Cholestrol control കൊളസ്ട്രോൾ നിയന്ത്രണത്തിന് പ്രധാനമായും മൂന്നു കാര്യങ്ങളാണ് വേണ്ടത്. ഭക്ഷണനിയന്ത്രണം, കൃത്യമായ വ്യായാമം, മരുന്നുകൾ എന്നിവയാണവ. കൊളസ്ട്രോൾ നിയന്ത്രണം പലപ്പോഴും പരാജയപ്പെടുന്നതിന്റെ കാരണം മരുന്നു കഴിക്കുന്നതിനോടൊപ്പം ആഹാര നിയന്ത്രണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്കാത്തതാണ്.
കൊളസ്ട്രോൾ നില കുറയ്ക്കണമെങ്കിൽ അമിതമായി ഉപ്പും കൊഴുപ്പും മധുരവുമൊക്കെ അടങ്ങിയ ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ ഒഴിവാക്കണം. പാൽ, മുട്ട, മാംസം, നെയ്യ്, മൃഗക്കൊഴുപ്പ് വിവിധതരം എണ്ണകൾ എന്നിവയൊക്കെ രക്തത്തിലെ കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കുന്ന വിഭവങ്ങളാണ്.
പാകമായ ചക്കയിൽ കൊഴുപ്പിന്റെ അളവ് തുലോം കുറവാണ്. 100 ഗ്രാം ചക്കയിൽ 10 ഗ്രാം അന്നജവും 0.9 ഗ്രാം മാംസ്യവുമുള്ളപ്പോൾ കൊഴുപ്പിന്റെ അളവ് 0.8 ഗ്രാം മാത്രമാണ്. ചക്കക്കുരുവിന്റെ കാര്യവും വ്യത്യസ്തമല്ല. 100 ഗ്രാം ചക്കക്കുരുവിൽ 22 ഗ്രാം അന്നജവും 4.7 ഗ്രാം പ്രോട്ടീനുമുള്ളപ്പോൾ കൊഴുപ്പിന്റെ അളവ് 1.2 ഗ്രാം മാത്രമാണ്. കൊളസ്ട്രോൾ കുറയ്ക്കണമെങ്കിൽ ഭക്ഷണത്തിലെ പൂരിത കൊഴുപ്പ് 7 ശതമാനത്തിൽ കുറവായിരിക്കണം.
കൊളസ്ട്രോളിന്റെ അളവ് ദിവസേന 200 മില്ലി ഗ്രാമിൽ കുറവുമായിരിക്കണം. ഭക്ഷണത്തിൽ നാടൻ വിഭവങ്ങളായ ചക്കയും കിഴങ്ങുവർഗ്ഗങ്ങളും പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമൊക്കെ ഉൾക്കൊള്ളിക്കുന്നതു വഴി രക്തത്തിലെ കൊളസ്ട്രോൾ നില ഉയരാതെ പിടിച്ചു നിർത്താൻ സാധിക്കും.
അമിതഭക്ഷണവും അസമയങ്ങളിലെ ഭക്ഷണങ്ങളുമാണ് പിന്നീട് പൊണ്ണത്തടിക്കും രക്തത്തിലെ അമിത കൊളസ്ട്രോളിനുമൊക്കെ വഴിയൊരുക്കുന്നത്. പാകമായ ചക്ക ഉപയോഗിച്ചു തയ്യാറാക്കുന്ന പുഴക്കു പോലെയുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ വയർ പെട്ടെന്നു നിറഞ്ഞ ഒരു പ്രതീതി ഉണ്ടാകാ റുണ്ട്. ഒന്നു രണ്ടു മണിക്കൂർ വരെയൊക്കെ ഈ ഒരു അനു ഭവം നിലനിന്നെന്നും വരാം. അമിതഭക്ഷണത്തെയും പൊണ്ണത്തടിനെയും അമിത കൊളസ്ട്രോളിനെയുമൊക്കെ നിയന്ത്രിക്കാൻ വയർ നിറഞ്ഞിരിക്കുന്ന അനുഭവം സഹായിക്കും.