അമിത കലോറി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ എല്ലാം തന്നെ ശരീരഭാരം കൂട്ടാനും, അമിതവണ്ണത്തിനും ഹോർമോൺ വ്യത്യാസങ്ങൾക്കും ഇടയാക്കുന്നു. ബീഫ്, പന്നിയിറച്ചി, സോസേജ്, ഹോട്ട് ഡോഗ് ഇനത്തിൽപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ പുരുഷബീജത്തിന്റെ ഘടനയെയും ഗുണനിലവാരത്തെയും സാരമായി ബാധിച്ച് പുരുഷ വന്ധ്യതയ്ക്ക് ഇടയാക്കുന്നു. കൂടാതെ ബീജ സങ്കലനത്തിന്റെ തോതിനേയും ഇവ സാരമായി ബാധിക്കുന്നു. അനാരോഗ്യകരമായ കൊഴുപ്പുകൾ, മധുരം എന്നിവ ധാരാളമായി സംസ്‌കരിച്ച ഭക്ഷണ പദാർത്ഥങ്ങളിൽ ഉണ്ടെന്നതാണ് ഇവയുടെ ദൂഷ്യഫലത്തിന് കാരണം.
സമൂഹത്തിൽ 35% വന്ധ്യത കാരണം സ്ത്രീ വന്ധ്യതമൂലമാണ്. അനേകം കാരണമുണ്ടെങ്കിലും അണ്ഡവിസർജനം ഇല്ലായ്‌മയാണ് പ്രധാന കാരണങ്ങളിൽ ഒന്ന്. ഇന്നത്തെ കൗമാരക്കാരിൽ ഏറ്റവുമധികം കാണുന്ന പോളിസിസ്റ്റിക് ഓവറിയാണ് സ്ത്രീവന്ധ്യതയ്ക്കു ഏറെയും ഇടയാക്കുന്നത്. ജീവിത രീതിയിൽ വന്ന മാറ്റങ്ങളും, അമിതവണ്ണവും, ആഹാര രീതിയിലെ മാറ്റങ്ങളുമാണ് യുവതികളിൽ അണ്ഡ വിസർജനമില്ലായ്‌മയ്ക്ക് ഇടയാക്കുന്നത്.
സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങളും, അമിത പാൽ ഉൽപ്പന്നങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, മധുരങ്ങൾ ഇവയെല്ലാം ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീയിൽ ഉണ്ടാക്കിയിട്ട്, ആർത്തവചക്രത്തിൽ മാറ്റങ്ങൾ വരുത്തി വന്ധ്യതയിലെത്തിക്കുന്നു. അമിതമായി മധുരമുള്ള പാനീയങ്ങളും, ബേക്കറി പദാർത്ഥങ്ങളും, അണ്ഡവിസർജനമില്ലായ്‌മ, ബീജസങ്കലനം, ഭ്രൂണത്തിന്റെ ഘടന, അതിൻ്റെ ഗുണനിലവാരം മുതലായ കാര്യങ്ങളെ സാരമായി ബാധിച്ച് സ്ത്രീ വന്ധ്യത കൂട്ടുന്നു.