തടി ചുരുക്കാനായി വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നവർ ധാരാളമുണ്ട്. എന്നാല്‍ ഉറക്കമുണര്‍ന്ന്, വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന 'ടാന്നിന്‍' വയറ്റിനകത്തെ ആസിഡ് അംശം വര്‍ധിപ്പിക്കുന്നു. ഇത് വയറുവേദനയ്ക്കും ഛര്‍ദ്ദിക്കുമെല്ലാം കാരണമാകും. ഈ പ്രശ്‌നങ്ങള്‍ പതിവായാല്‍ അത് ക്രമേണ മലബന്ധത്തിലേക്കും നയിക്കും.
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് വേറെയും ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. രക്തത്തെ കട്ട പിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഇടയാക്കും. അതിനാല്‍ രക്തം കട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുള്ളവരും രാവിലെ നിര്‍ബന്ധമായി ഗ്രീന്‍ ടീ ഒഴിവാക്കുക.
വിളര്‍ച്ചയുള്ളവരും ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം അയേണ്‍ വലിച്ചെടുക്കുന്നതിന്റെ അളവ് വീണ്ടും കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. ഇത് വിളര്‍ച്ചയെ ഒന്നുകൂടി ബലപ്പെടുത്തും.
അതുപോലെ ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന കഫീന്‍ അഡ്രിനാല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നുണ്ട്. അഡ്രിനാല്‍ ഗ്രന്ഥിയാണ് സ്‌ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നിവ ഉത്പാദിപ്പിക്കുന്നത്. ആയതിനാല്‍ ഗ്രീന്‍ ടീ ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കാനുമെല്ലാം ഇടയാക്കും. പ്രധാനമായും ഹൃദ്രോഗികളിലാണ് ഇത് സംഭവിക്കാറ്.
ഗ്രീന്‍ ടീ കഴിക്കുകയാണെങ്കില്‍ ആദ്യം എന്തെങ്കിലും സ്‌നാക്‌സോ പഴങ്ങളോ കഴിച്ച് അല്‍പസമയം കഴിഞ്ഞ ശേഷം മാത്രം കഴിക്കുക. ഇതാണ് ഗ്രീന്‍ ടീ കഴിക്കുന്നതിന്റെ രീതിയെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.