പഴകിയ ആസ്തമ, തൊണ്ടവീക്കം, രക്തസമ്മർദ്ദം, മലശോധനക്കുറവ്, വായുസ്തംഭനം, കർണ്ണരോഗം, വളംകടി, പാണ്ടുരോഗം, വാതരോഗം, വാതം, ചെവിവേദന എന്നിവയ്ക്ക് ഉത്തമ ഔഷധം. സ്വരം മെച്ചപ്പെടുത്താനും തലമുടി വളരാനും വെളുത്തുള്ളി നല്ലതാണ്.
ആസ്ത്‌മ
വെളുത്തുളളി വിനാഗിരിയിൽ വേവിച്ചെടുത്ത് തേനും കൂട്ടിയരച്ച് ഉലുവ കഷായത്തിൽ സേവിക്കുക.
തൊണ്ടവീക്കം
വെളുത്തുള്ളി അരച്ച് തൊണ്ടയിൽ പുരട്ടുക. വെളുത്തുള്ളി തീയിലിട്ട് ചുട്ട് പല തവണ ഭക്ഷിക്കുക.
രക്തസമ്മർദ്ദം, ഹൃദ്രോഗം, ദഹനക്കുറവ്, കുടൽ സംബന്ധമായ രോഗം
തൊലി കളഞ്ഞെടുത്ത വെളുത്തുള്ളിയുടെ ആല്ലികൾ രണ്ട് തുടം പാലിലിട്ട് കാച്ചി ദിവസവും രാവിലെ സേവിക്കുക. 200 ഗ്രാം വെളുത്തുള്ളി വൃത്തിയാക്കിയ ശേഷം ഒരു ഗ്ലാസ്സ് മുരിങ്ങയിലച്ചാറിൽ അതിനെ വേവിക്കുക. വറ്റി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കുക. അതിനു ശേഷം കഴുകി വെയിലിൽ ഉണക്കിയ കുപ്പിക്കകത്ത് തേൻ ഒഴിച്ച് അതിൽ ഇതിനെ സൂക്ഷിക്കുക. അഞ്ച് അല്ലി വീതം ദിവസവും മൂന്നു നേരം കഴിക്കുക.
ഉദരകൃമി, അതു മൂലമുണ്ടാകുന്ന വയറുവേദന, ദഹനക്കുറവ് തുടങ്ങിയ അസുഖങ്ങൾക്ക് വെളുത്തുള്ളി, വിഴാലരി, കാട്ടുജീരകം എന്നിവ തുല്യമായെടുത്ത് പൊടിച്ച് ഒരു ഗ്രാം തൂക്കമുള്ള ഗുളികകളാക്കി ഒരു ഗുളിക ഒരു നേരം എന്ന കണക്കിൽ ദിവസം മൂന്നു നേരം കഴിക്കണം.
ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങൾക്ക് വെളുത്തുള്ളി നീരോ തൈലമോ കടുകെണ്ണയിൽ ഒഴിച്ച് പുറത്തും നെഞ്ചത്തും തേയ്ക്കുകയും വെളുത്തുള്ളി നീര് രണ്ടു മി.ലി. വീതം പാലിൽ ചേർത്തു കഴിക്കുകയും ചെയ്താൽ കഫം ഇളകിപ്പോകുകയും രോഗത്തിന് ശമനമുണ്ടാകുകയും ചെയ്യും.
ചെവിവേദനയ്ക്ക് രണ്ടു തുള്ളി വെളുത്തുള്ളി നീര് ചെവിയിൽ ഒഴിക്കുന്നതു നല്ലതാണ്.
വെളുത്തുള്ളി, ജീരകം എന്നിവ രണ്ടു കഴഞ്ച് വീതമെടുത്ത് നെയ്യിൽ വറുത്ത് ഭക്ഷണത്തിനു തൊട്ടു മുമ്പ് പതിവായി കഴിച്ചാൽ വയറുപെരുക്കം, വായുമുട്ടൽ എന്നിവ ശമിക്കും.
വാതരോഗമുള്ളവർ മൂന്നു ഗ്രാം വെളുത്തുള്ളി ചതച്ചത് 10 ഗ്രാം വെണ്ണ ചേർത്ത് ദിവസേന കഴിക്കുന്നതു നല്ലതാണ്.
കാൽവിരലുകളുടെ ഇടയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടുകയും തൊലി പൊട്ടുകയും ചെയ്യുമ്പോൾ വെളുത്തുള്ളിയും തുല്യ അളവിൽ മഞ്ഞളും ചേർത്തരച്ച് ഒരാഴ്ച പുരട്ടിയാൽ ശമനം കിട്ടും.