വേലിഅരികിലും വെളിപ്രദേശത്തും സ്വയം മുളച്ചു വളരുന്ന ഒന്നാണ് എലന്തപ്പഴം അല്ലെങ്കിൽ ഇൻഡ്യൻ ചെറി (Indian cherry),ഇൻഡ്യൻ പ്ലം (Indian plum, Indian Jujube)
.വളരെ അധികം പഴങ്ങൾ ലഭിക്കുന്നത് കൊണ്ട് എലന്ത ഫലങ്ങൾക്ക് ദരിദ്രനാരായണന്മാരുടെ പഴം എന്നൊരു അപരനാമം കൂടിയുണ്ട്.
ഏപ്രിൽ മുതൽ ഡിസംബർ വരെയാണ് എലന്തയുടെ പൂക്കാലം. ഡിസംബർ തൊട്ട് മാർച്ച് വരെ പഴകാലവും.
നാടൻ പഴത്തിന് രസം കുറവാണ്. എന്നാൽ ഒട്ടു വൃക്ഷങ്ങളുടെ പഴം മുഴുപ്പ് കൊണ്ടും സ്വാദ് കൊണ്ടും മെച്ചപ്പെട്ടതാണ്.
ഓരോ വൃക്ഷത്തിൽ നിന്നും ആണ്ടുതോറും 500 മുതൽ 1000 റാത്തൽവരെ ഫലം ലഭിക്കും.
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ എലന്തമരങ്ങൾ ധാരാളമുണ്ടായിരുന്നു .
കാശ്മീരിലെ അളകനന്ദ നദി തീരത്ത് തപസ്സ് ചെയ്തിരുന്ന താപസ ശ്രേഷ്ഠന്മാരുടെ മുഖ്യ ആഹാരമായിരുന്നു ഇതിൻറെ ഫലങ്ങൾ.
സിക്കുകാർ എലന്തയെ ഒരു പുണ്യ വൃക്ഷമായി ( Sacred tree ) കരുതിവരുന്നു.
സിഖ് രാജാക്കന്മാരുടെ അമൃതേത്തിന് എലന്തപ്പഴം നിർബന്ധവും ആയിരുന്നു.
ഉമ്രൻ, കൈത്തിലി, ദന്തൻ, പോഞ്ചൽ എന്നിവയാണ് ഗുണം മെച്ചമുള്ള പഞ്ചാബി ഇനങ്ങൾ.
കേരളത്തിൽ എലന്ത മരങ്ങൾ കുറവാണ്. വടക്കൻ ചീനയിലെ(Northern China) പഴങ്ങളാണ് സുപ്രസിദ്ധമായത്. സ്വാദിൽ പ്രഥമൻ. ഈ ഫലങ്ങൾ ഇഷ്ടപ്പെട്ട അമേരിക്കക്കാരുടെ ശ്രമഫലമായി അവിടേക്ക് കുടിയേറിയ എലന്ത ഇന്നും കാലിഫോർണിയ ക്കാരുടെ കണ്ണിലുണ്ണിയാണ്.
എലന്ത ഫലം പിത്തമയക്കം ശമിപ്പിക്കും. നല്ല ജീർണ്ണ ശക്തി ഉണ്ടാക്കുമെന്നാണ്.
ആയുർവേദ നിഘണ്ടു പ്രകാരം ഈ പഴം വാതം, പിത്തം ,രക്തദോഷം, അതിസാരം എന്നിവ ശമിപ്പിക്കുന്നു എന്ന് കാണുന്നു. ആധുനിക ശാസ്ത്ര നിരീക്ഷണത്തിൽ എലന്ത പഴത്തിൽ വിറ്റാമിൻ എ, ബി, സി എന്നിവ കണ്ടിരിക്കുന്നു. ഇതിൽ 12.8 ശതമാനം സസ്യനൂറും 0.8% ശതമാനം മാംസ്യവും, അത്രതന്നെ ഇരുമ്പും ഉണ്ട്. 0.4% ധാതുലവണങ്ങൾ ഇതിൽനിന്നു ലഭിക്കുന്നു. ഈ ഫലത്തിൽ കൊഴുപ്പു കുറവാണ് 0.1%. കാൽസ്യവും ഭാവകവും 0.3% ഉണ്ട്.
എലന്തക്കായ് കുരുകളഞ്ഞ് ഉപ്പും മുളകും കൂട്ടി അരച്ചുണ്ടാക്കിയ കൊണ്ടാട്ടം തമിഴർ സാധാരണയായി ഉപയോഗിക്കാറുണ്ട്.
ചർദ്ദി (Nausea) വിശപ്പില്ലായ്മ അഗ്നിമാന്ദ്യം, കാഫോപദ്രവം എന്നിവയെ ഇത് ഇല്ലാതാക്കും.
നല്ലയിനം എലന്തപ്പഴം മറ്റ് ഫലങ്ങളെ പോലെ മധുരം ഉള്ളവയാണ്. ഇംഗ്ലീഷിൽ കാൻഡി (Candy sweets) എന്ന് വിളിക്കുന്ന ഒരുതരം മിഠായി ഇതുകൊണ്ട് ഉണ്ടാക്കി വരുന്നുണ്ട്.
ഇലന്തമര തോലിനും ഇലയ്ക്കും ചവർപ്പ് രസമാണ്.
എലന്തമരത്തോൽ വയറിളക്കം (Dysentery) ഉണ്ടാകുമ്പോൾ തൈരിൽ അരച്ച് കൊടുക്കാവുന്നതാണ്. തളിരിലകൾ തൈരിൽ അരച്ച് നെല്ലിക്ക പ്രമാണം സേവിച്ചാലും മേൽപ്പറഞ്ഞ ഗുണം സിദ്ധിക്കും.
മരത്തോൽ ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിൽ (coconut oil)ചാലിച്ച് ചിരങ് ,ചൊറി ,വ്രണം എന്നിവയിൽ പുരട്ടുന്നത് ഫലപ്രദമായിരിക്കും. എലന്ത തളിരും അരച്ചു മേൽപ്രകാരം ഉപയോഗിക്കാവുന്നതാണ്.
എലന്തയിൽ കാട്ടിലന്ത എന്ന ഒരു വകയുണ്ട്.
ഗുണങ്ങൾ എലന്തയുടെ പോലെതന്നെ. എന്നാൽ ഈ മരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇതിൻറെ വിറക് കത്തുമ്പോൾ മറുഭാഗത്ത് നീരും എണ്ണയും കലർന്ന ഒരു ദ്രാവകം ഒലിക്കുന്നത് കാണാം. ഇത് വെൺകുഷ്ഠത്തിന് ഗുണപ്രദമായി ലേപനം ചെയ്യാവുന്നതാണ്.
സന്താനലബ്ധിക്കും എലന്തയെ വിശ്വസിക്കാം എന്നാണ് സിദ്ധരുടെ അഭിപ്രായം.
കുടുംബാസൂത്രണത്തിന്(Family planning) ശസ്ത്രക്രിയയും മറ്റു ഉപാധികളും ഇന്ന് നിലവിലുണ്ട്. എന്നാൽ സന്താനഭാഗ്യം കൈവരാത്ത ദമ്പതികൾക്ക് സിദ്ധർ കാട്ടുന്ന മാർഗ്ഗം ഇതാണ്.
ഒരുപിടി കാട്ടിലന്തയുടെ ഇലകൾ പറിച്ച് കഴുകിയെടുക്കുക. അതോടുകൂടി 10 കുരുമുളകും നാല് വെളുത്തുള്ളിയും ചേർത്തരച്ച് ഋതുവായ മൂന്നുദിവസം സ്ത്രീകൾക്ക് വെറും വയറ്റിൽ സേവിച്ചാൽ ഗർഭപാത്ര ദോഷം ആണെങ്കിൽ സുഖപ്പെടും. മഹോദരത്തിനും ഈ ഫലം ചേർത്തത് ഒരു യോഗം സിദ്ധർ നൽകുന്നുണ്ട്. പവിഴ ഭസ്മം ഉണ്ടാക്കുവാൻ സിദ്ധർ ലന്തയുടെ ഇലകളാണ് ഉപയോഗിച്ചുവരുന്നത്.