നാടെങ്ങും രാമായണശീലുകള്‍ മുഴങ്ങുന്ന സമയമാണിത്. അതുകൊണ്ടുതന്നെ രാമായണത്തില്‍ പരാമര്‍ശിക്കുന്ന ഒരു പഴത്തെപ്പറ്റി അല്പം കാര്യങ്ങള്‍ പറയാം
ശ്രീരാമന്‍ വനവാസകാലത്ത് കഴിച്ചിരുന്നതായി പറയപ്പെടുന്ന ഈ പഴത്തിന്റെ പേരുകേള്‍ക്കുമ്പോള്‍ പലരും തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചുനടക്കും. ഒരുകാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധാരാളമായുണ്ടായിരുന്ന ഞാവല്‍പ്പഴത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. ഒരിക്കലെങ്കിലും ഞാവല്‍പ്പഴം രുചിച്ചിട്ടുളളവര്‍ക്ക് അതിന്റെ ചവര്‍പ്പും മധുരവുമൊന്നും നാവിന്‍തുമ്പില്‍ നിന്ന് പോകില്ല. ഇപ്പോള്‍ കിട്ടാനല്പം ബുദ്ധിമുട്ടാണെങ്കിലും ഇതിന്റെ പോഷകഗുണങ്ങള്‍ ഞെട്ടിക്കുന്നതാണ്.
നമ്മുടെ ആയുര്‍വ്വേദമരുന്നുകള്‍ പലതിലും പ്രധാന ചേരുവയാണ് ഞാവല്‍പ്പഴം. പ്രമേഹരോഗത്തിന് ഞാവല്‍പ്പഴത്തെക്കാള്‍ മികച്ച മരുന്ന് വേറെയില്ലെന്ന് പൊതുവെ പറഞ്ഞുകേള്‍ക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ നല്ലതാണിത്. പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും സഹായിക്കും. ഹീമോഗ്ലോബിന്റെ തോത് കൂട്ടാനും സഹായകമാണ്. അതിനാല്‍ വിളര്‍ച്ച പോലുളള പ്രശ്നങ്ങളുളളവര്‍ക്ക് ഞാവല്‍പ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യും.
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനുമെല്ലാം ഞാവല്‍പ്പഴം സഹായിക്കും. ഹൃദ്രോഗസാധ്യത കുറയ്ക്കാനുമാകും. ഞാവല്‍പ്പഴത്തില്‍ വിറ്റാമിന്‍ എ, സി എന്നിവ ധാരാളമായുളളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ചര്‍മ്മസംരക്ഷണത്തിന് ഏറെ യോജിച്ചതാണിത്. മുഖക്കുരു പോലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. പല്ലുകളുടെ സംരക്ഷണത്തിനും ഞാവല്‍പ്പഴം കഴിക്കുന്നത് നല്ലതാണ്.