട്ടുന്നത് ഉത്തമം.
- ചുമലിൽ പൂഞ്ഞ ഉണ്ടായിരിക്കണം. മൂരികൾക്ക് പൂഞ്ഞ വലിപ്പമേറിയതും പശുക്കൾക്ക് വലിപ്പം കുറവുമായിരിക്കും.
- മുതുക്, തല, നെറ്റി, പൂഞ്ഞ എന്നിവിടങ്ങളിൽ എവിടെയെങ്കിലും ചുഴി ഉണ്ടാകാറുണ്ട്. ചുഴിയുള്ളത് നല്ലതാണ്. പൂഞ്ഞയിൽ ചുഴി ഉണ്ടാകുന്നത് രാജചുഴി - ഏറ്റവും നല്ലത്.
- ഒറ്റ നിറമായിരിക്കണം. നെറ്റിയിൽ വെള്ളപ്പൊട്ട് ചില കാസർഗോഡ് പശുക്കളിൽ കാണാറുണ്ട്. ഇതിനു കുഴപ്പമില്ല.
- കുട്ടിക്കൊമ്പ് കൊള്ളില്ല. സൂചിക്കൊമ്പാണ് നല്ലത്.
- മുമ്പോട്ടു വളഞ്ഞ് കണ്ണിനു മുകളിലേക്കു നിൽക്കുന്ന കൊമ്പുള്ള പശുക്കളാണ് ഏറ്റവും നല്ലത്.
- പൊക്കം കുറവായിരിക്കണം. മിക്ക ദക്ഷിണേന്ത്യൻ പശുക്കളും പൊക്കം കുറഞ്ഞവയാണ്. 1 മീറ്ററിനടുത്താണ് ഉയരം. ഉയരം കൂടിയാൽ വിദേശി ഇനങ്ങളുടെ സങ്കരമാകാൻ സാധ്യത കൂടുതലാണ്.
- കാൽപ്പൊക്കം കുറവായിരിക്കണം.
- അരക്കെട്ട് വീതികൂടിയിരിക്കണം.
- കുളമ്പുകൾ ഉരുണ്ടതും ബലമേറിയതുമായിരിക്കണം. പരന്ന കുളമ്പ് കൊള്ളില്ല.
- ശരീരം ഒതുക്കമുള്ളതും മൊത്തത്തിൽ അഴകുള്ളതുമായിരിക്കണം.
- നടുവ് (മുതുക്) കുഴിഞ്ഞിരിക്കുന്നത് പ്രായം കൂടിയ പശുക്കൾക്കാണ്.
- അടുത്തുചെന്നാൽ കയ്യിലും ദേഹത്തുമൊക്കെ നക്കുന്ന പശുക്കൾ നല്ല ഇണക്കമുള്ളതാണ്. ഇവയെ വളർത്താൻ വളരെ എളുപ്പമാണ്. പ്രസവിച്ച് ആദ്യമാസങ്ങളിൽ 'ഇലങ്കറവ ' എന്നു പറയും. പാലിനു കൊഴുപ്പു കുറയും. അവസാനമാസങ്ങളിൽ വറ്റുപാൽ എന്നു പറയും. പാലിന് കൊഴുപ്പുകൂടും.
നാടൻപശുവിനെ ഒരു കുടുംബാംഗത്തെപ്പോലെയോ ഒരു കൂട്ടുകാരിയെപ്പോലെയോ കാണണം.
എത്ര പ്രസവിച്ചു എന്നറിയാൻ
ഓരോ പ്രസവം കഴിയുമ്പോഴും പശുക്കളുടെ കൊമ്പുകളിൽ വൃത്താകാരത്തിലുള്ള ഓരോ വളയം (വരകൾ) ഉണ്ടാകാറുണ്ട്. എത്ര പ്രസവിച്ചു എന്നറിയാൻ കൊമ്പിൽ എത്ര വരച്ചുറ്റുണ്ട് എന്ന് എണ്ണിനോക്കിയാൽ മതി. നാടൻപശുക്കൾ 15-17 വരെ പ്രസവിക്കാറുണ്ട്.
പശുവിന്റെ പ്രായമറിയാൻ
ഒരു കിടാവ് ജനിക്കുമ്പോൾ രണ്ടു പാൽപ്പല്ലുകൾ ഉണ്ടാവും. അതിന് പാൽ നിറമായിരിക്കും. ആറു മാസം പ്രായമാകുമ്പോഴേക്കും എട്ടു പാൽപ്പല്ലുകൾ ആകെയുണ്ടാകും. രണ്ടു വയസ്സാകുമ്പോഴേക്കും ഈ പാൽപ്പല്ലുകൾക്ക് തേയ്മാനം വന്ന് അവ ക്രമേണ കൊഴിഞ്ഞുപോകും. പകരം മഞ്ഞനിറമുള്ള സ്ഥിരമായുള്ള പല്ലുകൾ വന്നുതുടങ്ങും.
2 വയസ്സാകുമ്പോൾ താഴെ നടുവിലത്തെ രണ്ടു പാൽപ്പല്ലുകൾ തേഞ്ഞ് കൊഴിയുന്നു, പകരം രണ്ടു സ്ഥിരം മഞ്ഞപ്പല്ലുകൾ അവിടെ വരുന്നു. മൂന്നു വയസ്സാകുമ്പോൾ നാലു പല്ലുകൾ കാണും. കാലികൾക്ക് അടിത്താടിയിലെ മോണയിൽ മാത്രമേ പല്ലുകൾ ഉണ്ടാകൂ. മേൽമോണയിൽ പല്ലുകളില്ല. മൂന്നര നാലുവയസ്സാകുമ്പോൾ ആറു പല്ലുകൾ ഉണ്ടാകും. നാലര അഞ്ചു വയസ്സാകുമ്പോഴേക്കും എട്ടു പല്ലുകൾ ആകെയുണ്ടാകും. ഇരുവശങ്ങളിലും താഴെയും മുകളിലുമായി അണപ്പല്ലുകൾ ഉണ്ടാകും. തീറ്റ തിന്നാൻ മാത്രമാണ് മുൻപിലത്തെ പല്ലുകൾ ഉപയോഗിക്കുന്നത്. അയവെട്ടാൻ അണപ്പല്ലുകളാണ് ഉപയോഗിക്കുന്നത്.
പശുവിന്റെ വായ പൊളിച്ചുനോക്കിയാൽ അണപ്പല്ലുകൾ കാണാൻ സാധിക്കില്ല. മുഖം നീണ്ടതായതിനാൽ വളരെ ഉള്ളിലാണ് അണപ്പല്ലുകൾ. പശുവിന് ആറേഴ് വയസ്സാകുമ്പോഴേക്കും നടുക്കത്തെ രണ്ടു പല്ലുകൾക്കു തേയ്മാനം വന്ന് തേഞ്ഞുനില്ക്കും. 8-9 വയസ്സാകുമ്പോഴേക്കും ഇരുവശങ്ങളിലെ ഓരോന്നു വീതം രണ്ടെണ്ണം കൂടി തേഞ്ഞു തീരും. പതിനൊന്ന് വയസ്സാകുമ്പോഴേക്കും പശുവിന്റെ എട്ടു പല്ലുകൾക്കും തേയ്മാനം വന്ന് തേഞ്ഞിരിക്കും.
11 വയസ്സു കഴിഞ്ഞാൽ തീറ്റ കുറയ്ക്കും. പല്ലിന് സ്വാധീനമില്ലാത്തതിനാലാണിത്. ഒരു പശുവിന്റെ ആയുസ്സ് 15-20 വർഷമാണ്. പശുവിനെ വാങ്ങുമ്പോൾ വായ് തുറന്ന് പല്ലുണ്ണി നോക്കി പശുവിന്റെ പ്രായം കണ്ടുപിടിക്കാം.