എല്ലാ ചേരുവയും സമം പാകമായാൽ കൈപുണ്യമുള്ള പാചകമെന്ന് പറയും. അതിനായി അത്യാവശ്യം പൊടിക്കൈകളും രസക്കൂട്ടുകളും പാചകത്തിൽ ഉൾപ്പെടുത്തുന്നവരുമുണ്ട്. എന്നാൽ ചേർക്കുന്ന മസാലയും പൊടിയും അൽപം കൂടിപ്പോയാൽ കറി ചിലപ്പോൾ കഴിക്കാൻ തന്നെ ബുദ്ധിമുട്ടാകും.
എരിവ് കൂടിയാൽ തേങ്ങാപ്പാൽ ചേർത്ത് അതിനെ സ്വാദുള്ളതാക്കുന്ന നുറുങ്ങുവിദ്യകൾ മിക്കയുള്ളവർക്കും അറിയാം. എന്നാൽ, കറിയിൽ ചേർക്കുന്ന ഉപ്പ് പലർക്കും വില്ലനാവാറുണ്ട്. എന്നാൽ, ഉപ്പ് കൂടിയാലും അത് അറിയാതിരിക്കാനുള്ള ചില ഉപായങ്ങളാണ് ഇനി പറയാൻ പോകുന്നത്.
തേങ്ങ അരച്ചു ചേർക്കാം
കുറച്ചു തേങ്ങ അരച്ച് കറിയിൽ ചേർത്താൽ അധികമുള്ള എരിവും ഉപ്പും കുറയ്ക്കാൻ സഹായിക്കും. തേങ്ങാപ്പാൽ ഒഴിക്കുന്നതും ഗുണം ചെയ്യും.
ഒരു നുള്ള് പഞ്ചസാര
ഉപ്പും എരിവും പുളിയും കൂടിയ കറികൾക്ക് ഒരു നുള്ള് പഞ്ചസാര മതി. അതുപോലെ തന്നെ വിനാഗിരിയുടെ ചവർപ്പും കറിയിലെ ഉപ്പിന്റെ അധികമായുള്ള അംശം ക്രമീകരിക്കപ്പെടാൻ സഹായിക്കുന്നു.
ചോറുരുള
ഉപ്പ് അധികമായാൽ പ്രയോഗിക്കാവുന്ന ഏറ്റവും നല്ല ഉപായമാണ് ചോറുരുള. ചോറ് ഉരുളയാക്കി കറിയിൽ ഇടുക. 15 മിനിറ്റിനുശേഷം ചോറുരുള തിരിച്ചെടുക്കുമ്പോൾ കറിയിലെ അധികമുള്ള ഉപ്പും മുളകും കുറഞ്ഞെന്ന് മനസ്സിലാക്കാം.
ചോറുരളക്ക് പകരം ഇതുപോലെ തന്നെ മാവ് കുഴച്ച് ഉരുളകളാക്കി കറിയില്‍ ചേര്‍ക്കാവുന്നതാണ്.
ജീരകപ്പൊടി
കറിയിൽ ഉപ്പു കൂടിയാൽ ജീരകം വറുത്തു പൊടിച്ച് ചേർക്കുന്നത് നല്ലതാണ്.
ഉരുളക്കിഴങ്ങും ഉപ്പ് കുറയ്‌ക്കും
ചിക്കൻ കറിയിലും മറ്റും ഉപ്പു കൂടിയാൽ അല്പം ഉരുളക്കിഴങ്ങ് ചേർക്കാറുണ്ട്. ഇങ്ങനെ ഉരുളക്കിഴങ്ങ് കറികളിൽ ചേർക്കുന്നത് അധികമായുള്ള ഉപ്പിനെ കുറയ്ക്കാൻ സഹായിക്കും.
എന്നാൽ ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി വേണം ചേർക്കാൻ. കറി തണുത്തശേഷം ഉരുളക്കിഴങ്ങ് എടുത്തു മാറ്റാം.
അച്ചാറിലെ ഉപ്പിന് തേങ്ങാവെള്ളം
അച്ചാറിൽ ഉപ്പ് കൂടിയാലും പ്രതിവിധിയുണ്ട്. അച്ചാറിൽ തേങ്ങാ വെള്ളമൊഴിച്ചു വച്ചാൽ അധികമുള്ള ഉപ്പ് കുറയും.
ചെറുനാരങ്ങാനീര്
മീൻകറിയിലും മറ്റ് മാംസ വിഭവങ്ങളിലും ഉപ്പിന്‍റെ അളവ് കൂടിയാൽ അതിൽ അൽപം ചെറുനാരങ്ങാനീര് ചേർക്കാം. ഇത് കറിക്ക് നല്ല രുചി നൽകാൻ സഹായിക്കും.
കറി തിളപ്പിക്കാം
ഉപ്പ് അധികമായെന്ന് തോന്നിയാല്‍ കറി അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഉപ്പ് ക്രമീകരിക്കാം.
തക്കാളിയും ഫലപ്രദം
തക്കാളി ചേർക്കുന്നത് അമിതമായ ഉപ്പിനെതിരെ ഗുണം ചെയ്യും. തക്കാളി ചെറുതായി അരിഞ്ഞോ, അരച്ചെടുത്തോ ചേര്‍ത്ത് അല്‍പനേരം കൂടി കറി വേവിക്കുക.
ഇതിനുപുറമേ പുളിയില്ലാത്ത തൈര്, സവാള വട്ടത്തിലരിഞ്ഞത് എന്നിവ ചേർക്കുന്നതും അമിത ഉപ്പിനെതിരെ ഫലം ചെയ്യുമെന്ന് മാത്രമല്ല, കറിക്ക് നല്ല രുചി കിട്ടാനും ഇത് സഹായിക്കും.