ദഹനശക്തി വർദ്ധിപ്പിക്കുന്ന ഒരൗഷധമാണ് ഇഞ്ചി. ഇത് ആന്തരാവയവങ്ങളിലുള്ള അഗ്നിയേയും ഏഴു വിധത്തിലുള്ള ധാത്വഗ്നിയേയും ത്വരിതപ്പെടുത്തുന്നതു കൊണ്ട് ആയുർവേദത്തിൽ ഇതിനെ ഉണക്കി ചുക്കാക്കിയിട്ട് എല്ലാ കഷായയോഗങ്ങളിലും പ്രയോഗിച്ചു വരുന്നു.
ഇഞ്ചിയെ ആർദ്രകം എന്ന പേരിലും ചുക്കിനെ മഹൗഷധി എന്ന പേരിലും ശാസ്ത്രം ഘോഷിച്ചിട്ടുണ്ട്. ജ്വരകാസങ്ങളെ ശമിപ്പിക്കുകയും ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അസഹ്യമായ ചെവിവേദനയ്ക്ക് ആറു തുള്ളി ഇഞ്ചിനീര് ലേശം ഇന്തുപ്പു ചേർത്ത് ചൂടാക്കി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുന്നത് ചെവിയിലുണ്ടാകുന്ന നീർവീഴ്ചയ്ക്കും ചെവിക്കുത്തിനും നന്നാണ്.
ഓരോ ഗ്രാം ചുക്കുപൊടി തേനിൽ കുഴച്ച് ദിവസം മൂന്നു നേരം വീതം കഴിക്കുന്നത് ഇക്കിളിനും വിശേഷമാണ്. ദഹനക്കുറവിന് അഞ്ചു ഗ്രാം ചുക്കുപൊടിയും പത്തു ഗ്രാം
ഉണ്ടശർക്കരയും ചേർത്ത് ആഹാരത്തിനു മുമ്പ് കഴിക്കുന്നത് നന്നാണ്. ചുക്ക്, അതിലിരട്ടി വറുത്ത എള്ള്, രണ്ടും കൂടിയതിന്റെ ഇരട്ടി ഉണ്ടശർക്കര എന്നിവ ചേർത്തിടിച്ച് 10 ഗ്രാം വീതം നാലുമണിക്കൂറിടവിട്ടു കഴിക്കുന്നത് ചുമയ്ക്കും ദഹനക്കുറവിനും ശ്വാസതടസ്സത്തിനും ശമനമുണ്ടാക്കും.
ഇഞ്ചി അരച്ച് അഞ്ചു ഗ്രാം വീതം എള്ളെണ്ണയിൽ ചാലിച്ചു കഴിക്കുന്നത് ഹൃദയസ്തംഭനത്തിനും ഹൃദയഭാഗത്തുള്ള വേദനയ്ക്കും ഏററവും ഫലപ്രദമാകുന്നു. ഇഞ്ചി വട്ടം അരിഞ്ഞ് നാലിലൊരു ഭാഗം പഞ്ചസാരയും ചേർത്ത് ലേശം നെയ്യൊഴിച്ചു വറുത്ത് നല്ല കടുംചുവപ്പാകുമ്പോൾ ഒരു കുപ്പിയിലാക്കി അതിൽ നിന്നും ഊറിവരുന്ന തുള്ളികൾ ലേശം വീതം കൊച്ചുകുട്ടികൾക്കു കൊടുക്കുന്നത് ഉദരരോഗങ്ങൾക്ക് നന്നാണ്.
50 ഗ്രാം ചുക്കുപൊടി, 25 ഗ്രാം അയമോദകം, 12 ഗ്രാം വിഴാലരിക്കാമ്പ്, 100 ഗ്രാം പഞ്ചസാര എല്ലാം കൂടി ആവശ്യത്തിനുള്ള നെയ്യൊഴിച്ചു വറുത്ത് കടും ചുവപ്പാകുമ്പോൾ പൊടിച്ചു വച്ചിരുന്ന് സ്പൂൺ കണക്കിന് കഴിക്കുന്നത് ഗ്രഹണിരോഗത്തിനും വയറിളക്കത്തിനും വയറുവീർപ്പിനും നന്നാണ്.