ദശപുഷ്പങ്ങളില്‍ വളരെയധികം പ്രാധാന്യമുളളതായി കണക്കാക്കുന്ന ഒന്നാണ് ഉഴിഞ്ഞ. പലയിടത്തും പലപേരുകളില്‍ ഈ ഔഷധസസ്യം അറിയപ്പെടാറുണ്ട്.
വളളി ഉഴിഞ്ഞ, ജ്യോതിഷ്മതി, കറുത്തകുന്നി പാലുരുവം എന്നിവ അവയില്‍ച്ചിലതാണ്. എന്നാല്‍ സംസ്‌കൃതത്തില്‍ ഇന്ദ്രവല്ലിയെന്നാണ് ഉഴിഞ്ഞയുടെ പേര്. ആരോഗ്യഗുണങ്ങള്‍ നിരവധിയാണെങ്കിലും പലര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നതാണ് സത്യം.
ചുമയ്ക്കുണ്ട് പരിഹാരം
തണുപ്പുകാലത്ത് ചുമയും ജലദോഷവുമെല്ലാം മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. എങ്കില്‍ ഇതിനൊരു പരിഹാരമായി ഉഴിഞ്ഞയെ പ്രയോജനപ്പെടുത്താം. ഉഴിഞ്ഞ ചേര്‍ത്ത തിളപ്പിച്ച വെളളം കവിള്‍ കൊളളുന്നത് ജലദോഷവും ചുമയും അകറ്റും. മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
സന്ധിവേദന അകറ്റും
സന്ധിവേദന പോലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉഴിഞ്ഞ സഹായിക്കും. ഉഴിഞ്ഞയുടെ ഇല അരച്ച് ആവണക്കെണ്ണയില്‍ ചേര്‍ത്ത് സന്ധിവേദന ഉണ്ടാകുമ്പോള്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. മാത്രമല്ല വാതം, നീര് പോലുളള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും ഉഴിഞ്ഞ ഇല നല്ലതാണ്.
മുടികൊഴിച്ചില്‍ തടയും
മികച്ച ഷാംപുവായും ഉഴിഞ്ഞ ഇലയെ പ്രയോജനപ്പെടുത്താം. ഉഴിഞ്ഞയിട്ട് കാച്ചി എണ്ണ മുടികൊഴിച്ചില്‍ തടഞ്ഞ് മുടി നന്നായി വളരാന്‍ സഹായിക്കും. ഒപ്പം തലമുടിയ്ക്ക് നല്ല തിളക്കം നല്‍കാനും ഉഴിഞ്ഞ ഇല നല്ലതാണ്.
മലബന്ധം അകറ്റും
മലബന്ധം പോലുളള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മികച്ചതാണ് ഉഴിഞ്ഞ. ഇത് കഷായമാക്കി കഴിച്ചാല്‍ മലബന്ധം, വയറുവേദന പോലുളള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാം. മികച്ച ഒറ്റമൂലിയാണ് ഉഴിഞ്ഞ കഷായമെന്ന് ആയുര്‍വ്വേദം പറയുന്നു.
അള്‍സര്‍ ഇല്ലാതാക്കും
വായിലെ അള്‍സര്‍ പോലുളള അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ ഉഴിഞ്ഞ ഇല ഉപയോഗിക്കാം. ഉഴിഞ്ഞ ഇലയിട്ട് വെളളം തിളപ്പിച്ച വെളളം കവിള്‍ കൊളളുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുളള പ്രതിവിധിയാണ്. സ്ത്രീകളില്‍ ആര്‍ത്തവകാലത്തുണ്ടാകുന്ന ശക്തമായ വേദനയ്ക്ക് പരിഹാരം കാണാനും ഉഴിഞ്ഞ ഇല സഹായിക്കും.