പഴങ്ങളുടെ രുചി, ഘടന, പോഷകമൂല്യങ്ങൾ എന്നിവ പരമാവധി നിലനിർത്തി വേണം അവ സംസ്കരിക്കാൻ. ഇതിനായി എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാം എന്ന് നോക്കാം
1. നിർജ്ജലീകരണം: സൂര്യപകാശത്തിലോ, സോളാർഡ്രൈയർ, ഇലക്ട്രിക്ക് ഡയർ തുടങ്ങിയവ ഉപയോഗിച്ചോ ജലാംശം കുറച്ച് സൂക്ഷ്മാണുക്കളുടേയും എൻസൈമുകളുടേയും പ്രവർത്തനം തടയാം.
2. ശീതീകരണം: റീഫജറേറ്ററിലും ഡീപ് ഫ്രീസറിലും വച്ച് സൂക്ഷ്മാണുക്കളുടേയും എൻ സൈമുകളുടേയും പ്രവർത്തനം തടയുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യാം.
3. ചൂടാക്കുക. ക്യാനുകളിലോ, കുപ്പികളിലോ പൗച്ചുകളിലോ ആക്കി സീൽ ചെയ്തശേഷം ഓട്ടോക്ലേവിലോ പ്രഷർ കുക്കറിലോ റിട്ടോർട്ടിലോ വച്ച് കുറച്ചുസമയം 100° C ലോ അതിലധികമോ താപമേൽപിച്ചു പരിപൂർണ്ണമായും സൂക്ഷ്മാണുവിമുക്തമാക്കാൻ സാധിക്കുന്നു.
4. പ്രീസർവേറ്റിവ്: പഞ്ചസാര (68%), ഉപ്പ് (15 - 20 %) വിനാഗിരി (2 -3 % അസറ്റിക് അമ്ലം) എന്നിവ ചേർത്തു പരിരക്ഷണം സാധ്യമാക്കാം.
5. ഫെർമെൻറേഷൻ: വീഞ്ഞും വിനാഗിരിയും ഈ പ്രക്രീയ വഴിയാണ് ഉത്പാദിപ്പിക്കുന്നത്.
6. റേഡിയേഷൻ: ഭക്ഷ്യസാധനങ്ങളിൽ പലതരം റേഡിയേഷനുകൾ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ സാധിക്കുന്നു.
ഇടക്കാല സംരക്ഷണം
പഴങ്ങൾ ധാരാളമായി ലഭിക്കുമ്പോൾ അവ ഒരു ഇടക്കാല സംരക്ഷണം നടത്തി സൂക്ഷിച്ചാൽ അവ നാശമായി പോകുന്നത് ഒഴിവാക്കുന്നതിനപ്പുറം പഴങ്ങൾ ലഭ്യമല്ലാത്ത അവസരങ്ങളിൽ ഉത്പന്ന നിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്യാം, കൂടാതെ വളരെ കുറച്ചു സ്ഥലത്തു സൂക്ഷിക്കാനും സാധിക്കും.