വേനലിൻറെ ചൂടിൽ നമ്മളെല്ലാം ഭക്ഷിക്കാനാഗ്രഹിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കഴിക്കുമ്പോൾ മിക്കവരും കുരുക്കൾ തുപ്പി കളയുന്നു. ഇനി ആ ശീലം മാറ്റു, കാരണം, തണ്ണിമത്തൻ വിത്തുകൾ പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്.
ഒന്നാമതായി തണ്ണിമത്തനിൽ വളരെ കുറവ് കലോറിയാണ് അടങ്ങിയിരിക്കുന്നത്. മാത്രമല്ല, പോഷക ഗുണങ്ങളുടെ കാര്യത്തിലും ഇത് മുൻപന്തിയിലാണ്. പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടവും, എന്നാൽ കലോറി കുറവുള്ളതുമായ തണ്ണിമത്തൻ കുരുക്കൾ എങ്ങനെ കഴിക്കണം? ഇത് പഴത്തിനൊപ്പം ചവയ്ക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ, അവ വറുത്ത് ലഘുഭക്ഷണമായി കഴിക്കാൻ ശ്രമിക്കുക. നിങ്ങളുടെ അനാവശ്യ ഭക്ഷണ കൊതിക്ക് ആരോഗ്യകരമായ ഒരു പകരമാണിത്.
തണ്ണിമത്തൻ കുരു ഉണക്കി പൊടിച്ചത് ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകൾ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.ഉണക്കിയെടുത്ത തണ്ണിമത്തൻ കുരു നല്ല മയത്തിൽ പൊടിച്ചു സൂക്ഷിച്ചാൽ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേർക്കാം. ഇനിമുതൽ തണ്ണിമത്തൻ കുരു കളയണ്ട, ഉപയോഗിച്ചോളൂ.
പോഷക മൂല്യം
തണ്ണിമത്തൻ വിത്തുകൾ കാഴ്ചയിൽ തീരെ കുഞ്ഞനാണ്. അതിനാൽ മതിയായ ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ നിങ്ങൾ അവ ധാരാളമായി കഴിക്കേണ്ടതുണ്ട്. ഈ വിത്തുകളിൽ മതിയായ അളവിൽ സൂക്ഷ്മ പോഷകങ്ങൾ, ഇരുമ്പ്, സിങ്ക്, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കുറഞ്ഞ കലോറി
മുപ്പത് ഗ്രാം തണ്ണിമത്തൻ കുരുക്കളിൽ ഏകദേശം 158 കലോറി അടങ്ങിയിട്ടുണ്ട്. 30 ഗ്രാം കുരുക്കളുടെ എണ്ണം ഏകദേശം 400 ൽ കൂടുതലാണ്. ഇത് ഒറ്റയടിക്ക് കഴിക്കാവുന്നതിനെക്കാൾ കൂടിയ അളവാണ്. അതിനാൽ, സാധാരണ ഗതിയിൽ കഴിക്കാവുന്ന ഏകദേശം 4 ഗ്രാം ഭാരമുള്ള ഒരു പിടി തണ്ണിമത്തൻ വിത്തുകൾക്ക് 22 കലോറി മാത്രമേ ഉണ്ടാകൂ. ഇത് നിങ്ങൾ ഒറ്റയടിക്ക് കഴിക്കുന്ന ഒരു പാക്കറ്റ് ഉരുളക്കിഴങ്ങ് ചിപ്സിനേക്കാൾ വളരെ കുറഞ്ഞ അളവിലുള്ള കലോറിയാണ്. അതിനാൽ തണ്ണിമത്തൻ കുരു കഴിക്കുമ്പോൾ മറ്റൊരു തരത്തിൽ നിങ്ങളുടെ ശരീര ഭാരവും നിയന്ത്രണ വിധേയമാകുന്നു.
മഗ്നീഷ്യം
തണ്ണിമത്തനിൽ കാണപ്പെടുന്ന നിരവധി ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. ഒരു പിടി വിത്തുകളിൽ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഉപാപചയ പ്രക്രിയകൾക്ക് ഈ ധാതു വളരെ അത്യാവശ്യമാണ്. നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്താനും ഇത് ആവശ്യമാണ്.
ഇരുമ്പ്
ഒരു പിടി തണ്ണിമത്തൻ കുരുവിൽ 0.29 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. രക്തത്തിലൂടെ ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിന്റെ പ്രധാന ഘടകമാണ് ഇരുമ്പ്. കലോറിയെ ഊർജ്ജമാക്കി മാറ്റാനും അവ ഉപയോഗപ്പെടുത്താനും ഇരുമ്പ് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ നിങ്ങളുടെ ദൈനംദിന വ്യായാമ ദിനചര്യയെ ബാധിക്കും.
ഫോളേറ്റ്
ഫോളിക് ആസിഡ്, വിറ്റാമിൻ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമാണ്. കൂടാതെ ഹോമോസിസ്റ്റൈൻ (അമിനോ ആസിഡ്) അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ഫോളേറ്റിന്റെ കുറവ് പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങൾക്ക് കാരണമാകും എന്നതിനാൽ സാധാരണക്കാരേക്കാൾ കൂടുതൽ ഗർഭിണികൾക്ക് ഇത് ആവശ്യമാണ്.
നല്ല കൊഴുപ്പ്
മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ് തണ്ണിമത്തൻ കുരുക്കൾ. ഈ കൊഴുപ്പുകൾ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും എൽഡിഎല്ലിന്റെ (മോശം കൊളസ്‌ട്രോൾ) അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാൽ അമിതവണ്ണം ഉണ്ടാകുമെന്ന പേടിയും വേണ്ട.