നല്ല ആരോഗ്യത്തിന് ധാരാളം വെളളം കുടിയ്ക്കണമെന്ന് പൊതുവെ പറയാറുണ്ട്. നിത്യജീവിതത്തില്‍ നമ്മള്‍ പലതരം വസ്തുക്കളിട്ട് വെളളം തിളപ്പിക്കാറുണ്ട്.
കരിങ്ങാലി, ജീരകം, ഏലയ്ക്ക, തുളസി, പതിമുഖം ഇവയെല്ലാം അതില്‍ ചിലതുമാത്രം. എന്നാല്‍ കേട്ടോളൂ രാമച്ചമിട്ട വെളളം കുടിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആയുര്‍വ്വേദത്തില്‍ വലിയ പ്രാധാന്യം തന്നെയാണ് രാമച്ചത്തിനുളളത്.
ഔഷധഗുണങ്ങള്‍ ഏറെയുളള രാമച്ചത്തിന് ഒരു പ്രത്യേക സുഗന്ധം തന്നെയുണ്ട്. നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ രാമച്ചത്തിന് സാധിക്കും. വേനല്‍ച്ചൂടില്‍ ശരീരത്തിനല്പം തണുപ്പ് പകരാന്‍ രാമച്ചമിട്ട് വെളളം തിളപ്പിക്കാവുന്നതാണ്. അതല്ലെങ്കില്‍ തിളപ്പിച്ച് വെളളത്തിലേക്ക് രാമച്ചമിട്ട് വയ്ക്കാം.
മണ്‍പാത്രത്തിലോ മറ്റോ ഈ വെളളം ഒഴിച്ചുവയ്ക്കുകയാണെങ്കില്‍ ഏറെ ഗുണകരമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ക്ഷീണമകറ്റി പുത്തനുണര്‍വ്വ് കിട്ടാനും സാധിക്കും. വേനല്‍ച്ചൂട് കാരണമുളള പ്രശ്‌നങ്ങളും പരിഹരിക്കാം.
രാമച്ചത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുളള കൃഷിയ്ക്കും സാധ്യതകളേറെയാണ്. സുഗന്ധദ്രവ്യങ്ങളുടെയും സൗന്ദര്യവര്‍ധ ഉത്പ്പന്നങ്ങളുടെയും നിര്‍മാണത്തിന് രാമച്ചം ഉപയോഗിക്കാറുണ്ട്. രാമച്ചത്തിന്റെ വേരില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഖസ്ഖസ് എണ്ണ ഇതിന്റെ പ്രധാന ചേരുവകളിലൊന്നാണ്. കൂടാതെ വിശറികള്‍, കിടക്കകള്‍, വിരികള്‍, ചെരിപ്പുകള്‍, ബാഗ് എന്നിവയുടെ നിര്‍മ്മാണത്തിനും രാമച്ചം ഉപയോഗിച്ചുവരുന്നു. രാമച്ചം കൊണ്ടുളള സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നതുവഴി ചര്‍മ്മം മൃദുവായിത്തീരും. ശരീരം വൃത്തിയാകാനും ഏറെ നല്ലതാണിത്. എന്തിനേറെ രാമച്ചത്തിന്റെ മാസ്‌ക്ക് വരെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറെ യോജിച്ചതാണ് രാമച്ചത്തിന്റെ കൃഷി. നല്ല മഴയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളില്‍ നന്നായി വളരും. കളിമണ്‍ പ്രദേശങ്ങള്‍ കൃഷിയ്ക്ക് അനുയോജ്യമല്ല.