കോവിഡ് സേവനത്തിന് ആയുർഹെൽപ്പ് കോൾ സെൻറർ തുടങ്ങി. 70 34 94 00 00 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചാൽ കോവിഡ് പ്രതിരോധം, ചികിത്സ, കോവിഡാനന്തര ആരോഗ്യ പുനസ്ഥാപനം എന്നിവയിൽ സർക്കാർ സ്വകാര്യ മേഖലയിൽ ലഭ്യമായ ആയുർവേദ സേവനം അറിയാം.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.24 മണിക്കുറും ഈ ഹെൽപ്പ് ലൈൻ വഴി പ്രതിരോധ ഔഷധങ്ങളുടെ ലഭ്യത, ചികിത്സാകേന്ദ്രങ്ങളുടെ വിവരങ്ങൾ, പ്രതിരോധത്തിന് സഹായകമായ ആഹാരം, വ്യായാമം തുടങ്ങിയവയെപ്പറ്റിയുള്ള അവബോധം, മാനസിക വൈഷമ്യങ്ങൾക്കുള്ള ടെലികൗൺസലിങ്,തുടർചികിത്സ, തുടങ്ങി പൊതുജനങ്ങൾക്കുളള വിവിധ സേവനങ്ങൾ ലഭ്യമാക്കും.
പദ്ധതിയിൽ 250-ൽപരം ഡോക്ടർമാർ വൊളൻറിയർമാരായി സേവനം ചെയ്യും. ആയുഷ് ഡിപ്പാർട്ട്മെൻറ്, നാഷണൽ- ആയുഷ് മിഷൻ, കോട്ടയ്ക്കൽ ആയുർവേദ കോളേജ് എന്നിവയുമായി സഹകരിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ഡോ. രാജു തോമസ് അധ്യക്ഷനായി.