ഐസ് ആപ്പിളെന്ന് കേട്ടപ്പോള്‍ ഒന്നു ഞെട്ടിയെങ്കില്‍ ഇനി പറഞ്ഞുതരാം. പുതിയ ഇനം ആപ്പിളൊന്നുമല്ല കേട്ടോ ഇത്. നിങ്ങള്‍ക്കെല്ലാം സുപരിചിതമായ പനനൊങ്കിനെപ്പറ്റിയാണ് പറഞ്ഞുവന്നത്.
ദക്ഷിണേന്ത്യയില്‍ സുലഭമായി കാണപ്പെടുന്ന കരിമ്പനയില്‍ നിന്നുളള പഴമായ പനനൊങ്കിന്റെ മറ്റൊരു പേരാണ് ഐസ് ആപ്പിള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പല പേരുകളിലാണ് ഇതറിയപ്പെടുന്നത്.
വേനല്‍ക്കാലത്ത് മാത്രം ലഭ്യമായ ഈ പഴം ശരീരം തണുപ്പിക്കാന്‍ ഏറെ മികച്ചതാണ്. അതുമാത്രമല്ല ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതുമാണ്. വേനലില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ പനനൊങ്ക് കഴിക്കുന്നതിലൂടെ സാധിക്കും.
ശരീരത്തിലെ ചൂടിനെ തണുപ്പിക്കാന്‍ ഇതിനാകും. വേനല്‍ക്കാലത്തുണ്ടാകുന്ന സൂര്യാഘാതം പോലുളളവയില്‍ നിന്ന് രക്ഷനേടാനും ഇത് ഫലപ്രദമാണ്. ചിക്കന്‍ പോക്‌സ് ബാധിച്ചവര്‍ക്ക് നല്‍കാന്‍ പറ്റിയ പഴമാണിത്. ജലാംശം കകൂടുതലായുളളതിനാല്‍ തടി കുറയ്ക്കാനും നല്ലതാണ്. വേനല്‍ വന്നെത്തുമ്പോള്‍ മിക്കവരുടെയും പ്രശ്‌നമാണ് ചൂടുകുരു.
ഇതിനുളള മികച്ച പരിഹാരമാര്‍ഗം കൂടിയാണ് പനനൊങ്ക്. അതുപോലെ ഈ സമയത്തുണ്ടാകുന്ന ചുവന്ന നിറത്തിലുളള ചെറിയ തുടുപ്പുകളില്‍ നിന്നും പനനൊങ്ക് നമ്മുടെ ശരീരത്തിന് രക്ഷയേകും.
വൈറ്റമിന്‍ എ, ബി, സി, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, അയണ്‍, പൊട്ടാസ്യം എന്നിവയെല്ലാം പനനൊങ്കില്‍ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങള്‍, മലബന്ധം, മനംപുരട്ടല്‍ എന്നിവയ്‌ക്കെല്ലാം ഫലപ്രദമാണിത്. അതിനാല്‍ത്തന്നെ ഗര്‍ഭിണികള്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ്. പാലൂട്ടുന്ന അമ്മമാര്‍ക്കും നല്ലതാണിത്,
അതുപോലെ പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ പഴമാണിത്. കാരണം പനനൊങ്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പനനൊങ്ക് ഭക്ഷണത്തിന്റെ ഭാഗമാക്കാം. കാരണം ഇത് നമ്മുടെ ശരീരത്തില്‍ അധികമായുളള കൊഴുപ്പിനെ ഇല്ലാതാക്കും. വൈറ്റമിന്‍ സി കൂടുതലായി അടങ്ങിയിട്ടുളളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും മികച്ചതാണിത്.