മലയാളികളുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായ സുഗന്ധവ്യഞ്ജനം ഏതാണെന്ന് ചോദിച്ചാൽ, അത് ഏലയ്ക്കയാണെന്നായിരിക്കും പലരുടെയും ഉത്തരം. നമ്മുടെ ഭക്ഷണശൈലിയിൽ മിക്ക വിഭവങ്ങളിലും കൂടാതെ, പാനീയത്തിലും ചേർക്കുന്ന ഭക്ഷ്യവിഭവമാണിത്. രുചിയിലെയും മണത്തിലെയും മേന്മ പോലെ തന്നെ ആരോഗ്യ ഗുണങ്ങൾ തരുന്നതിലും അത്യധികം ഫലപ്രദമാണ് ഇത്തിരിക്കുഞ്ഞൻ ഏലയ്ക്ക.
പ്രമേഹ രോഗങ്ങൾക്കും അമിതവണ്ണത്തിനുമടക്കം പലവിധ പ്രതിവിധിയാണ് ഏലയ്ക്ക ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നത് വഴി ലഭിക്കുന്നത്.
എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക വെള്ളം. ദിവസവും ചൂടുവെള്ളത്തിൽ അൽപം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും അകറ്റാനാകും. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കും.
വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം എന്നിവയും പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു മരുന്നാണ് ഏലയ്ക്ക വെള്ളം. ഏലം അഥവാ ഏലയ്ക്ക എന്ന് വിളിയ്ക്കുന്ന കേരളത്തിന്റെ പ്രിയപ്പെട്ട സുഗന്ധ വ്യജ്ഞനം പാനീയത്തിലൂടെ എങ്ങനെ ആഹാരശൈലിയിൽ ഉൾപ്പെടുത്താമെന്നും, അവ എങ്ങനെ ശരീരത്തിന് ഗുണം ചെയ്യുമെന്നും പരിചയപ്പെടാം.
ഏലയ്ക്ക വെള്ളത്തിന്റെ ഗുണങ്ങൾ
ദിവസേന അതിരാവിലെ ഏലക്കാ വെള്ളം കുടിക്കുന്നത് പതിവാക്കിയാൽ, ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിക്കാൻ സാധിക്കും. ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനും ആമാശയത്തിലെ ഗ്യാസ് ട്രബിൾ പോലുള്ള ബുദ്ധിമുട്ടുകൾക്കും ഇത് ശാശ്വത പരിഹാരമാണ്. അതിനാൽ തന്നെ മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്കും ഏലയ്ക്ക വെള്ളവും ചായയും സഹായകരമാകും.
ഉയർന്ന രക്തസമ്മർദത്തിന് എതിരെയും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഏലയ്ക്ക ഇട്ട വെള്ളം പ്രവർത്തിക്കുന്നു. ലൈംഗികശേഷി വർധിപ്പിക്കുന്നതിന് ഇത് ഫലപ്രദമാണ്. കൂടാതെ, ഏലയ്ക്ക ചേർത്ത് തിളപ്പിച്ച വെള്ളം പുരുഷന്മാർ ശീലമാക്കിയാൽ, ബീജ ഉൽപ്പാദനത്തിന് ഗുണകരമാണ്.
വിറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു കൂടിയാണ് ഏലയ്ക്ക. ശരീരത്തിന് പ്രതിരോധശേഷി നൽകുമെന്നതിന് പുറമെ, ഹൃദ്രോഗങ്ങളെ തടയാനും ഏലയ്ക്കയ്ക്ക് സാധിക്കും.
ഇതിന് പുറമെ, ആഹാരം കഴിച്ച ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായിൽ പുതുമയാർന്ന സുഗന്ധം പകരാനും, വായ്‌നാറ്റം ഒഴിവാക്കാനും സഹായിക്കും.
ഏലയ്ക്ക വെള്ളം തയ്യാറാക്കുന്ന വിധം
നാലോ അഞ്ചോ ഏലയ്ക്ക ചതച്ചെടുക്കുക. അവയിൽ നിന്ന് വിത്തുകൾ പൂർണമായും വേർതിരിച്ചെടുക്കണം. വേർതിരിച്ചെടുത്ത വിത്തുകളും തൊലിയും നിങ്ങൾക്ക് ആവശ്യമായ വെള്ളത്തിലേക്ക് ചേർക്കുക. ഈ വെള്ളം രാത്രി മുഴുവൻ അടച്ചുവച്ച് സൂക്ഷിക്കണം. രാവിലെ ഉറക്കമുണർന്നാൽ ഉടനെ ഈ വെള്ളം കുടിക്കാവുന്നതാണ്.
ഏലയ്ക്ക ചായ തയ്യാറാക്കുന്ന വിധം
കറുവാപ്പട്ടയും ഏലയ്ക്കയും ചേർത്ത് രുചിയും ഗുണവുമുള്ള ചായ ഉണ്ടാക്കാം. ഇതിനായി 4 കപ്പ് വെള്ളത്തിൽ ഏലയ്ക്കയും തേയിലയും ഇട്ട് തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിക്കണം. ശേഷം ഒരിഞ്ച് നീളത്തില്‍ കറുവാപ്പട്ട ചേർക്കാം. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചായ പാകമാക്കി, ചൂട് കുറഞ്ഞ ശേഷം കുടിയ്ക്കുക.