അതിശൈത്യത്തിനൊപ്പം ദേശീയ തലസ്ഥാനമായ ഡൽഹി നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് നഗരത്തിലെയും സമീപത്തുള്ള സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെയും താഴ്ന്ന വായു നിലവാരം. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെല്ലാം ഇവിടത്തെ വായു വളരെ പരിതാപകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് ദിനംപ്രതിയുള്ള വാർത്തകളിൽ നിന്ന് നമ്മൾ മനസിലാക്കാറുണ്ട്.
പഠനത്തിനും ജോലി ആവശ്യങ്ങൾക്കും കൂടാതെ, പതിറ്റാണ്ടുകളായി കുടുംബത്തോടെയും ഒരുപാട് കേരളീയർ ഡൽഹിയിൽ താമസിക്കുന്നുണ്ട്.
തങ്ങൾക്ക് അധികം പരിചയമില്ലാത്ത കാലാവസ്ഥയെ അതിജീവിക്കണമെന്നതിന് ഉപരി, വായു മലിനീകരണത്തിൽ നിന്നുണ്ടാകുന്ന ഭവിഷ്യത്തുകളിൽ നിന്നും കരുതൽ എടുക്കണമെന്നത് മലയാളിക്ക് ഒരു വെല്ലുവിളി തന്നെയാണ്. കുറഞ്ഞ ഗുണനിലവാരമുള്ള അന്തരീക്ഷത്തിൽ നിന്നും ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും കണ്ണിന്‍റെയുമൊക്കെ സംരക്ഷണം ഉറപ്പാക്കണം.
ഇത്തരത്തിൽ മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും അൽപം കരുതൽ നൽകാം.
- ബീറ്റ്റൂട്ട്
ശ്വാസകോശത്തിന്‍റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്ന നൈട്രേറ്റ് സംയുക്തങ്ങൾ നിറയെ ഉൾക്കൊള്ളുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്.
ഈ നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ഓക്സിജൻ ആഗിരണം ചെയ്യുന്നതിലും ഇത് പ്രയോജനം ചെയ്യും.
ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, കരോട്ടിനോയിഡ് എന്നിവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
- മത്തങ്ങ
ശ്വാസകോശത്തെ സംരക്ഷിക്കുന്ന ഒട്ടനവധി സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മത്തങ്ങയിലുള്ള ആന്‍റി ഓക്‌സിഡന്‍റിന്‍റെ സാന്നിധ്യം ദഹന പ്രശ്‌നങ്ങൾക്കെതിരെയും മറ്റും പ്രവർത്തിക്കുന്നു. ഇതിലെ ബീറ്റാ കരോട്ടിൻ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയും ശ്വാസകോശത്തിന് മികച്ചതാണ്.
- ബ്രോക്കോളി
പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി, കോപ്പർ, നാരുകൾ തുടങ്ങി ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി.
കരോട്ടിനോയിഡുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയാലും സമ്പുഷ്ടം. ഇത് ശ്വാസകോശ അണുബാധക്കെതിരെ പ്രതിവിധിയാണ്. ബ്രോക്കോളി നിക്കോട്ടിൻ ടോക്‌സിനുകളെ ഇല്ലാതാക്കാൻ സഹായിക്കുകയും ഇതിലെ സൾഫോറാഫെയ്ൻ പുകവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
- പച്ചമുളക്
ക്യാപ്‌സൈസിൻ എന്ന സംയുക്തം ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് മുളക്. ഇത് കഫം സ്രവിക്കാൻ സഹായിക്കുകയും അതുവഴി ശ്വാസനാളത്തിൽ നിന്ന് ഇവയെ നീക്കം ചെയ്‌ത് ശ്വാസകോശത്തെ സംരക്ഷിക്കുന്നു. ശ്വസനം മെച്ചപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കുന്നു. ആസ്തമ പോലുള്ള രോഗങ്ങൾക്കെതിരെയും മുളകിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ പ്രവർത്തിക്കും.
- വെളുത്തുള്ളി
നിത്യേന വെളുത്തുള്ളി ഉപയോഗിക്കുന്നത് ശ്വാസകോശത്തിലെ അണുബാധക്കും ശരീരഭാഗങ്ങളുടെ വീക്കം പോലുള്ള അവസ്ഥക്കും പ്രതിവിധിയെന്ന് പറയുന്നു. ആസ്ത്മയും മറ്റ് ശ്വാസകോശ സംബന്ധമായ തകരാറുകൾക്കും എതിരെ വെളുത്തുള്ളി ഗുണകരമാണ്.
- വാൽനട്ട്
ഫൈബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഒമേഗ -3 ആൽഫ-ലിനോലെനിക് ആസിഡ് എന്നിവ വാൽനട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ആസ്ത്മയ്ക്കും ശ്വാസകോശ രോഗങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു.
7. ആപ്പിൾ
വൈറ്റമിൻ സി, വൈറ്റമിൻ ഇ, ബീറ്റാ കരോട്ടിൻ, എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യമുള്ള ശ്വാസകോശത്തിന് ആപ്പിൾ ഫലം ചെയ്യും.
- കൊഴുപ്പുള്ള മത്സ്യം
ഫാറ്റി ഫിഷ് അഥവാ കൊഴുപ്പ് കൂടുതലുള്ള മത്സ്യങ്ങൾ ഹൃദയാഘാത രോഗങ്ങൾ തടയുന്നതിന് ഫലവത്താണ്. ഇതിന് പുറമെ, ശ്വാസകോശ ആരോഗ്യവുമായി ബന്ധപ്പെട്ട ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടവുമാണ് ഇവ.
- ശർക്കര
ശ്വാസകോശത്തിലെ പേശികളെ വികസിപ്പിക്കുന്നതിനും ശ്വാസകോശത്തിലേക്കുള്ള വായുപ്രവാഹം വർധിപ്പിക്കുന്നതിനും ശർക്കരയിലെ ഘടകങ്ങൾ സഹായിക്കുന്നു.
- മഞ്ഞൾ
ധാരാളം ഔഷധ ശക്തിയുള്ള മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം ബാക്ടീരിയ രോഗങ്ങൾക്കും ആസ്ത്മയ്‌ക്കെതിരെയും പ്രവർത്തിക്കുന്നു.