ഒരു കപ്പ് ചായയിൽ നിന്ന് ദിവസം തുടങ്ങുന്ന ശീലമാണ് മലയാളിക്കുള്ളത്. രാവിലെ ഒരു കപ്പ് ചായ കുടിക്കുന്നത് ശരീരത്തിനും മാനസിക ഉന്മേഷത്തിനും നല്ലതാണ്. എന്നാൽ ഒരു ദിവസം ഒന്നിൽ കൂടുതൽ കപ്പ് ചായ കുടിക്കുന്നത് ഗുരുതരമായ പല പ്രശ്‌നങ്ങൾക്കും കാരണമാകും.
അതിനാൽ തന്നെ ഒരു ദിവസം എത്ര പ്രാവശ്യം ചായ കുടിക്കുന്നതാണ് നല്ലതെന്നത് തീർച്ചയായും അറിഞ്ഞിരിക്കണം.
ദിവസവും 3 മുതൽ 4 കപ്പ് ചായ കുടിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രമുഖ ഡയറ്റീഷ്യൻ കാമിനി കുമാരി പറയുന്നു.
യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഒരു ദിവസം 4 കപ്പ് ചായ കുടിക്കുന്നത് ശരീരത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കും. ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കമില്ലായ്മ, തലകറക്കം, നെഞ്ചെരിച്ചിൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് ചായ അമിതമായി കുടിക്കരുത്.
ബന്ധപ്പെട്ട വാർത്തകൾ : മനോഹരമായ ചർമ്മങ്ങൾക്ക് വേണം ബോഡി സ്‌ക്രബുകൾ
1 ദിവസം എത്ര കപ്പ് ചായ കുടിക്കണം
ഒരു ദിവസം 1 മുതൽ 2 കപ്പ് വരെ ചായ കുടിക്കാമെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് തൊണ്ടവേദന, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, രണ്ടോ മൂന്നോ കപ്പ് ഹെർബൽ ടീ കുടിക്കാം. എന്നാൽ പഞ്ചസാര ചേർത്ത ചായ ഇത്രയധികം കുടിക്കുന്നത് അത്ര നല്ലതല്ല.
ചായ അമിതമായാലുള്ള ദോഷങ്ങൾ
അമിതമായ അളവിൽ ചായ കുടിക്കുന്നത് പല പ്രശ്‌നങ്ങൾക്കും കാരണമാകും. ശരീരത്തിൽ നിർജ്ജലീകരണം എന്ന പ്രശ്നത്തിലേക്ക് ഇത് നയിക്കും. ശരീരകോശങ്ങളില്‍ നിന്ന് ജലത്തെ പുറന്തള്ളുന്നതിന് ചായ അധികമായി കുടിക്കുന്നത് കാരണമാകും.
ശരീരത്തിന് നഷ്ടമായ ജലം വീണ്ടെടുക്കാന്‍ പിന്നീട് നമുക്ക് ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നു. ഒരുപക്ഷേ ശരീരം നമ്മളറിയാതെ തന്നെ അധിക ഭക്ഷണം ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടാകുന്നു. ഇത് വയറ് ചാടുന്നതിലേക്കോ ശരീരഭാരം അമിതമാകുന്നതിലേക്കോ നയിക്കുന്നു.
മാത്രമല്ല, ചായ കൂടുതൽ കുടിച്ചാൽ എല്ലുകൾക്ക് ബലം കുറഞ്ഞു തുടങ്ങും. കൂടാതെ ചായയിൽ അടങ്ങിയിരിക്കുന്ന ചില മൂലകങ്ങൾ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് കുറയ്ക്കുന്നതിനും വഴി വയ്ക്കും.
നാലോ അഞ്ചോ തവണ ദിവസേന ചായ കുടിച്ചാൽ അത് അസിഡിറ്റിയിലേക്കും ഗ്യാസ് പ്രശ്നങ്ങളിലേക്കും നയിക്കും. ചായയിൽ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന ആന്റി ഓക്‌സിഡന്റാണ് അസിഡിറ്റിക്ക് കാരണമാകുന്നത്. അതിനാൽ തന്നെ അമിതമായി ചായ കുടിക്കുന്നവരെ ഗ്യാസ് ട്രെബിൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കുന്നു.
ശരീരത്തിന് പലപ്പോഴും ദോഷകരമാകുന്നതാണ് ചായ. ഇതിലുള്ള കഫീന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും ഇത് ഉത്കണ്ഠ പോലുള്ള മാനസിക അസ്വസ്ഥതകളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും. ഇതുകൂടാതെ, ഹൃദയസ്പന്ദനത്തിന്റെ അളവില്‍ ക്രമാതീതമായ വര്‍ധനവ് സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.