ഭക്ഷണത്തില്‍ രുചിയ്ക്കും മണത്തിനുമായി നമ്മള്‍ മിക്കവാറും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. കാരയാമ്പൂ മരത്തില്‍ നിന്ന് ലഭിക്കുന്ന പൂവുകളുടെ മൊട്ടുകളെയാണ് യഥാര്‍ത്ഥത്തില്‍ ഗ്രാമ്പൂ എന്ന് പറയുന്നത്.
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് ഈ കുഞ്ഞന്‍ സുഗന്ധവ്യജ്ഞനത്തില്‍. വിദേശവിപണിയിലും ഏറെ ഡിമാന്റാണ് ഗ്രാമ്പൂവിനുളളത്.
കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് യൂജെനോള്‍. ഇത് ഗ്രാമ്പുവില്‍ അടങ്ങിയിരിക്കുന്നു. രാത്രിയില്‍ ഭക്ഷണശേഷം ഗ്രാമ്പൂ കഴിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്
പ്രമേഹം തടയാന്‍ സഹായിക്കുന്ന നൈജറിസിന്‍ സംയുക്തം ഗ്രാമ്പൂവില്‍ അടങ്ങിയിട്ടുണ്ട്. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഏറെ നല്ലതാണ്.
പല്ല് വേദന കുറയുന്നതിന് ഗ്രാമ്പൂ വായിലിട്ട് വേദനയുളള ഭാഗത്ത് കടിച്ചുപിടിച്ചാല്‍ നല്ല ആശ്വാസം ലഭിക്കും. ഗ്രാമ്പൂ പുറത്തുവിടുന്ന എണ്ണ വേദനയെ ചെറുക്കാന്‍ സഹായകമാണ്. കഠിനമായ പല്ല് വേദനയാണെങ്കില്‍ ഗ്രാമ്പൂ ചതച്ച് പൊടിച്ചത് പല്ലില്‍ വയ്ക്കാവുന്നതാണ്.
തൊണ്ട വേദനയ്ക്കും ചുമയ്ക്കും പറ്റിയ നല്ലൊരു മരുന്ന് കൂടിയാണിത്. ഗ്രാമ്പൂ അല്‍പം ഉപ്പുമായി ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടവേദന മാറാന്‍ സഹായകമാണ്.
ചര്‍മ്മസംബന്ധമായ അണുബാധകള്‍, അലര്‍ജികള്‍ എന്നിവയെ ഗ്രാമ്പൂ പ്രതിരോധിക്കും. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാനും ഉത്തമമാണ്. ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് ഗ്രാമ്പു. കണ്ണുകള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള പ്രധാന പോഷകമാണ് ബീറ്റാ കരോട്ടിന്‍.
തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നല്ല രീതിയില്‍ ഗ്രാമ്പൂ ഉത്പാദിപ്പിക്കുന്നുണ്ട്. കടലോര പ്രദേശങ്ങളിലെ മണല്‍ നിറഞ്ഞ മണ്ണില്‍ ഒഴികെ മറ്റെല്ലായിടത്തും ഗ്രാമ്പൂ വളരും. ഗ്രാമ്പൂ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയം ജൂണ്‍-ജൂലൈ മാസങ്ങളാണ്.ഭക്ഷണസാധനങ്ങള്‍ക്ക് സുഗന്ധം പകരുന്ന ഗ്രാമ്പൂവിന്റെ ഒരു ചെടി വീട്ടുപറമ്പിലും നമുക്ക് വളര്‍ത്താവുന്നതാണ്.