കമുകിൽ നിന്നുണ്ടാകുന്ന അടയ്ക്ക (പാക്ക്) താംബൂലചരണത്തിനുപയോഗിക്കുന്നു. നാമറിയാത്ത ഔഷധവീര്യം ഇതിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിൽ അടയ്ക്ക പ്രമേഹം, മുഖപാകം, ഗർഭാശയശുദ്ധി, രക്തവാർച്ച എന്നിവയ്ക്കെല്ലാം ഒരു ഉത്തമമായ ഔഷധമായി പ്രയോഗിച്ചു വരുന്നു.
സംസ്കൃതത്തിൽ പുംഗ എന്നും പുംഗീഫലമെന്നും അറിയപ്പെടുന്നു. വായിൽ വഴുവഴുപ്പ് കഴുത്തിലുണ്ടാകുന്ന നീർക്കെട്ട്, വായ്നാറ്റം, പല്ലിന്റെ ബലക്കുറവ് എന്നീ അസുഖങ്ങൾക്ക് പാക്കു ചതച്ചിട്ട് കഷായമാക്കി പല പ്രാവശ്യം ചെറുചൂടോടെ കവിൾക്കൊള്ളുന്നതു നന്നാണ്. പാക്ക് അരിഞ്ഞു വായിലിട്ട് ചവയ്ക്കുന്നതും നന്നാണ്.
ചമ്പൻ (ഇളംപാക്ക്) വട്ടം അരിഞ്ഞ് അടുപ്പിൽ വെച്ചു ചെറുതായി വേവിച്ച് അയമോദകവും കാത്ത് പൊടിയാക്കി അതും കൂടി വിതറി വെയിലത്തുണക്കി സൂക്ഷിച്ചു വെച്ചിരുന്ന് കളിപ്പാക്കെന്നുള്ള പേരിൽ മുറുക്കാൻ ഉപയോഗിച്ചു വരുന്നു.
ഇന്ന് ആധുനികരീതിയിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്തു സംസ്കരിക്കുന്ന പാക്ക് വായിൽ ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കു കാരണമാകുന്നുണ്ട്.
വായിൽ ആദ്യമായി കുരുക്കളുണ്ടാകുമ്പോൾ, പാക്കു ചതച്ചിട്ടു കഷായം വെച്ച് തേൻ ചേർത്തു ചെറുചൂടോടെ കവിൾ ക്കൊള്ളുന്നത് വിശേഷമാണ്.
വെള്ളപോക്ക്, രക്തദരം ഇവയ്ക്ക് നന്ന്. പ്രസവാനന്തരമുള്ള അഴുക്കുകൾ പോക്കി ഗർഭാശയ ശുദ്ധി ഉണ്ടാക്കുന്നതിന് പാക്ക് നല്ലതു പോലെ അരിഞ്ഞു വെള്ളത്തിലിട്ട് ഒരു രാത്രി കഴിഞ്ഞതിനു ശേഷം കറ തുടച്ചു മാറ്റിയിട്ട് ഉണക്കി വൃത്തിയാക്കി നാലിലൊരു ഭാഗം വീതം നാഗപ്പൂവ്, കറുവാപ്പട്ട, ഏലയ്ക്ക, പച്ചില എല്ലാം കൂടി ഇടിച്ചു പൊടിയാക്കി പാകത്തിന് വെല്ലം (ഉണ്ടശർക്കര) ചേർത്തിടിച്ചു വെച്ചിരുന്ന് മൂന്നു മുതൽ ആറു ഗ്രാം വരെ എന്ന കണക്കിൽ മൂന്നു നേരം വീതം 15 ദിവസം അടുപ്പിച്ചു കഴിക്കുന്നത് അതിവിശേഷമാണ്.
അടയ്ക്ക, കരിങ്ങാലി, വേങ്ങക്കാതൽ ഇവ 20 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി 25 മില്ലി വീതം കാലത്തും വൈകിട്ടും പതിവായി കഴിച്ചാൽ പ്രമേഹം മാറിക്കിട്ടും
ദന്തരോഗങ്ങൾക്ക് പാക്ക് ചുട്ടു കരിയാക്കി പൊടിച്ച് നാലിലൊരു ഭാഗം പൊൻ കാരവും തിപ്പലിപ്പൊടിയും ഇന്തുപ്പും ചേർത്ത് പല്ലു തേക്കുന്നതു നന്നാണ്.