Updated on: 8 April, 2024 3:28 PM IST
വിവിധങ്ങളായ ബെറികൾ

വൈവിധ്യമാർന്ന ഭക്ഷണ വസ്തുക്കളാണ് ബെറിപ്പഴങ്ങൾ, മിക്കവാറും എല്ലാ ഭക്ഷണത്തിലും ഭക്ഷണ ഇനത്തിലും ഉൾപ്പെടുത്താവുന്നവയുമാണ് ഇവ. ബെറികൾക്ക് നല്ല പോഷകഗുണമുണ്ട്. അവ സാധാരണയായി നാരുകൾ, വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റ് പോളിഫെനോൾ എന്നിവയാൽ സമ്പുഷ്ടമാണ്. ബെറിപ്പഴങ്ങൾ കഴിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളുടെ ലക്ഷണങ്ങൾ തടയാനും അവ കുറയ്ക്കാനും സഹായിക്കും. ചെറുതും മൃദുവും വൃത്താകൃതിയിലുള്ളതുമായ വിവിധ നിറങ്ങളിലുള്ള പഴങ്ങളാണ് ബെറികൾ ,പ്രധാനമായും നീല, ചുവപ്പ്, അല്ലെങ്കിൽ പർപ്പിൾ എന്നെ നിറങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് മധുരമോ പുളിയോ ഉള്ള രുചിയാണ്. ബെറി പഴങ്ങളിൽ അടങ്ങിയിട്ടുള്ള അന്തോസയാനിൻ എന്ന വർണവസ്തുവാണ് ചുവപ്പ്, നീല, പർപ്പിൾ തുടങ്ങിയ നിറങ്ങൾ ഇവയ്ക്ക് നൽകുന്നത്.ഇവ പലപ്പോഴും പ്രിസർവുകൾ, ജാം,പുഡിങ്ങുകൾ, ഐസ്ക്രീമുകൾ, കേക്കുകൾ, സ്മൂത്തികൾ എന്നിവയിലാണ് ഉപയോഗിക്കാറുള്ളത്.

നിരവധി തരത്തിലുള്ള ബെറിപ്പഴങ്ങൾ നമുക്കുചുറ്റുമുണ്ട്. വ്യത്യസ്ത ബെറിപ്പഴങ്ങൾ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ, പ്രീബയോട്ടിക്സ് എന്നിവ നൽകുകയും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. വേനൽക്കാലത്തു ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഇവ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും പ്രദാനം ചെയ്യുന്നു. നാരുകളുടെ കലവറയായ ഇവ വിശക്കുമ്പോൾ കഴിക്കാൻ പറ്റിയ ഒരു പഴവർഗം കൂടിയാണ്. ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്ന ബെറികൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനും സഹായകരമാണ്. പ്രകൃതിദത്തമായി മധുരം പ്രദാനം ചെയ്യുന്ന ഇവ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്താൻ വലിയ അളവിൽ സഹായിക്കുന്നുണ്ട്. ചർമ്മ സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും ഉപയോഗപ്പെടുന്ന വിവിധ ബെറി പഴങ്ങളെ പരിചയപ്പെടാം.

സ്ട്രോബറികൾ

സ്ട്രോബറികൾ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബെറി പഴങ്ങളിൽ ഒന്നാണ് സ്ട്രോബെറി. ആരോഗ്യ ഗുണങ്ങളില്‍ മുന്‍പന്തിയിലാണ് സ്‌ട്രോബെറിയുടെ സ്ഥാനം. മധുരവും പുളിയും ഇടകലർന്ന രുചിയുള്ള ഈ പഴത്തിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മൂന്നോ നാലോ സ്‌ട്രോബെറി ഏകദേശം 51.5 മില്ലീഗ്രാം വിറ്റമിൻ സി നൽകുന്നുണ്ട്. അതിനാൽ തന്നെ മനുഷ്യ ശരീരത്തിനാവശ്യമായ പ്രതിരോധ ശേഷി നൽകുന്നതിലും മുൻപന്തിയിൽനിൽക്കുന്നു. സ്ട്രോബെറിയിൽ കലോറി കുറവാണ്, ഇവയ്ക്ക് മധുരമുള്ള രുചിയുള്ളതിനാൽ  സ്മൂത്തികൾക്കും, പുഡ്ഡിംഗുകൾക്കും, മറ്റു മധുരമുള്ള ഭക്ഷ്യ വസ്തുക്കൾക്കും ആരോഗ്യകരമായ മധുരം പ്രദാനം ചെയ്യുവാൻ സഹായിക്കുന്നു. 80 ഗ്രാം സ്ട്രോബെറി വെറും 24 കിലോ കലോറി മാത്രമേ നൽകുന്നുള്ളൂ. സ്ട്രോബെറി ഫ്രഷ്, ഫ്രോസൺ, ഫ്രീസ് ഡ്രൈ, ജെല്ലി, ജാം എന്നിവയിൽ ലഭ്യമാണ്. സ്ട്രോബെറിയിലെ പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഒരുപാട് ഗുണകരമാണ്.

ബ്ളൂബറികൾ

ബ്ലൂബെറി

കടും നീലനിറത്തിൽ കാണപ്പെടുന്ന ഭക്ഷ്യയോഗ്യമായ പഴമാണ് ബ്ലൂബെറി. ബ്ലൂബെറികളെ പലപ്പോഴും "സൂപ്പർഫുഡ്" എന്നാണ് വിശേഷിപ്പിക്കുന്നത്. പോഷകങ്ങൾ നിറഞ്ഞ ബ്ലൂ ബെറികൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം തടയാനും ഓർമശക്തി മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, പ്രമേഹം, അമിതവണ്ണം എന്നിവക്കുള്ള സാധ്യതയും തടയുന്നു. മധുരവും പുളിയുമുള്ള സ്വാദും ഉള്ളിൽ വിത്ത് കാണപ്പെടാത്തതിനാലും ബ്ലൂബെറി വളരെ ജനപ്രിയമായ ഒരു പഴമാണ്. ബ്ലൂബെറിയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ബ്ലൂബെറിയിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും രക്തം കട്ടപിടിക്കുന്നതിനും ഈ വിറ്റാമിൻ പ്രധാനമാണ്. ബ്ലൂബെറിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.

ക്രാൻ ബെറി


നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒരു ഫ്രൂട്ട് ആണ് ക്രാൻബെറി. ചെറിയ പുളിയാണ് ക്രാൻബെറിയുടെ രുചി. ക്രാൻബെറികളിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് . വിറ്റാമിൻ സി, ഇ, മാംഗനീസ്, കോപ്പർ തുടങ്ങിയവ ശരീരത്തിന് വളരെ ഉപകാരപ്രദമാണ് . യു ടി ഐ (മൂത്രാശയ അണുബാധ) തടയുന്നതിൽ ക്രാൻബെറികൾ വളരെയധികം സഹായകരമാണ്. ക്രാൻബെറികളിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അവ അണുബാധയെ തടയാൻ സഹായിക്കും. ക്രാൻബെറിയിൽ അടങ്ങിയിട്ടുള്ള പ്രോന്തോസയാനിഡിൻസ് എന്ന സംയുക്തങ്ങളിൽ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, കൂടാതെ മൂത്രാശയത്തിൻ്റെ ഉപരിതലത്തിൽ എസ്ഷെറിച്ചിയ കോളി (ബാക്ടീരിയ) വികസിക്കുന്നത് തടയുന്നു.

ബ്ലാക്ക് ബെറികൾ

ബ്ലാക്ബെറി


കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട നാരിൻ്റെ മൂന്നിലൊന്നും ബ്ലാക്ക് ബെറി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കും. ഒരു കപ്പ് ഫ്രെഷ് ബ്ലാക്ക്‌ബെറിയിൽ എട്ട് ഗ്രാം നാരും 60 കലോറിയുമടങ്ങിയിട്ടുണ്ട്. ദഹനാരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ചർമ്മം, ഉറക്കം, മാനസികാരോഗ്യം ഇവയ്‌ക്കെല്ലാം ബ്ലാക്ക് ബെറി ശീലമാക്കുന്നത് നല്ലതാണ്. ഇത് രക്തം കട്ടപിടിക്കാന്‍ സഹായിക്കുകയും എല്ലുകളുടെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുകയും ചെയ്യും. മധുരം ഏറ്റവും കുറഞ്ഞ പഴങ്ങളായ ബ്ലാക്ക്‌ബെറികള്‍ ഇന്‍സുലിന്‍ അളവ് നിയന്ത്രിച്ചു നിർത്താനും സഹായകരമാണ്.

English Summary: Health benefits of berries
Published on: 08 April 2024, 03:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now