ചില ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ വീര്‍ക്കുക, മനം പിരട്ടലും ഓക്കാനവും വരിക, എന്നിവയെല്ലാം മിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിളാണ് ഇതിനു പിന്നിലെ കാരണം. നമ്മുടെ ആഹാരരീതി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പുളിയും എരിവും മസാലകളുമുള്ള ഭക്ഷണം ഗ്യാസ് പ്രശ്നങ്ങള്‍ അധികമാകാന്‍ ഇടയാക്കുന്നു. ഭക്ഷണം ശരിയായ സമയത്ത് കഴിയ്‌ക്കാതിരിയ്‌ക്കുക, ശരിയായ രീതിയില്‍ ചവച്ചരച്ചു കഴിയ്‌ക്കാതിരിയ്‌ക്കുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. ഗ്യാസ് ട്രബിള്‍ അധികമായാല്‍ അസിഡിറ്റി പോലുളള അസുഖങ്ങള്‍ ഉണ്ടാവുകുന്നു. എന്നാല്‍ ഇതിനു പരിഹാരമായി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാതെ നമ്മുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പല നാടന്‍ വഴികളുണ്ട്.
ഗ്രാമ്പൂ ചതച്ചിട്ടു തിളപ്പിച്ച വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക.
പച്ചമഞ്ഞളും സമം പുളിയാറിലയും അരച്ചുചേർത്ത് മോരു കാച്ചി കഴിക്കുക.
ഒരു കഷണം പാൽക്കായം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് കുറേശ്ശെയായി കുടിക്കുക.
ജീരകമിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ഇഞ്ചി, ഏലയ്ക്ക, വെളുത്തുള്ളി എന്നിവ സമമെടുത്ത് അരച്ച് ഒരു ചെറിയ ഉരുളവീതം ദിവസത്തിൽ മൂന്നു നേരം കഴിക്കുക.
മാതളനാരങ്ങയുടെ തോട് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് പല വട്ടം കഴിക്കുക.
ഇഞ്ചി, വേപ്പില എന്നിവ അരച്ചുകലക്കി മോരു കാച്ചി കുടിക്കുക.
കൊത്തമല്ലിയും ചുക്കും ചതച്ച് തിളപ്പിച്ച വെള്ളം ഇളം ചൂടോടെ കുടിക്കുക.
ചുക്ക്, കുരുമുളക്, തിപ്പലി, പെരുംജീരകം, ഇന്തുപ്പ് ഇവ പൊടിച്ച് ഒരു ടീസ്പൂൺ വീതം സേവിക്കുക.
കരിങ്ങാലിക്കാതലിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
വെളുത്തുള്ളി ചുട്ട് തിന്നുക.
10 ഗ്രാം ജീരകം അരച്ച് ഒരു ഗ്ലാസ് മോരിൽ കലക്കി കുടിക്കുക.
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പശുവിൻപാൽ അത്താഴപ്പുറമേ പതിവായി കഴിക്കുക.
അയമോദകം വറുത്ത് കഷായം വച്ച് രാവിലെ തേൻ ചേർത്ത് 60 മി.ലി. കഴിക്കുക.
വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും ചേർത്തു കാച്ചിയ പാൽ ദിവസവും രാവിലെ കുടിക്കുക.
ഇഞ്ചിനീരിൽ തേൻ ചേർത്തു കഴിക്കുക.
കൈതച്ചക്ക നീര് കുടിക്കുക.
15 മി.ലി. തുമ്പനീര് പതിവായി സേവിക്കുക.
കടുക്കാത്തോട് കഷായം വച്ച് 60 മി.ലി. വീതം രാവിലെയും വൈകിട്ടും കഴിക്കുക.
10 ഗ്രാം ജാതിക്കപ്പൊടി തേനിൽ ചാലിച്ചു കഴിക്കുക.
ഇളം ജാതിക്ക ഉപ്പിലിട്ടത് ഭക്ഷണത്തോടൊപ്പം കഴിക്കുക.
ഇന്തുപ്പ് 5 ഗ്രാം, ജീരകം 10 ഗ്രാം, അയമോദകം 15 ഗ്രാം, ചുക്ക് 25 ഗ്രാം, കടുക്കാത്തൊണ്ട് 30 ഗ്രാം ഇവ പൊടിച്ച് പഞ്ചസാര ചേർത്ത് 10 ഗ്രാം വീതം ദിവസത്തിൽ മൂന്നു നേരം കഴിക്കുക.
വെളുത്തുള്ളിയും കരിംജീരകവും 30 ഗ്രാം വീതമെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ വെന്ത് നാലിലൊന്നാകുമ്പോൾ ഇറക്കിവച്ച് ഇടയ്ക്കിടയ്ക്ക് കുറേശ്ശേ കുടിക്കുക.
പച്ച ഇഞ്ചിയും ഉപ്പും ചേർത്തരച്ച് നീര് പിഴിഞ്ഞ് 10 മി.ലി. കഴിക്കുക.
കറുവപ്പട്ടയുടെ 5 ഗ്രാം വേര് അരച്ച് ചെറുചൂടുവെള്ളത്തിൽ കലക്കി കുടിക്കുക.
ഈശ്വരമുല്ല, വയമ്പ്, കൊടുത്തൂവവേര്, കീഴാർനെല്ലി ഇവ സമമെടുത്ത് കഷായം വച്ച് 60 മി.ലി. വീതം കാലത്തു കുടിക്കുക.
മാവിന്റെ തളിര്, ചുക്ക്, വെളുത്തുള്ളി, കീഴാർനെല്ലി എന്നിവ സമമെടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തിലുള്ള ഉരുളകളാക്കി ഓരോന്ന് കാലത്തും വൈകിട്ടും കഴിക്കുക.
ചെറുനാരങ്ങാനീരും ഇഞ്ചിനീരും സമമെടുത്ത് ഇന്തുപ്പ് മേമ്പൊടി ചേർത്ത് പതിവായി കഴിക്കുക.
ചുക്ക് കൽക്കമായി കാച്ചിയ നെയ്യ് പതിവായി കഴിക്കുക.
ഇഞ്ചിയും മല്ലിയിലയും പൊതിനയിലയും ചേർത്തരച്ചു കഴിക്കുക.
മോരിൽ മല്ലിയിലയുടെ നീരൊഴിച്ചു കുടിക്കുക.
ഭക്ഷണം സാവധാനത്തിലും നല്ലവണ്ണം ചവച്ചരച്ചും കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ :
താരനോ? നാരങ്ങാ കൊണ്ടുള്ള കിടിലൻ ഹെയർ പാക്കുകൾ
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.