പോഷകങ്ങൾ അടങ്ങിയ ഭക്ഷണം പോലെ തന്നെ ആരോഗ്യകരമായ ജീവിതത്തിന് ഉറക്കവും വളരെ ആവശ്യമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രിയില്‍ ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയാണ് ഇന്‍സോംനിയ. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. മാനസിക പിരിമുറുക്കവും ആശങ്കയുമാണ് ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന പൊതുഘടകങ്ങള്‍. കൂടാതെ ചില രോഗാവസ്ഥയും മറ്റും ഉറക്കമില്ലായ്മ സൃഷ്ടിക്കാറുണ്ട്. ഇതികൂടാതെ ഏറെ നേരം ടെലിവിഷന്‍ കാണുന്നതും കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ ഉപയോഗിക്കുന്നതും ഉറക്കത്തെ ബാധിക്കും.
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ആരോഗ്യത്തിനുണ്ടാകുന്ന ദോഷങ്ങൾ
- ഉറക്കമില്ലായ്മ ഹൃദയത്തിന്‍റെ ആരോഗ്യത്തെ പോലും മോശമായി ബാധിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കക്കുറവ് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാവുകയും ഹൃദയമിടുപ്പ് വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു. അമിതമായി ഉറങ്ങുന്നവരിലും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രകൃതിദത്ത വഴികൾ എന്തൊക്കെ?
- ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പോലും ദുർബലപ്പെടുത്താം. തന്മൂലം എപ്പോഴും ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്.
- ദിവസവും ആറുമണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്ക് അമിതഭാരം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പു കുറയ്ക്കുന്ന ഹോർമോൺ ആയ ലെപ്റ്റിന്റെ അളവ് കുറവായിരിക്കും.
- വിഷാദം, ഉത്കണ്ഠ എന്നിവ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാനും ഉറക്കമില്ലായ്മ കാരണമാകുന്നു.
- ഉറക്കമില്ലായ്മ ചർമ്മത്തെയും ദോഷകരമായി ബാധിക്കുന്നു. പ്രായമാകല്‍, ചര്‍മ്മത്തിന് തിളക്കമില്ലായ്മ തുടങ്ങിയവ ഉണ്ടാകാം.
പരിഹാരം
ഉറക്കക്കുറവിന് കാരണമായ ഘടകങ്ങള്‍ കണ്ടെത്തുകയാണ് പ്രധാന പരിഹാര മാര്‍ഗ്ഗം. തുടര്‍ന്ന് ജീവിതശൈലിയും ശീലങ്ങളും മാറ്റി ഉറക്കം വീണ്ടെടുക്കലുമാണ് ചെയ്യേണ്ടത്.