എരിവല്പം കൂടിയാലും മലയാളികള്‍ക്ക് കാന്താരി മുളകിനോട് പ്രത്യേക ഇഷ്ടം പണ്ടുകാലംതൊട്ടേയുണ്ട്. തൊടിയിലും പറമ്പിലുമെല്ലാം സുലഭമായി ലഭിച്ചിരുന്ന കാന്താരിയ്ക്ക് ഇപ്പോള്‍ ഡിമാന്റ് അല്പം കൂടുതലാണ്.
ഔഷധഗുണങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതോടെ വിപണിയിലെ താരമായി കാന്താരി മാറി. അതുപോലെ തന്നെ കാന്താരിയുടെ വിലയും ചിലപ്പോള്‍ നമ്മെ ഞെട്ടിക്കാറുണ്ട്.
കാന്താരി മുളകിന് തനതു ഗുണങ്ങള്‍ നല്‍കുന്ന കാപ്‌സിസിനില്‍ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ദഹനത്തെ കൂട്ടാനും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും കാപ്‌സിസിന്‍ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലില്‍ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു.
അതുപോലെ പ്രമേഹരോഗത്തിനും കാന്താരി നല്ലതാണ്. ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുകയും ചെയ്യും. ഇതുവഴി ഹൃദയാരോഗ്യത്തിന് കാന്താരി സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കാന്താരി ഉത്തമമാണ്. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. വൈറ്റമിനുകളായ എ, സി, ഇ എന്നിവ കാന്താരി മുളകില്‍ ധാരാളമായുണ്ട്. അതോടൊപ്പം കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും കാന്താരിയിലുണ്ട്.
സൂക്ഷിക്കേണ്ട കാര്യങ്ങളിലേക്ക്
കാന്താരിയുടെ ഗുണങ്ങളാണ് ഇതുവരെ പറഞ്ഞത്. എന്തും അമിതമായാല്‍ ദോഷമാണല്ലോ. അതുപോലെ തന്നെ കാന്താരിയ്ക്കും ചില പ്രശ്‌നങ്ങളുണ്ട്. കാന്താരി അമിതമായി ഉപയോഗിച്ചാല്‍ ശരീരത്തില്‍ പുകച്ചില്‍, ചൊറിച്ചില്‍, അമിത വിയര്‍പ്പ്, കണ്ണുനിറഞ്ഞ് ഒഴുകല്‍, മൂക്കൊലിപ്പ്, വായില്‍ പുകച്ചില്‍ എന്നിവ ഉണ്ടാകും. അതോടൊപ്പം വയറില്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. വൃക്ക, കരള്‍ രോഗങ്ങളുളളവരും അള്‍സര്‍ പോലുളള പ്രശ്‌നങ്ങളുളളവരും കാന്താരി അമിതമായി ഉപയോഗിക്കരുത്.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കാന്താരി അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. അത് കുഞ്ഞുങ്ങളില്‍ ത്വക് രോഗങ്ങള്‍ക്ക് ഇടയാക്കും. അതുപോലെ രണ്ടുവയസ്സില്‍ത്താഴെ പ്രായമുളള കുട്ടികള്‍ക്കും കാന്താരി കൊടുക്കുന്നത് ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. കാന്താരി വെറുതെ കഴിക്കുന്നതിന് പകരം മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നമില്ല.