കുഞ്ഞുങ്ങളുടെ സുഖകരമായ ഉറക്കത്തിന് എപ്പോഴും തടസം മൂത്രമൊഴിച്ച് തുണികൾ നനയുന്നതാണ്. അതിന് വലിയൊരു പരിഹാരമായി കാണുന്നത് ഡയപ്പറുകളാണ്. എന്നാൽ കുഞ്ഞുങ്ങളെ പ്രധാനമായും ബാധിക്കുന്ന ചർമ പ്രശ്നങ്ങളിൽ ഒന്നാണ് ഡയപ്പർ റാഷ്. നനവ് തട്ടില്ല, മാറ്റാനും കളയാനും എളുപ്പം എന്നീ കാരണങ്ങളും തുണി കഴുകാനുള്ള ബുദ്ധമുട്ടും കാരണമാണ് പൊതുവെ എല്ലാ മാതാപിതാക്കളും ഡയപ്പർ തെരഞ്ഞെടുക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്കിൻ കാൻസർ കൂടുതൽ ബാധിക്കുന്നത് പുരുഷന്മാരെയോ?
കട്ടി കൂടുതലുള്ള ഡയപ്പറുകൾ ഉപയോഗിക്കുന്നത് വായു സഞ്ചാരം തടസപ്പെടുത്തുന്നു. ഇത് കുഞ്ഞുങ്ങളുടെ മൃദുല ചർമത്തിൽ പെട്ടെന്ന് മുറിവ് ഉണ്ടാക്കുന്നു. പൊള്ളലേറ്റ പോലുള്ള പാടോ, ചുവന്ന നിറമോ കുഞ്ഞുങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു.
പ്ലാസ്റ്റിക് ഡയപ്പറുകളിലെ രാസവസ്തുക്കളും കുഞ്ഞിന്റെ ചർമത്തിന് ദോഷം ചെയ്യുന്നു. തുണികൾ കൃത്യമായി വെയിലത്തിട്ട് ഉണക്കിയെടുത്ത് ഉപയോഗിച്ചാൽ നല്ലതാണ്. മാത്രമല്ല വായുസഞ്ചാരത്തിനും തുണിയാണ് നല്ലത്. എന്നാൽ ഡയപ്പർ കൊണ്ടുള്ള ചർമ പ്രശ്നങ്ങൾ വീട്ടിൽ വച്ച് തന്നെ പരിഹരിക്കാൻ നിരവധി വഴികളുണ്ട്.
ഓട്സ് (Oats)
കുഞ്ഞുങ്ങളുടെ ചർമത്തിൽ ഉണ്ടാകുന്ന വീക്കം മാറ്റാൻ ഓട്സിലെ ആന്റി ഓക്സിഡന്റ് ഘടകങ്ങൾ സഹായിക്കും. ഇതിനായി ഓട്സ് പേസ്റ്റോ, ഓട്സ് കുളിയോ തെരഞ്ഞെടുക്കാം.
ഓട്സ് കുളി എങ്ങനെ?
കുഞ്ഞിനെ കുളിപ്പിക്കാനുള്ള ഇളം ചൂട് വെള്ളത്തിൽ ഒരു പിടി പൊടിച്ച ഓട്സ് ചേർക്കാം. ഈ വെള്ളത്തിൽ കുറച്ച് നേരം കുഞ്ഞിനെ ഇരുത്തുക. മുറിവുള്ള ഭാഗത്ത് വെള്ളം നന്നായി ഒഴിച്ച് കൊടുക്കാം.
ഓട്സ് പേസ്റ്റ്
മൂന്ന് സ്പൂൺ വെള്ളത്തിൽ ഒരു സ്പൂൺ പൊടിച്ച ഓട്സ് ചേർത്ത് മിക്സ് ചെയ്യുക. ശേഷം റാഷ് ബാധിച്ച ഭാഗങ്ങളിൽ പുരട്ടാം.
വെളിച്ചെണ്ണ (Coconut Oil)
വെളിച്ചെണ്ണ സ്ഥിരമായി കുഞ്ഞിന്റെ ശരീരത്തിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. വരണ്ട ചർമത്തെ ചെറുക്കാനും, ഡയപ്പർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ തടയാനും വെളിച്ചെണ്ണ ഉത്തമമാണ്. കുളിപ്പിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ തേയ്ക്കുന്നതാണ് നല്ലത്.
കടുകെണ്ണ (Mustard Oil)
ഡയപ്പർ മൂലമുണ്ടാകുന്ന ചൊറിച്ചിൽ മാറ്റാൻ കടുകെണ്ണ നല്ലതാണ്. ചെറുതായി ചൂടാക്കിയ കടുകെണ്ണ ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടാം.
കറ്റാർവാഴ (Aloe vera)
കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ചുണങ്ങ് അകറ്റാൻ കറ്റാർവാഴ നല്ലതാണ്. അസ്വസ്ഥതയുള്ള ഭാഗം വൃത്തിയായി കഴുകി തുടച്ച ശേഷം കറ്റാർവാഴയുടെ ജെല്ല് പുരട്ടാം. ഏത് പ്രായത്തിലുള്ളവർക്കും ഇത് ഉപയോഗിക്കാം.
തൈര് (Curd)
ഡയപ്പർ മൂലം കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന പാടുകൾ അകറ്റാൻ തൈര് നല്ലതാണ്. തൈര് ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തി കുഞ്ഞുങ്ങൾക്ക് ആശ്വാസം നൽകും. അലർജിക്കും നല്ലൊരു പരിഹാരമാണിത്.
ഇന്തുപ്പ് (Pink salt)
ഇളം ചൂട് വെള്ളവും ഉപ്പും സമം ചേർത്ത് തുണിയിൽ മുക്കി റാഷുള്ള ഭാഗങ്ങളിൽ പതിയെ തുടയ്ക്കണം.
മുലപ്പാൽ (Breast milk)
റാഷിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമാണ് മുലപ്പാൽ. തിണർപ്പോ ചൊറിച്ചിലോ ഉള്ള ഭാഗങ്ങളിൽ കുറച്ച് മുലപ്പാൽ പുരട്ടിയ ശേഷം ഉണങ്ങാൻ അനുവദിക്കുക, അസ്വസ്ഥത മാറും.