അതിശൈത്യമേഖലകളിൽ ജോലിചെയ്യുന്ന സൈനികരുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കാനുള്ള ഉപകരണവുമായി പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആർ.ഡി.ഒ).
ബെംഗളൂരുവിലെ ഡി.ആർ.ഡി.ഒ.യുടെ ഡിഫൻസ് ബയോ എൻജിനിയറിങ് ആൻഡ് ഇലക്‌ട്രോ മെഡിക്കൽ ലബോറട്ടറി വികസിപ്പിച്ച ഉപകരണം ശ്വാസതടസ്സം നേരിടുന്ന കോവിഡ് രോഗികളുടെ പരിചരണത്തിലും വിപ്ലവം സൃഷ്ടിക്കുമെന്ന് ഡി. ആർ.ഡി.ഒ. പറഞ്ഞു.
എസ്‌പി.ഒ. 2 (ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ) ഓക്സിജൻ ഡെലിവറി സിസ്റ്റം എന്നാണ് സംവിധാനത്തിനു പേരിട്ടിരിക്കുന്നത്. ശരീരകോശങ്ങളിലേക്കു രക്തം വഴി മതിയായ തോതിൽ ഓക്സിജൻ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഈ ഇലക്‌ട്രോണിക് ഉപകരണം. ഇതുവഴി ഹൈപ്പോക്സിയ (ഓക്സിജൻ കോശത്തിലേക്കു എത്തുന്നതിന്റെ ലഭ്യതക്കുറവ്) അവസ്ഥയിൽനിന്ന് സൈനികരെ രക്ഷിക്കാനാണ് ഉപകരണം വികസിപ്പിച്ചത്.
ഭാരം കുറഞ്ഞ സിലിൻഡറുകളിൽ പല അളവുകളിൽ ഈ ഉപകരണം ലഭിക്കും. കോവിഡ് രോഗികളിൽ ഓക്സിജന്റെ അളവ് ചിലപ്പോൾ കുറഞ്ഞുപോകാറുണ്ട്. ഇത്തരക്കാർക്കും ഓക്സിജൻ ആവശ്യമായി വരുന്ന മറ്റു കോവിഡ് രോഗികൾക്കും ഈ ഉപകരണം പ്രയോജനം ചെയ്യും.
അതിതീവ്ര അവസ്ഥയിലല്ലാതെ വീട്ടിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ഓക്സിജൻ ഫ്ലോ തെറാപ്പിക്ക് ഈ സംവിധാനം വീട്ടിൽ ഉപയോഗിക്കാമെന്ന് ഡി.ആർ.ഡി.ഒ. പറഞ്ഞു.