ഗ്യാസ്ട്രബിൾ
വയറുവേദന, നെഞ്ചെരിച്ചില്‍, ഏമ്പക്കം, പുളിച്ചു തികട്ടൽ , ഏമ്പക്കം, നെഞ്ച് വേദന , വയറിനുള്ളിൽ ഒച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷങ്ങൾ , വേഗത്തിൽ നാം കഴിക്കുന്ന ആഹാരത്തോടൊപ്പം അകത്തേക്ക് പ്രവേശിക്കുന്ന വായു ആണ് ഈ വിധം പ്രശ്‌നം ഉണ്ടാക്കുന്നത്. ഇതു കൂടാതെ ദഹനം ശരിയായ രീതിയിൽ നടക്കാതെയും, നാം കഴിച്ച ആഹാരങ്ങൾ ജീർണിച്ചും , പുളിച്ചും, ഗ്യാസ് ഉല്പാദിപ്പിക്കപ്പെടുന്നു. ഇത്തരത്തിൽ ഉള്ള ഗ്യാസ് നമ്മളെ അകെ അസ്വസ്ഥത പെടുത്തുന്നു. ഇതിനുള്ള പ്രതിവിധി ടിപ്‌സുകൾ ആണ് ഇന്നത്തെ ആയുർദ്ദളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഒരിക്കൽ കൂടി ഏവർക്കും സ്വാഗതം.
ആദ്യമായി മിതഭക്ഷണം കഴിക്കുക എന്നതാണ് അതും കൃത്യ സമയത്ത് ഭക്ഷണം ശീലമാക്കുക. ഇന്ന് എട്ടുമണി നാളെ 9 പിന്നീട് ഒരു ദിവസം 10 മണി എന്നിങ്ങനെ ക്രമം തെറ്റിയ ഭക്ഷണ രീതി ഒഴിവാക്കുക.
തുമ്പ ചെടി പറിച്ചു നന്നായി കഴുകി ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു അതിൽ കുരുമുളക് പൊടി ചേർത്ത് രാവിലെയും വൈകുന്നേരവും സേവിക്കുക ഇത് തുടർച്ചയായി രണ്ടാഴ്ചയോളം തുടരണം.
എല്ലാദിവസവും ഉറങ്ങുന്നതിനു മുൻപായി ചെറു ചൂടുവെള്ളത്തിൽ അല്പം ത്രിഫല ചൂർണം, ചേർത്ത് സേവിക്കുക.
പെരുംജീരകം, വെളുത്തുള്ളി ,ശർക്കര എന്നിവ ചേർത്തുണ്ടാക്കിയ കഷായം ഒരാഴ്ചയോളം മൂന്നുനേരം സേവിക്കുക.
മസാല അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഗ്യാസ് ഉല്പാദിപ്പിക്കും എന്നതിനാൽ മസാലക്കൂട്ടുകൾ ഭക്ഷണത്തിൽ പാകത്തിന് മാത്രം ഉപയോഗിക്കുക.
ഭക്ഷണത്തിനു മുൻപ് അല്പം വെള്ളം കുടിക്കുക, ശേഷം ആഹാരം ഉമിനീർ ചേർത്ത് സാവകാശം ചവച്ചരച്ചു കഴിക്കുക.
ഭക്ഷണ ശേഷം അല്പം ഇഞ്ചി കഴിക്കുന്നത് നല്ലതാണു, അതോടൊപ്പം അല്പം ജീരകം ചവച്ചരച്ചു കഴിക്കുന്നത് നല്ലതാണു.
വലിച്ചു വാരി കഴിക്കുന്ന ഭക്ഷണം കൂടുതൽ ഗ്യാസ് ഉല്പാദിപ്പിക്കും എന്നതിനാൽ സാവകാശം ചവച്ചരച്ചു കഴിക്കുക.
ഭക്ഷണത്തിൽ അമിതമായി എരിവും പുളിയും ചേർക്കാതെ ഇരിക്കുക ഇതു ഗ്യാസ് ട്രബിൾ കുറക്കും.
മുരിങ്ങയില, പച്ചമുളകും, ചെറിയുള്ളിയും, ഉപ്പും, ചേർത്ത് കഞ്ഞിവെള്ളത്തിൽ തിളപ്പിച്ച് കടുക് താളിച്ചു കഴിക്കുന്നത് നല്ല ശോധന ഉണ്ടാക്കുകയും, ഗ്യാസ് ട്രബിൾ കുറക്കുകയും ചെയ്യും.
ഇവിടെ കൊടുക്കുന്ന ഔഷധപ്രയോഗങ്ങൾ പൊതു അറിവിലേക്ക് മാത്രമായി തയ്യാറാക്കുന്നത് ആണ്, വൈദ്യസഹായ ഉപദേശത്തോടുകൂടി മാത്രം ഔഷധങ്ങൾ സേവിക്കുക