മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വിയര്‍പ്പു നാറ്റം. പ്രത്യേകിച്ച് വേനല്‍കാലമായാല്‍ ഈ പ്രശ്നം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും. പലപ്പോഴും നമ്മുടെ വിയര്‍പ്പുനാറ്റം മൂലം ആരും നമ്മുടെ അടുത്തേക്ക് വരാതെ അകലം പാലിക്കുകയും അത് നമുക്ക് ഭയങ്കര മാനസിക പ്രശ്‌നം ഉണ്ടാകുകയും ചെയ്യുന്നു. ശരീരം അമിതമായി ചൂടാകുമ്പോള്‍, അത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍(അപ്പോക്രിന്‍, എക്രിന്‍ ഗ്രന്ഥികള്‍) കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. സത്യത്തില്‍ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണ വിയര്‍പ്പിന് ദുര്‍ഗന്ധമില്ല, എന്നാല്‍ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്.
അത്‌കൊണ്ട് വിയര്‍പ്പ് ഉണ്ടാകാന്‍ സാധ്യത ഉള്ള സ്ഥലം എപ്പോഴും വൃത്തിയാക്കി വെയ്ക്കുക. വിയര്‍പ്പുനാറ്റം പല തരത്തില്‍ ഉണ്ട്. പാരമ്പര്യമായും, പല രോഗങ്ങള്‍ കൊണ്ടും വിയര്‍പ്പ് ഉണ്ടാകാറുണ്ട്. ചില സമയങ്ങളില്‍ പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരത്തില്‍ അസഹ്യമായ വിയര്‍പ്പ് നാറ്റം ഉണ്ടെങ്കില്‍ അവര്‍ കൃത്യ സമയത്ത് തന്നെ വൈദ്യസഹായം തേടണം. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും.
ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. കാരണം ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.
വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ യോഗ ചെയ്യുന്നത് വഴി തളര്‍ത്തും അത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.
ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും.
മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.
ഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍,എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ പരമാവധി ഒഴിവാക്കുക പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും.
കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുക്കുന്നു. അത് വഴി വിയര്‍പ്പിനെ നിയന്ത്രിക്കാം. നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കുക.
എങ്ങനെ വിയര്‍പ്പിനെ പ്രതിരോധിക്കാം?
കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും തേയ്ക്കുക.
വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക.
മാംസാഹാരങ്ങള്‍ കുറയ്ക്കുക.
സോഡ, കാപ്പി, ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ
കാല്പാദങ്ങളിലെ ദുർഗന്ധമകറ്റാൻ ഈ പൊടിക്കൈകൾ ചെയ്‌തു നോക്കൂ