ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതില്‍ ചില പരിമിതികളൊക്കെയുണ്ട്. എങ്കിലും മുറ്റത്തിറങ്ങി അല്പം വെയില്‍ കൊളളുന്നതിന് മടിയൊന്നും കാട്ടല്ലേ.
വെയിലും മഴയും മാറിമാറി വരുന്ന കാലാവസ്ഥയൊക്കെയാണ്. പക്ഷെ പറ്റാവുന്ന സമയത്തൊക്കെ അല്പം സൂര്യപ്രകാശമേല്‍ക്കാന്‍ ശ്രദ്ധിക്കാം.
ഓണ്‍ലൈന്‍ ക്ലാസ്സുകളൊക്കെയായി കുട്ടികളും വീട്ടില്‍ത്തന്നെയാണ്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങിയുളള കളികളും വളരെ കുറവാണ്. എന്നാല്‍ വെയില്‍ കൊളളാതെ വരുമ്പോള്‍ ശരീരത്തിന് വിറ്റാമിന്‍ ഡി കിട്ടാത്ത സാഹചര്യമുണ്ടാകും. വിറ്റാമിന്‍ ഡി കുറയുന്നത് കുട്ടികളില്‍ റിക്കറ്റ്‌സ് പോലുളള രോഗങ്ങള്‍ക്ക് കാരണമാകും. എല്ലുകള്‍ക്ക് ബലം കുറയുന്ന അവസ്ഥയാണിത്.
ഇതുവഴി എല്ലുകള്‍ ഒടിയാനും വളര്‍ച്ച മുരടിക്കാനുമെല്ലാം ഇടയാകും. അതിനാല്‍ കഴിയുന്ന സാഹചര്യങ്ങളില്‍ കുട്ടികളെ കുറച്ചുനേരത്തേക്കെങ്കിലും വെയില്‍ കൊളളാന്‍ അനുവദിക്കാം.
അതുപോലെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും വെയില്‍ കൊളളാനുളള സൗകര്യങ്ങള്‍ കുറവായിരിക്കും. പുറത്തിറങ്ങാതെ ഫ്‌ളാറ്റില്‍ അടച്ചിരിക്കുന്നവരുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് താരതമ്യേന കുറവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇത്തരത്തില്‍ എല്ലുകളുടെ ബലക്കുറവിന് ചികിത്സ തേടുന്നവരുടെ എണ്ണവും ഈയ്യിടെയായി കൂടിയിട്ടുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിലാണിത് കൂടുതലുളളത്.
ശരീരത്തിന് ഏറെ ആവശ്യമുളള വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന ഇത് സൂര്യപ്രകാശത്തിലൂടെയാണ് കൂടുതലായും ലഭിക്കുന്നത്. സൂര്യപ്രകാശം ശരീരത്തില്‍ തട്ടുമ്പോള്‍ അതിലെ അള്‍ട്രാവയലറ്റ് ബി കിരണങ്ങള്‍ ചര്‍മ്മത്തിലെ കോശങ്ങളുമായി പ്രവര്‍ത്തിച്ചാണ് വിറ്റാമിന്‍ ഡി നിര്‍മ്മിക്കുന്നത്.
വിറ്റാമിന്‍ ഡിയുടെ കുറവ് എല്ലുകള്‍ക്ക് ബലം കുറയാനും പൊട്ടാനും കാരണമാകും. അസ്ഥികള്‍ക്ക് ബലക്ഷയവും ഉണ്ടാകും. ഇങ്ങനെ വരുമ്പോള്‍ പ്രായമായവരില്‍ ചെറിയ വീഴ്ചകള്‍ പോലും എല്ലുകള്‍ പൊട്ടാന്‍ ഇടയാക്കും. അതുപോലെ വിറ്റാമിന്‍ ഡി കുറയുന്നത് അര്‍ബുദ സാധ്യതകള്‍ കൂട്ടുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. അതുപോലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഇടയാക്കും. വിറ്റാമിന്‍ ഡി കുറഞ്ഞവരില്‍ ടൈപ്പ് 2 പ്രമേഹത്തിനുളള സാധ്യതയും കൂടുതലാണ്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/for-covid-viatamin-d3-of-60000-iu-is-better/