പഴങ്ങൾ വാങ്ങുമ്പോൾ സാധാരണയായി വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മുന്തിരി, എന്നിവയൊക്കെ തെരെഞ്ഞെടുക്കുകയാണ് പതിവ്. എന്നാൽ ചുരുക്കം ചിലർ മാത്രമാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പേരയ്ക്ക തെരഞ്ഞെടുക്കുന്നത്. വിറ്റാമിൻ സി, ബി6, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, എന്നിവ ധാരാളം അടങ്ങിയ പേരയ്ക്കയിൽ മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. 100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റാമിൻ സി (Vitamin C) അടങ്ങിയിട്ടുണ്ട്. അതിനാൽ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന പഴമാണ് പേരയ്ക്ക. ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ പേരയ്ക്ക സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പേരയ്ക്ക -വീട്ടുമുറ്റത്തെ മാന്ത്രിക പഴം
ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പേരയ്ക്കയ്ക്ക് സാധിക്കും.
പ്രധാനമായും ദഹനത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നീക്കാൻ പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ശമിപ്പിക്കാൻ ഉത്തമമായ ഭക്ഷണമാണ് പേരക്ക. അതുകൊണ്ടാണ് മലബന്ധം ഉള്ളപ്പോൾ പേരക്ക കഴിക്കാൻ പല ഡോക്ടർമാരും രോഗികളോട് നിർദേശിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പതിവായി മലബന്ധം അലട്ടുന്നുണ്ടെങ്കിൽ ഇവ പരീക്ഷിക്കൂ
പതിവായി ഗ്യാസും അസിഡിറ്റിയും നേരിടുന്നവർക്ക് പേരക്ക ഒരു മികച്ച പ്രതിവിധിയാണ്. കൂടാതെ ഹൃദയത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്ന ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ പേരയ്ക്കയിൽ ഉണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് പേരയ്ക്ക. അതിനാൽ പേരയ്ക്ക ധാരാളമായി കഴിക്കുന്നത് നിങ്ങളുടെ രോഗ പ്രതിരോധശേഷി ഗണ്യമായി വർദ്ധിക്കാൻ കാരണമാകുന്നു. പൈൽസിൽ നിന്നും മുക്തി നേടാനും പേരയ്ക്ക സഹായിക്കുന്നു. മലബന്ധമാണ് പൈൽസിന്റെ പ്രധാന കാരണം. അതിനാൽ വെറും വയറ്റിൽ പേരക്ക കഴിക്കുന്നത് വളരെ അധികം ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ്, വയറുവേദന ഒഴിവാക്കാൻ ഇനി വൈദ്യൻ വേണ്ട; പകരം വീട്ടിൽ തന്നെ ചായ ഉണ്ടാക്കി കുടിയ്ക്കാം
ചർമ്മ സംരക്ഷണത്തിനും പേരയ്ക്കയ്ക് പ്രധാന പങ്കുണ്ട്. പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നിങ്ങളുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചുളിവുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.